'മറ്റുള്ളവരുടെ ജോലിയില്‍ തലയിടുന്നു; എല്ലാം അറിയാം എന്ന വിചാരമാണോ?'- ഗാംഗുലിക്കെതിരെ വെങ്‌സര്‍ക്കാര്‍

'മറ്റുള്ളവരുടെ ജോലിയില്‍ തലയിടുന്നു; എല്ലാം അറിയാം എന്ന വിചാരമാണോ?'- ഗാംഗുലിക്കെതിരെ വെങ്‌സര്‍ക്കാര്‍
'മറ്റുള്ളവരുടെ ജോലിയില്‍ തലയിടുന്നു; എല്ലാം അറിയാം എന്ന വിചാരമാണോ?'- ഗാംഗുലിക്കെതിരെ വെങ്‌സര്‍ക്കാര്‍

മുംബൈ: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരവും ചീഫ് സെലക്ടറുമായിരുന്ന ദിലീപ് വെങ്‌സര്‍ക്കാര്‍. ഗാംഗുലി മറ്റുള്ളവരുടെ അധികാര പരിധിയില്‍ തലയിടുകയാണെന്ന് വെങ്‌സര്‍ക്കാര്‍ ആരോപിച്ചു. ചീഫ് സെലക്ടര്‍, ഐപിഎല്‍ ചെയര്‍മാന്‍ തുടങ്ങിയവര്‍ ചെയ്യേണ്ട ജോലികള്‍ ഗാംഗുലി സ്വയം ഏറ്റെടുത്ത് ചെയ്യുകയാണ്. അവര്‍ വിശദീകരിക്കേണ്ട കാര്യങ്ങള്‍ അവര്‍ക്കു വിട്ടുകൊടുക്കുകയാണ് ഗാംഗുലി ചെയ്യേണ്ടതെന്ന് വെങ്‌സര്‍ക്കാര്‍ വ്യക്തമാക്കി. 

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് രോഹിത് ശര്‍മയെ മാറ്റിനിര്‍ത്തിയ സംഭവത്തിലുള്‍പ്പെടെ ഗാംഗുലി നടത്തിയ പരസ്യ പ്രസ്താവനകളാണ് വെങ്‌സര്‍ക്കാറെ ചൊടിപ്പിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഉയര്‍ന്നപ്പോള്‍, ഐപിഎല്‍ ചെയര്‍മാനു പകരം വിശദീകരണങ്ങള്‍ നല്‍കിയത് ഗാംഗുലിയാണ്. ഇക്കാര്യവും എടുത്തു പറഞ്ഞാണ് വെങ്‌സര്‍ക്കാറിന്റെ വിമര്‍ശനം. 

'ഗാംഗുലി ഒരേ സമയം ഒട്ടേറെപ്പേരുടെ ജോലികള്‍ ചെയ്യുന്നത് വിസ്മയിപ്പിക്കുന്നു. ചില സമയത്ത് അദ്ദേഹം ചീഫ് സെലക്ടര്‍ സുനില്‍ ജോഷി പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് പറയും. എന്തുകൊണ്ടാണ് 'എക്‌സ്' ടീമിലില്ലാതെ പോയത്, 'വൈ' ടീമിനു പുറത്തായത്, 'സെഡ്' ടീമിലേക്ക് പരിഗണിക്കപ്പെടാതെ പോയത് എന്നെല്ലാം അദ്ദേഹമാണ് വിശദീകരിക്കുന്നത്. ഐപിഎല്‍ വേദികളും സമയക്രമവുമെല്ലാം ചര്‍ച്ചയായ സമയത്ത്, ഐപിഎല്‍ ചെയര്‍മാന്‍ പറയേണ്ടതെല്ലാം പറഞ്ഞതും ഗാംഗുലി തന്നെ. ഓരോ കാര്യങ്ങളിലും തീരുമാനങ്ങളെടുക്കാനും അത് വേണ്ടവിധം വിശദീകരിക്കാനും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവര്‍ ഉള്ളപ്പോഴാണ് ഗാംഗുലിയുടെ ഈ രീതി. മറ്റുള്ളവരുടെ വിശ്വാസ്യതയെ അദ്ദേഹം വിലകുറച്ചു കാണുകയാണോ? അതോ മറ്റുള്ളവരേക്കാള്‍ കൂടുതലായി എല്ലാം തനിക്കറിയാമെന്നാണോ ഗാംഗുലി കരുതുന്നത്'- വെങ്‌സര്‍ക്കാര്‍ ചോദിച്ചു.

ക്രിക്കറ്റ് ഭരണം എല്ലാക്കാലത്തും മുന്‍ താരങ്ങളാണ് ചെയ്യേണ്ടതെന്ന അഭിപ്രായക്കാരനാണ് താനെന്നും വങ്‌സര്‍ക്കാര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഗാംഗുലിയില്‍ നിന്ന് വളരെയധികം പ്രതീക്ഷിച്ചു. പക്ഷേ, ഇതുവരെ കണ്ടതെല്ലാം വച്ചു നോക്കുമ്പോള്‍ മനസു മാറ്റേണ്ടിവരുമെന്ന് തോന്നുന്നതെന്നും വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

രോഹിത് ശര്‍മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്രയധികം ചര്‍ച്ചകള്‍ക്ക് വഴിവച്ചതില്‍ ബിസിസിഐയുടെ മെഡിക്കല്‍ സംഘത്തെയും വെങ്‌സര്‍ക്കാര്‍ വിമര്‍ശിച്ചു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പരിക്കിന്റെ പേരില്‍ ബിസിസിഐ ഫിസിയോയുടെ റിപ്പോര്‍ട്ട് പ്രകാരം രോഹിത്തിനെ പുറത്തിരുത്തിയത് വിസ്മയിപ്പിച്ചു. അങ്ങനെയെങ്കില്‍ ഐപിഎലില്‍ കളിക്കാന്‍ മുംബൈ ഇന്ത്യന്‍സിന്റെ ടീം ഫിസിയോ രോഹിത്തിന് അനുമതി നല്‍കിയത് എങ്ങനെയാണ്? രണ്ട് ഫിസിയോമാരുടെ റിപ്പോര്‍ട്ടുകളില്‍ വൈരുധ്യം കടന്നുവരുന്നത് എങ്ങനെയാണെന്നും വെങ്‌സര്‍ക്കാര്‍ ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com