ഓസ്ട്രേലിയയിൽ ഇന്ത്യ ഇറങ്ങുക പുത്തൻ ജേഴ്സിയിൽ; നൈക്കിക്ക് പകരം ടീമിന്റെ കിറ്റ് സ്പോൺസർ ഇനി എംപിഎൽ

ഓസ്ട്രേലിയയിൽ ഇന്ത്യ ഇറങ്ങുക പുത്തൻ ജേഴ്സിയിൽ; നൈക്കിക്ക് പകരം ടീമിന്റെ കിറ്റ് സ്പോൺസർ ഇനി എംപിഎൽ
ഓസ്ട്രേലിയയിൽ ഇന്ത്യ ഇറങ്ങുക പുത്തൻ ജേഴ്സിയിൽ; നൈക്കിക്ക് പകരം ടീമിന്റെ കിറ്റ് സ്പോൺസർ ഇനി എംപിഎൽ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ കിറ്റ് സ്‌പോൺസർ ഇനി എംപിഎൽ. ബിസിസിഐ, എംപിഎൽ  സ്‌പോർട്‌സുമായി (മൊബൈൽ പ്രീമിയർ ലീ​ഗ്) മൂന്ന് വർഷത്തെ കരാറിലെത്തി. ഈ മാസം ആരംഭിക്കുന്ന കരാർ 2023 ഡിസംബർ വരെയാണ്. എംപിഎൽ ഭാഗമാവുന്നതോടെ ടീം ഇന്ത്യ ഓസ്‌ട്രേലിയൻ പര്യടനത്തിൽ പുതിയ ജേഴ്സിയിലാകും കളിക്കുക. 

2006 മുതൽ ഇന്ത്യൻ ടീമിന് ജഴ്‌സിയൊരുക്കിയിരുന്ന നൈക്കിക്ക് പകരമാണ് ഇന്ത്യൻ കമ്പനി കൂടിയായ എംപിഎൽ എത്തുന്നത്. 120 കോടിയുടേതാണ് പുതിയ കരാർ. എംപിഎൽ വിൽക്കുന്ന ഓരോ ജേഴ്‌സിക്കും ഉൽപന്നങ്ങൾക്കും 10 ശതമാനം തുകയും ബിസിസിഐക്ക് ലഭിക്കും. ഐപിഎൽ സ്‌പോൺസർമാരായ ഡ്രീം ഇലവൻ, കായിക വസ്‌ത്ര നിർമാണ രംഗത്തെ വമ്പൻമാരായ പ്യൂമ എന്നീ കമ്പനികളും കരാർ ലഭിക്കാനായി മുൻനിരയിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. 

പുരുഷ ടീമിനൊപ്പം വനിത, അണ്ടർ 19 ടീമുകളുടെ കിറ്റ് സ്‌പോൺസർമാരും എംപിഎൽ സ്‌പോർട്‌സ് ആയിരിക്കും. ടീം ഇന്ത്യയുടെ കിറ്റൊരുക്കുന്നതിന് പുറമെ ആരാധകർക്ക് വിപണിയിൽ ന്യായ വിലയ്‌ക്ക് ഗുണനിലവാരമുള്ള ജേഴ്‌സികളും ഉൽപന്നങ്ങളും എംപിഎൽ എത്തിക്കും.  

മെബൈൽ ക്രിക്കറ്റ് ഗെയിം ആപ്ലിക്കേഷനായ എംപിഎൽ, ഐപിഎല്ലിലും കരീബിയൻ പ്രീമിയർ ലീഗിലും നേരത്തെ സാന്നിധ്യം അറിയിച്ചിരുന്നു. കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്നീ ടീമുകളുടെ സ്‌പോൺസർമാരായിരുന്നു. അയർലൻഡ്, യുഎഇ ക്രിക്കറ്റ് ബോർഡുമായും എംപിഎൽ സഹകരിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com