156 റണ്‍സ് മറികടന്നാല്‍ മുംബൈയ്ക്ക് അഞ്ചാമതും കിരീടത്തില്‍ മുത്തമിടാം; ശ്രേയസ് അയ്യര്‍ക്ക് അര്‍ധ സെഞ്ചുറി 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ മുംബൈയ്ക്ക് 157 റണ്‍സ് വിജയ ലക്ഷ്യം.
156 റണ്‍സ് മറികടന്നാല്‍ മുംബൈയ്ക്ക് അഞ്ചാമതും കിരീടത്തില്‍ മുത്തമിടാം; ശ്രേയസ് അയ്യര്‍ക്ക് അര്‍ധ സെഞ്ചുറി 

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിന്
157 റണ്‍സ് വിജയ ലക്ഷ്യം. തുടക്കത്തില്‍ വിക്കറ്റ് നഷ്ടപ്പെട്ട് പതറിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഋഷഭ് പന്തും ശ്രേയസ് അയ്യരും ചേര്‍ന്നാണ് രക്ഷിച്ചത്. ശ്രേയസ് അയ്യര്‍ പുറത്താകാതെ 65 റണ്‍സ് നേടി. 56 റണ്‍സ് നേടിയ ഋഷദ് പന്ത് ശ്രേയസിന് മികച്ച പിന്തുണ നല്‍കി.

ടോസ് നേടിയ ഡല്‍ഹി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കളിയുടെ ആദ്യ പന്തില്‍ തന്നെ സ്‌റ്റോയിനിസിനെ ഡല്‍ഹിക്ക് നഷ്ടമായി. തുടര്‍ന്ന് തുടരെ രണ്ട് വിക്കറ്റുകള്‍ കൂടി പോയി തകര്‍ച്ച നേരിട്ട ഡല്‍ഹിയെ ശ്രേയസ് അയ്യര്‍- ഋഷഭ് പന്ത് കൂട്ടുക്കെട്ട് രക്ഷിക്കുകയായിരുന്നു.

രണ്ടുവിക്കറ്റുകള്‍ വീഴത്തി ട്രെന്റ് ബോള്‍ട്ടാണ് ഡല്‍ഹിയെ തുടക്കത്തില്‍ തകര്‍ത്തത്. കഴിഞ്ഞ മത്സരത്തിലെന്നപോലെ ഈ കളിയിലും ശിഖര്‍ ധവാനും സ്‌റ്റോയിനിസും ചേര്‍ന്നാണ് ഡല്‍ഹിയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങിയത്. എന്നാല്‍ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ സ്‌റ്റോയിനിസിനെ പുറത്താക്കി ട്രെന്റ് ബോള്‍ട്ട് ഡല്‍ഹിയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. ഒരു ഐ.പി.എല്‍ ഫൈനലില്‍ ഇതാദ്യമായാണ് ഒരു ബാറ്റ്‌സ്മാന്‍ മത്സരത്തിലെ ആദ്യ ബോളില്‍ തന്നെ പുറത്താകുന്നത്. 

സ്‌റ്റോയിനിസിന് പകരം ക്രീസിലെത്തിയത് അജിങ്ക്യ രഹാനെയാണ്. ധവാന്‍ ഒരു വശത്ത് നന്നായി ബാറ്റ് ചെയ്‌തെങ്കിലും രഹാനെയ്ക്ക് തിളങ്ങാനായില്ല. വെറും രണ്ട് റണ്‍സെടുത്ത താരത്തെ പുറത്താക്കി ബോള്‍ട്ട് രണ്ടാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. 

നാലാം ഓവറില്‍ ഫോമിലുള്ള ധവാന്‍ പുറത്തായതോടെ ഡല്‍ഹി അപകടം മണത്തു. 14 റണ്‍സെടുത്ത ധവാനെ ജയന്ത് യാദവ് ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. പിന്നീട് ഒത്തുചേര്‍ന്ന നായകന്‍ ശ്രേയസ് അയ്യരും ഋഷഭ് പന്തും ചേര്‍ന്ന് സ്‌കോര്‍ ചലിപ്പിക്കാന്‍ തുടങ്ങി. ശ്രേയസ് അനായാസേന ബാറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ എട്ടാം ഓവറില്‍ സ്‌കോര്‍ 50 കടന്നു. 

കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ ഡല്‍ഹി നിലനിര്‍ത്തി. മുംബൈയില്‍ ഒരു മാറ്റമാണുള്ളത്. രാഹുല്‍ ചാഹറിന് പകരം ജയന്ത് യാദവ് ടീമിലിടം നേടി.

രോഹിത് ശര്‍മ നയിക്കുന്ന മുംബൈ നിലവിലെ ജേതാക്കളാണ്. നേരത്തേ നാലുവട്ടം കിരീടം നേടി. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹിക്ക് ഇത് ആദ്യ ഫൈനല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com