2018-19ല്‍ ഓസീസ് മണ്ണില്‍ നേടിയത് മൂന്ന് സെഞ്ചുറി, കോവിഡ് കാലത്ത് ഓസ്‌ട്രേലിയയുടെ ക്ഷമ പരീക്ഷിക്കാന്‍ പൂജാര

2018ല്‍ മൂന്ന് രാജ്യങ്ങളിലേക്കാണ് ഇന്ത്യ എത്തിയത്. ആദ്യ പര്യടനം സൗത്ത് ആഫ്രിക്കയിലേക്ക്
2018-19ല്‍ ഓസീസ് മണ്ണില്‍ നേടിയത് മൂന്ന് സെഞ്ചുറി, കോവിഡ് കാലത്ത് ഓസ്‌ട്രേലിയയുടെ ക്ഷമ പരീക്ഷിക്കാന്‍ പൂജാര

രിക്കല്‍ കൂടി ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യ എത്തുമ്പോള്‍ പൂജാരയ്ക്ക് മേലുള്ള സമ്മര്‍ദം കൂടുതലാണ്. കോവിഡിനെ തുടര്‍ന്ന് ഏറെ നാള്‍ കളിക്കളത്തില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വന്നതിന്റെ തിരിച്ചടിക്ക് പുറമെ കോഹ്‌ലിയുടെ അഭാവം സൃഷ്ടിക്കുന്ന സമ്മര്‍ദം. 2018-19ലെ മികവ് പൂജാരയ്ക്ക് ആവര്‍ത്തിക്കാന്‍ സാധിക്കുമോ? 

2018ല്‍ മൂന്ന് രാജ്യങ്ങളിലേക്കാണ് ഇന്ത്യ എത്തിയത്. ആദ്യ പര്യടനം സൗത്ത് ആഫ്രിക്കയിലേക്ക്. അന്ന് മൂന്നാം ടെസ്റ്റില്‍ നേടിയ അര്‍ധ ശതകം മാത്രമാണ് സൗത്ത് ആഫ്രിക്ക വിടുമ്പോള്‍ പൂജാരയുടെ പക്കലുണ്ടായത്. ഇന്ത്യയുടെ ആ വര്‍ഷത്തെ രണ്ടാമത്തെ വിദേശ പര്യടനം ഇംഗ്ലണ്ടിലേക്ക്. രണ്ടാം ടെസ്റ്റില്‍ ട്രെന്‍ഡ്ബ്രിഡ്ജില്‍ അര്‍ധ ശതകം കണ്ടെത്തിയതിന് പിന്നാലെ മൂന്നാം ടെസ്റ്റില്‍ റോസ്ബൗളില്‍ സെഞ്ചുറിയോടെ ആദ്യ ഇന്നിങ്‌സില്‍ പൂജാര പുറത്താവാതെ നിന്നു. 

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ 16.67 ആയിരുന്നു പൂജാരയുടെ ബാറ്റിങ് ശരാശരി. ഇംഗ്ലണ്ടിനെതിരായ എട്ട് ഇന്നിങ്‌സില്‍ നിന്ന് 278 റണ്‍സ് സ്‌കോര്‍ ചെയ്തതോടെ ബാറ്റിങ് ശരാശരി 39.71. എന്നാല്‍ ഓസ്‌ട്രേലിയയിലേക്ക് എത്തിയപ്പോള്‍ പൂജാരയുടെ കളിയാകെ മാറി. 

ഓസീസ് മണ്ണില്‍ പൂജാര തുടങ്ങിയത് അഡ്‌ലെയ്ഡിലെ സെഞ്ചുറിയോടെ. രണ്ടാം ഇന്നിങ്‌സില്‍ 204 പന്തില്‍ നിന്ന് 71 റണ്‍സില്‍ നില്‍ക്കെ പൂജാരയെ ലയോണ്‍ മടക്കി. എന്നാല്‍ ആദ്യ ടെസ്റ്റിലെ മികവ് രണ്ടാമത്തേതില്‍ ആവര്‍ത്തിക്കാന്‍ പൂജാരയ്ക്ക് കഴിഞ്ഞില്ല. പെര്‍ത്തില്‍ 103 പന്തില്‍ നിന്ന് 24 റണ്‍സ് നേടി പുറത്തായ പൂജാര രണ്ടാം ഇന്നിങ്‌സില്‍ നാല് റണ്‍സ് നേടിയും മടങ്ങി.

മെല്‍ബണിലേക്ക് മൂന്നാം ടെസ്റ്റിനായി എത്തിയപ്പോള്‍ 319 പന്തില്‍ നിന്ന് 106 റണ്‍സ് നേടിയാണ് പൂജാര മടങ്ങിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ കമിന്‍സിന് മുന്‍പില്‍ രണ്ട് പന്തില്‍ ഡക്കായി. അവസാന ടെസ്റ്റില്‍ പരമ്പരയിലെ തന്റെ ഉയര്‍ന്ന സ്‌കോര്‍ പൂജാര കണ്ടെത്തി. 373 പന്തില്‍ നിന്ന് നേടിയത് 193 റണ്‍സ്.  

ഏഴ് ഇന്നിങ്‌സില്‍ നിന്ന് 521 റണ്‍സ് ആണ് അവിടെ പൂജാര കണ്ടെത്തിയത്. 193 ഉയര്‍ന്ന സ്‌കോര്‍. ബാറ്റിങ് ശരാശരി 74.43. മൂന്ന് സെഞ്ചുറിയാണ് പരമ്പരയില്‍ പൂജാര നേടിയത്. ഇതിനെ ശേഷം പൂജാര വിദേശത്ത് കളിച്ചത് ഇന്ത്യയുടെ കിവീസ് പര്യടനത്തില്‍. നാല് ഇന്നിങ്‌സില്‍ നിന്ന് ഇവിടെ പൂജാര സ്‌കോര്‍ ചെയ്തത് 100 റണ്‍സ് മാത്രം. 

വലിയ ഇടവേളയ്ക്ക് ശേഷം പൂജാര വരുന്നു. ഓസ്‌ട്രേലിയ കഴിഞ്ഞ തവണത്തേതിലും ശക്തര്‍. ഒപ്പം കോഹ് ലിയുടെ അഭാവവും കൂടിയാവുമ്പോള്‍ പൂജാരയ്ക്ക് മികവിലേക്ക് എത്താന്‍ സാധിക്കുമോ എന്നതാണ് ഇന്ത്യയെ വലയ്ക്കുന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com