പെര്‍ഫക്ട് ടീം മാന്‍! നായകന് വേണ്ടി വിക്കറ്റ് ത്യജിച്ച സൂര്യകുമാറിന് കയ്യടി 

കലാശക്കൊട്ടില്‍ 20 പന്തില്‍ നിന്ന് 19 റണ്‍സ് നേടി പുറത്തായെങ്കിലും ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി ഒരിക്കല്‍ കൂടി നേടുകയാണ് സൂര്യ
പെര്‍ഫക്ട് ടീം മാന്‍! നായകന് വേണ്ടി വിക്കറ്റ് ത്യജിച്ച സൂര്യകുമാറിന് കയ്യടി 

ദുബായ്: സീസണില്‍ പല വട്ടം സൂര്യകുമാര്‍ യാദവിന്റെ പേര് ചര്‍ച്ചയായിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതെ വന്നപ്പോള്‍, കോഹ് ലിയുടെ സ്ലെഡ്ജിങ്ങില്‍ കുലുങ്ങാതെ വന്നപ്പോള്‍, സ്ഥിരത നിലനിര്‍ത്തി ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് മറുപടി നല്‍കിയപ്പോഴുമെല്ലാം സൂര്യകുമാറിന്റെ പേര് ചര്‍ച്ചയായി...

ഐപിഎല്ലിലെ കലാശക്കൊട്ടില്‍ 20 പന്തില്‍ നിന്ന് 19 റണ്‍സ് നേടി പുറത്തായെങ്കിലും ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി ഒരിക്കല്‍ കൂടി നേടുകയാണ് സൂര്യ. അര്‍ധ സെഞ്ചുറിയോട് അടുത്ത് നില്‍ക്കുന്ന നായകന് വേണ്ടി സ്വന്തം വിക്കറ്റ് ത്യജിച്ചാണ് മുംബൈ ഇന്ത്യന്‍സിന്റെ മൂന്നാം സ്ഥാനക്കാരന്‍ പെര്‍ഫക്ട് ടീം മാന്‍ എന്ന വിശേഷണം നേടുന്നത്. 

തന്റെ നേര്‍ക്ക് എത്തിയ ലെങ്ത് ബോള്‍ രോഹിത് ശര്‍മ ബാക്ക്ഫൂട്ടില്‍ കളിച്ച് മിഡ് ഓഫിലേക്ക് ഇട്ട് റണ്ണിനായി ഓടി. എന്നാല്‍ രോഹിത്തിന്റെ സിംഗിളിനോട് സൂര്യകുമാര്‍ പ്രതികരിച്ചില്ല. എന്നാല്‍ അപ്പോഴേക്കും നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് രോഹിത് ഓടി എത്തിയിരുന്നു. 

ഈ സമയം പ്രവീണ്‍ ദുബെ പിഴവില്ലാതെ വിക്കറ്റ് കീപ്പറിന്റെ കൈകളിലേക്ക് പന്ത് എത്തിച്ചു. ക്രീസ് ലൈനിന് ഉള്ളില്‍ നിന്നിരുന്ന സൂര്യകുമാര്‍ തന്റെ ക്യാപ്റ്റന്റെ വിക്കറ്റ് സംരക്ഷിക്കുന്നതിനായി ക്രീസ് ലൈന്‍ വിട്ടിറങ്ങി. സൂര്യകുമാറിന്റേത് പോലെ ഹൃദയം വേണം എന്നായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ട്വീറ്റ്. 

നായകന്റെ ഭാഗത്തെ പിഴവാണ് എന്ന് അറിഞ്ഞിട്ടും ദേഷ്യമോ മറ്റോ പ്രകടിപ്പിക്കാതെ ക്രീസ് വിട്ട സൂര്യകുമാറിനെ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ് ലെ പ്രശംസിച്ചു. മുന്‍ താരങ്ങളും ക്രിക്കറ്റ് പ്രേമികളും സൂര്യകുമാറിന്റെ പെരുമാറ്റത്തിന് കയ്യടിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com