മോയിന്‍ അലിയുടെ 'ഫ്രീ ഹിറ്റ്' മുതല്‍ ഹര്‍ദ്ദികിന്റെ 'ഹിറ്റ് വിക്കറ്റ്' വരെ; 'ചിരി' പടര്‍ത്തിയ വിചിത്രമായ പുറത്താകലുകള്‍

മോയിന്‍ അലിയുടെ ഫ്രീ ഹിറ്റ് മുതല്‍ ഹര്‍ദ്ദികിന്റെ ഹിറ്റ് വിക്കറ്റ് വരെ; 'ചിരി' പടര്‍ത്തിയ വിചിത്രമായ പുറത്താകലുകള്‍
മോയിന്‍ അലിയുടെ 'ഫ്രീ ഹിറ്റ്' മുതല്‍ ഹര്‍ദ്ദികിന്റെ 'ഹിറ്റ് വിക്കറ്റ്' വരെ; 'ചിരി' പടര്‍ത്തിയ വിചിത്രമായ പുറത്താകലുകള്‍

അബുദാബി: സംഭവ ബഹുലമായ ഒരു ഐപിഎല്‍ സീസണിന് കൂടി തിരശ്ശീല വീഴാന്‍ പോകുകയാണ്. കിരീടത്തിനായി നാളെ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. മുംബൈ അഞ്ചാം കിരീടം നേടാന്‍ ഒരുങ്ങുമ്പോള്‍ ഡല്‍ഹി തങ്ങളുടെ കന്നി കിരീട നേട്ടമാണ് സ്വപ്‌നം കാണുന്നത്. ഐപിഎല്ലിന്റെ ചരിത്രത്തിലാദ്യമായാണ് ഡല്‍ഹി ഫൈനലിലെത്തുന്നത്. 

സൂപ്പര്‍ ഓവര്‍ പോരാട്ടങ്ങള്‍, ആവേശവും പിരിമുറുക്കവും അങ്ങേയറ്റം എത്തിച്ച സൂപ്പര്‍ മത്സരങ്ങള്‍, ഞെട്ടിക്കുന്ന തിരിച്ചുവരവുകള്‍, നിരാശപ്പെടുത്തുന്ന തകര്‍ച്ചകള്‍ തുടങ്ങി ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇത്ര തീവ്രതയുള്ളൊരു ടൂര്‍ണമെന്റ് മുന്‍പ് ഉണ്ടായിട്ടില്ലെന്ന് നിസംശ്ശയം പറയാന്‍ കഴിയുന്ന സീസണാണ് അതിന്റെ അവസാന ദിവസത്തില്‍ എത്തി നില്‍ക്കുന്നത്. ആര് കിരീടം നേടിയാലും ഇരു ടീമുകളുടേയും ടൂര്‍ണമെന്റിലെ മുന്നേറ്റത്തിന് ചേര്‍ന്ന കാവ്യ നീതിയായി അത് മാറും. 

ഈ ഐപിഎല്ലിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു വിചിത്രമായ ഔട്ടുകള്‍. മോയിന്‍ അലിയുടെ ഫ്രീ ഹിറ്റ് റണ്ണൗട്ട് മുതല്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ ഹിറ്റ് വിക്കറ്റ് വരെ നീളുന്ന അത്തരം ചില ഔട്ടുകള്‍ കാണികള്‍ക്ക് തമാശയും സമ്മാനിച്ചു. 

നിര്‍ഭാഗ്യവാന്‍ വാര്‍ണര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ പോരാട്ടത്തിലാണ് നോണ്‍സ്‌ട്രൈക്ക് എന്‍ഡില്‍ നിന്നുള്ള ഹൈദരാബാദ് നായകന്‍ വാര്‍ണറുടെ പുറത്താകല്‍. ഉമേഷ് യാദവ് എറിഞ്ഞ പന്തില്‍ ബെയര്‍‌സ്റ്റോ ഷോട്ടിന് ശ്രമിച്ചപ്പോള്‍ പന്ത് നേരെ അടിച്ചത് ഉമേഷിന്റെ കൈകളിലേക്ക്. ഉമേഷിന്റെ കൈയില്‍ തട്ടി ക്യാച് നഷ്ടപ്പെട്ടെങ്കിലും പന്ത് നേരെ കൊണ്ടത് ബൗളറുടെ വശത്തെ സ്റ്റംപില്‍. ഈ സമയത്ത് വാര്‍ണര്‍ ക്രീസിന് പുറത്തായിരുന്നു. 

സ്വയം കുഴിതോണ്ടിയ പന്തിന്റെ അശ്രദ്ധ

രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരില്‍ ഡല്‍ഹി താരം റിഷഭ് പന്തിന്റെ പുറത്താകലാണ് മറ്റൊന്ന്. സ്റ്റോയിനിസുമൊത്ത് ബാറ്റ് ചെയ്യവേ നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലുണ്ടായിരുന്ന പന്ത് അശ്രദ്ധമായി ഓടിയപ്പോള്‍ സ്‌റ്റോയിനിസ് ക്രീസില്‍ തന്നെ നിന്നു. സ്‌റ്റോയിനിസ് അടിച്ച പന്ത് തൊട്ടടുത്ത് നിന്ന് മനന്‍ വോറ പിടിച്ചത് പന്ത് ശ്രദ്ധിച്ചിരുന്നില്ല. അപ്പേഴേക്കും പന്ത് ക്രീസിന്റെ കാല്‍ ഭാഗം പിന്നിട്ടിരുന്നു. പന്ത് പെട്ടെന്ന് തന്നെ രാഹുല്‍ തെവാടിയക്ക് കൈമാറാന്‍ വോറയ്ക്ക് സാധിച്ചു. തെവാടിയ പന്തിന് മടക്കുകയും ചെയ്തു. 

ബാറ്റ് കൊണ്ട് സ്റ്റംപിളക്കി ഹര്‍ദ്ദിക്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ പോരാട്ടത്തിലാണ് മുംബൈ ഇന്ത്യന്‍സ് താരം ഹര്‍ദിക് പാണ്ഡ്യ ബാറ്റ് കൊണ്ട് സ്റ്റംപില്‍ തൊട്ട് സ്വയം പുറത്തായത്. ആന്ദ്രെ റസ്സലിന്റെ പന്തില്‍ ഷോട്ടിന് ശ്രമിച്ച പാണ്ഡ്യയുടെ ബാറ്റ് നേരെ കൊണ്ടത് സ്റ്റംപില്‍. പവലിയനിലേക്ക് മടങ്ങുമ്പോള്‍ ആ പുറത്താകല്‍ ആലോചിച്ച് ഹര്‍ദ്ദിക് സ്വയം ചിരിക്കുന്നുണ്ടായിരുന്നു. 

ഒരു പന്തില്‍ രണ്ട് തരത്തില്‍ ഔട്ടായി റാഷിദ്

ഹര്‍ദ്ദിക് പുറത്തായത് ബാറ്റ് കൊണ്ട് സ്റ്റംപിളക്കിയാണെങ്കില്‍ ഹൈദരാബാദ് സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്റെ ഹിറ്റ് വിക്കറ്റ് കാലുകൊണ്ടായിരുന്നു. അവിടെയും തീര്‍ന്നില്ല റാഷിദിന്റെ നിര്‍ഭാഗ്യം. ഒരു പന്തില്‍ രണ്ട് തരത്തിലാണ് റാഷിദ് പുറത്തായത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലാണ് റാഷിദിന്റെ പുറത്താകല്‍. ദീപക് ചഹറിന്റെ പന്തില്‍ കൂറ്റന്‍ ഷോട്ട് പറത്തിയ റാഷിദിന്റെ കാല്‍ നീണ്ട് സ്റ്റംപില്‍ തട്ടി ബെയ്ല്‍ ഇളകിയിരുന്നു. നീട്ടിയടിച്ച പന്ത് ക്യാച്ചാവുകയും ചെയ്തു. 

ഫ്രീ ഹിറ്റില്‍ റണ്ണൗട്ടായ ഹതഭാഗ്യന്‍ മോയിന്‍

റോയല്‍ ചലഞ്ചേഴ്‌സിന്റെ ഇംഗ്ലണ്ട് താരം മോയിന്‍ അലിയായിരിക്കും ക്രിക്കറ്റ് ലോകം സമീപ കാലത്ത് കണ്ട ഏറ്റവും ഹതഭാഗ്യനായ താരം. ക്രീസിലെത്തിയ ഉടനെ തന്നെ ഒരു ഫ്രീ ഹിറ്റ് ലഭിച്ചിട്ടും അതില്‍ റണ്ണൗട്ടായി പുറത്താകാനായിരുന്നു മോയിന്‍ അലിയുടെ വിധി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ നിര്‍ണായക എലിമിനേറ്റര്‍ പോരാട്ടത്തിലായിരുന്നു മോയിന്‍ അലിയുടെ പുറത്താകല്‍. ഷഹബാസ് നദീമിന്റെ പന്തിലാണ് ക്രീസിലെത്തിയ ഉടനെ താരത്തിന് ഫ്രീ ഹിറ്റ് കിട്ടിയത്. എന്നാല്‍ ഈ പന്തില്‍ ഫോറും സിക്‌സും അടിക്കാന്‍ സാധിച്ചില്ല എന്നു മാത്രമല്ല ഒരു റണ്‍സിനായി ഓടി അത് മുഴുമിപ്പിക്കാന്‍ പോലും സാധിക്കാതെ റണ്ണൗട്ടായി പുറത്താകേണ്ടിയും വന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com