ട്വന്റി20 ക്രിക്കറ്റിനെ ഒളിംപിക്സിൽ ഉൾപ്പെടുത്തണം: രാഹുൽ ദ്രാവിഡ്

ഷെഡ്യൂൾ പ്രകാരം ക്രിക്കറ്റിനെ കൂടി ഉൾപ്പെടുത്താൻ സാധിക്കുമെങ്കിൽ, സാധ്യമാവും എങ്കിൽ ക്രിക്കറ്റിനെ ഒളിംപിക്സിന്റെ ഭാ​ഗമാക്കാവുന്നതാണ്
ട്വന്റി20 ക്രിക്കറ്റിനെ ഒളിംപിക്സിൽ ഉൾപ്പെടുത്തണം: രാഹുൽ ദ്രാവിഡ്

ന്യൂഡൽഹി: ഒളിംപിക്സിൽ ട്വന്റി20 ക്രിക്കറ്റിനെ മത്സര ഇനമാക്കണം എന്ന വാദത്തെ തുണച്ച് ഇന്ത്യൻ മുൻ താരം രാഹുൽ ദ്രാവിഡ്. 75 രാജ്യങ്ങൾ ടി20 ക്രിക്കറ്റ് കളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ടി20 ക്രിക്കറ്റിനെ ഒളിംപിക്സിൽ മത്സര ഇനമാക്കുന്നത് ​ഗുണം ചെയ്യുമെന്ന് ദ്രാവിഡ് ചൂണ്ടിക്കാണിച്ചു. 

ഒരുപാട് രാജ്യങ്ങൾ ക്രിക്കറ്റ് കളിക്കുന്നുണ്ട്. എന്നാൽ അതിന് അതിന്റേതായ വെല്ലുവിളികളുമുണ്ട്. വിജയകരമാവണം എങ്കിൽ അതിന് അത് ആവശ്യപ്പെടുന്ന സൗകര്യങ്ങൾ ഒരുക്കാനാവണം. വിക്കറ്റിന്റെ ക്വാളിറ്റി കൊണ്ടാണ് ഐപിഎൽ വിജയകരമാവുന്നത്. ഒരുപാട് കാര്യങ്ങൾ ശരിയായി വരണം. അത്തരം സൗകര്യങ്ങൾ ഒരുക്കാനായാൽ പിന്നെ എന്തുകൊണ്ട് സാധിക്കില്ലെന്നും ദ്രാവിഡ് ചോദിക്കുന്നു. 

ടി20 ക്രിക്കറ്റിന്റെ എല്ലാ അർഥത്തിലുള്ള വികാസത്തേയും ഞാൻ പിന്തുണയ്ക്കുന്നു. ഷെഡ്യൂൾ പ്രകാരം ക്രിക്കറ്റിനെ കൂടി ഉൾപ്പെടുത്താൻ സാധിക്കുമെങ്കിൽ, സാധ്യമാവും എങ്കിൽ ക്രിക്കറ്റിനെ ഒളിംപിക്സിൽ ഉൾപ്പെടുത്താവുന്നതാണ്. അതിന് സമയം വേണ്ടി വരുമായിരിക്കും. എങ്കിലും  എന്തുകൊണ്ടായിക്കൂടാ, രാഹുൽ ദ്രാവിഡ് പറഞ്ഞു. 

ഒളിംപിക്സിൽ മത്സര ഇനമായി ടി20 ക്രിക്കറ്റിനെ ഉൾപ്പെടുത്തുന്നത് ഏറെ നാളായി ചർച്ചകളിൽ നിൽക്കുന്ന വിഷയമാണ്. 2018ൽ ഇതുമായി ബന്ധപ്പെട്ട് ഐസിസി ആരാധകർക്കിടയിൽ സർവേ നടത്തുകയും ചെയ്തിരുന്നു. അന്ന് 87 ശതമാനം പേരാണ് ടി20 ക്രിക്കറ്റിനെ ഒളിംപിക്സിന്റെ ഭാ​ഗമാക്കുന്നതിനെ അനുകൂലിച്ചത്. എന്നാൽ ഒളിംപിക്സിൽ ക്രിക്കറ്റ് എന്ന ആശയത്തോട് അനുകൂലമായല്ല ബിസിസിഐയുടെ നിലപാട്. 2010ലും 2014ലും ക്രിക്കറ്റ് ഏഷ്യൻ ​ഗെയിംസിന്റെ ഭാ​ഗമായെങ്കിലും ഇന്ത്യ ടീമിനെ അയക്കാൻ തയ്യാറായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com