കാണേണ്ടത് കോഹ് ലി കളിക്കുന്ന ടെസ്റ്റ്; അഡ്ലെയ്ഡ് ടെസ്റ്റിന്റെ ടിക്കറ്റിന് വൻ ഡിമാന്റ്

അ‍ഡ്ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിലാണ് കോഹ് ലി കളിക്കുക. കോവിഡ് കാലത്ത് കാണികളെ പ്രവേശിപ്പിച്ച് നടത്തുന്ന ആദ്യ ടെസ്റ്റ് പരമ്പരയുമാവും ഇത്
കാണേണ്ടത് കോഹ് ലി കളിക്കുന്ന ടെസ്റ്റ്; അഡ്ലെയ്ഡ് ടെസ്റ്റിന്റെ ടിക്കറ്റിന് വൻ ഡിമാന്റ്


അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ അവസാന മൂന്ന് ടെസ്റ്റുകൾ കോഹ് ലി കളിക്കില്ലെന്ന വാർത്ത ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കിയിരുന്നു. കോഹ് ലിയുടെ സാന്നിധ്യം എത്രമാത്രം സ്വാധീനിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന മറ്റൊരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. മൂന്ന് ടെസ്റ്റുകളിൽ നിന്ന് കോഹ് ലിയുടെ പിന്മാറ്റം സ്ഥിരീകരിച്ചതിന് പിന്നാലെ ആദ്യ ടെസ്റ്റിനുള്ള ടിക്കറ്റ് ആവശ്യക്കാരുടെ എണ്ണം കൂടി. 

അ‍ഡ്ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിലാണ് കോഹ് ലി കളിക്കുക. കോവിഡ് കാലത്ത് കാണികളെ പ്രവേശിപ്പിച്ച് നടത്തുന്ന ആദ്യ ടെസ്റ്റ് പരമ്പരയുമാവും ഇത്. അഡ്ലെയ്ഡിലേത് രാത്രി പകൽ ടെസ്റ്റ് ആണെന്നതും ടിക്കറ്റിന് വേണ്ടിയുള്ള ആവശ്യക്കാരുടെ എണ്ണം കൂടാൻ ഇടയാക്കി. അഡ്ലെയ്ഡ് സ്റ്റേഡിയത്തിൽ 50 ശതമാനം കാണികളെയാവും പ്രവേശിപ്പിക്കുക എന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നത്. ഓരോ ദിവസവും പ്രവേശിപ്പിക്കുക 27000 കാണികളെ. 

ജനുവരിയിൽ ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് കോഹ് ലി നാട്ടിലേക്ക് മടങ്ങുന്നത്. ​ഗ്രൗണ്ടിൽ ആക്രമണോത്സുകത കാണിക്കുന്ന കോഹ് ലി ടെസ്റ്റിന്റെ ആവേശം കൂട്ടും എന്നുള്ളതും ആരാധകരെ ആകർശിക്കുന്ന ഘടകമാണ്. ബാറ്റിങ്ങിൽ മികവ് കാണിക്കുക സ്മിത്തോ, കോഹ് ലിയോ എന്ന് കാണാൻ കാത്തിരുന്ന ആരാധകരേയും തന്റെ പിന്മാറ്റത്തിലൂടെ കോഹ് ലി നിരാശരാക്കുന്നുണ്ട്.

ഡിസംബർ 26 മുതൽ 30 വരെ മെൽബണിലാണ് ബോക്സിങ് ഡേ ടെസ്റ്റ്. ഇവിടെ ഓരോ ദിവസവും 25000 കാണികളെ വീതമാവും പ്രവേശിപ്പിക്കുക. ജനുവരി ഏഴിന് തുടങ്ങുന്ന മൂന്നാം ടെസ്റ്റിൽ സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് അനുമതി. നാലാമത്തേയും അവസാനത്തേയും ടെസ്റ്റ് നടക്കുന്ന ബ്രിസ്ബേനിൽ 30000 കാണികളെ ഓരോ ദിവസവും പ്രവേശിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com