ടീമില്‍ സ്ഥാനമില്ല; ബംഗ്ലാദേശ് യുവ ക്രിക്കറ്റ് താരം ജീവനൊടുക്കി

ടീമില്‍ സ്ഥാനമില്ല; ബംഗ്ലാദേശ് യുവ ക്രിക്കറ്റ് താരം ജീവനൊടുക്കി
ടീമില്‍ സ്ഥാനമില്ല; ബംഗ്ലാദേശ് യുവ ക്രിക്കറ്റ് താരം ജീവനൊടുക്കി

ധാക്ക: ബംഗ്ലാദേശിന്റെ യുവ ക്രിക്കറ്റ് താരത്തെ വീടിന്റെ ഉത്തരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബംഗ്ലാദേശ് ദേശീയ ടീമിനായി അണ്ടര്‍ 19 കളിച്ചിട്ടുള്ള താരമായ മുഹമ്മദ് സോസിബാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് താരത്തെ വീട്ടിലെ കിടപ്പു മുറിയുടെ സീലങില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. 

ബംഗ്ലാദേശിനായി അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ കളിച്ച താരമാണ് മുഹമ്മദ് സോസിബ്. 2018ല്‍ അണ്ടര്‍ 19 ലോകകപ്പിനുള്ള ടീമിലും താരം ഉള്‍പ്പെട്ടിരുന്നു.

ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന ബംഗബന്ധു ടി20 ടൂര്‍ണമെന്റിനുള്ള ടീമില്‍ സ്ഥാനമുണ്ടാകുമെന്ന് മുഹമ്മദ് സോസിബ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അഞ്ച് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിലെ ടീമുകളുടെ പട്ടിക പുറത്തു വന്നപ്പോള്‍ ഒരു ടീമിലും മുഹമ്മദിന് സ്ഥാനം ലഭിച്ചില്ല. ഇതില്‍ മനംനൊന്താണ് താരം സ്വയം ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി. 

ശനിയാഴ്ചയാണ് താരം ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു. ശനിയാഴ്ച രാത്രി ഭക്ഷണം പോലും കഴിക്കാതെ മുഹമ്മദ് മുറിയില്‍ കയറി വാതിലടച്ചു. പിറ്റേദിവസം രാവിലെ ഒന്‍പത് മണിയായിട്ടും മുറിയില്‍ നിന്ന് മകന്‍ പുറത്ത് വരാത്തതിനെ തുടര്‍ന്ന് മുഹമ്മദിന്റെ പിതാവ് ജനല്‍ വഴി അകത്തേക്ക് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 

ടീമില്‍ സ്ഥാനമുണ്ടാകുമെന്ന് മുഹമ്മദ് ഏറെ പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യം ബന്ധുക്കളില്‍ പലരോടും പറയുകയും ചെയ്തിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിനുള്ള ടീമുകളുടെ പട്ടിക പുറത്ത് വന്നപ്പോള്‍ അതില്‍ ഒന്നിലും താരത്തെ പരിഗണിച്ചില്ല. ഇതിന് ശേഷം മുഹമ്മദ് കടുത്ത നിരാശയിലായിരുന്നുവെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com