ഇനി കാൽപ്പന്തുകളിയുടെ പൂരം ; ഐഎസ്എല്ലിന് ഈ മാസം 20 ന്  തുടക്കം

കൊൽക്കത്ത വമ്പൻമാരായ ഈസ്‌റ്റ്‌ ബംഗാളിന്റെയും മോഹൻ ബഗാന്റെയും വരവാണ്‌ ശ്രദ്ധേയം
ഇനി കാൽപ്പന്തുകളിയുടെ പൂരം ; ഐഎസ്എല്ലിന് ഈ മാസം 20 ന്  തുടക്കം

പനാജി: കോവിഡ്‌ ആശങ്കകളെ തോൽപ്പിച്ച ഐപിഎൽ പൂരത്തിന് പിന്നാലെ ഇനി കാൽപ്പന്തുകളിയുടെ ആരവം ഉയരും. ഇന്ത്യൻ സൂപ്പർ ലീഗ്‌ ഫുട്‌ബോൾ പുതിയ പതിപ്പിന് ഈമാസം 20 നി തുടക്കമാകും. ഗോവയിലെ മൂന്ന്‌ സ്‌റ്റേഡിയങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുക. ആദ്യകളി കേരള ബ്ലാസ്‌റ്റേഴ്‌സും എടികെ മോഹൻ ബഗാനും തമ്മിലാണ്‌. കോവിഡ് കണക്കിലെടുത്ത് മൽസരത്തിൽ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കില്ല.  

ഇക്കുറി ഐഎസ്‌എല്ലിന്‌ സവിശേഷതകൾ ഏറെയാണ്‌. കൊൽക്കത്ത വമ്പൻമാരായ ഈസ്‌റ്റ്‌ ബംഗാളിന്റെയും മോഹൻ ബഗാന്റെയും വരവാണ്‌ ശ്രദ്ധേയം. ബഗാൻ എടികെയുമായി ചേർന്ന്‌, എടികെ മോഹൻ ബഗാൻ എന്ന പേരിലാണ്‌ ഇറങ്ങുന്നത്‌. ഇതോടെ ക്ലബുകളുടെ എണ്ണം പതിനൊന്നാകും. മത്സരങ്ങൾ നൂറ്റിപ്പതിനഞ്ചായി വർധിക്കും. കഴിഞ്ഞവർഷം 95 കളികളായിരുന്നു. ആദ്യ റൗണ്ടിൽ ടീമുകൾ രണ്ടു തവണ മാറ്റുരയ്ക്കും. മുന്നിലെത്തുന്ന ആദ്യ നാലു ടീമുകൾ പ്ലേ ഓഫിലെത്തും. സെമി, ഫൈനൽ മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

പകരക്കാരുടെ എണ്ണം അഞ്ചാക്കി വർധിപ്പിച്ചിട്ടുണ്ട്‌. ഒരു ക്ലബ്ബിൽ അഞ്ചുമുതൽ ഏഴുവരെ വിദേശതാരങ്ങളെ ഉൾപ്പെടുത്താം. കളത്തിൽ അഞ്ച്‌ വിദേശതാരങ്ങൾക്കുമാത്രമേ ഇറങ്ങാനാകുള്ളൂ. കേരള ബ്ലാസ്‌റ്റേഴ്‌സ്‌, എടികെ മോഹൻ ബഗാൻ, ഈസ്‌റ്റ്‌ ബംഗാൾ എസ്‌സി, ബംഗളൂരു എഫ്‌സി, എഫ്‌സി ഗോവ, മുംബൈ സിറ്റി എഫ്‌സി, നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌ എഫ്‌സി, ഒഡിഷ എഫ്‌സി, ഹൈദരാബാദ്‌ എഫ്‌സി, ജംഷെഡ്‌പുർ എഫ്‌സി, ചെന്നൈയിൻ എഫ്‌സി എന്നിവയാണ്‌ ടീമുകൾ. കഴിഞ്ഞ സീസണിൽ എടികെയായിരുന്നു ചാമ്പ്യൻമാർ. ഫത്തോർദ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയം, വാസ്‌കോ തിലക്‌ നഗർ സ്‌റ്റേഡിയം, ബാംബൊലിം ജിഎംസി സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ്‌ മത്സരങ്ങൾ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com