പിടിവിടാതെ കോവിഡ്; രണ്ടാം ടെസ്റ്റിലും സലയ്ക്ക് പോസിറ്റീവ് 

ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ക്വാളിഫയറില്‍ ഈജിപ്തിന്റെ ടോഗോയ്ക്ക് എതിരായ മത്സരത്തിന് മുന്‍പാണ് സലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്
പിടിവിടാതെ കോവിഡ്; രണ്ടാം ടെസ്റ്റിലും സലയ്ക്ക് പോസിറ്റീവ് 

കെയ്‌റോ: ലിവര്‍പൂള്‍ മുന്നേറ്റ നിര താരം മുഹമ്മദ് സലയ്ക്ക് രണ്ടാം വട്ട പരിശോധനയിലും കോവിഡ് പോസിറ്റീവ്. ഇതോടെ ലിവര്‍പൂളിന്റെ അടുത്ത പ്രീമിയര്‍ ലീഗ് മത്സരവും സലയ്ക്ക് നഷ്ടമാവും.

ചെറിയ കോവിഡ് ലക്ഷണങ്ങള്‍ മാത്രമാണ് സലയ്ക്കുള്ളത്. നിലവില്‍ ഈജിപ്തിലെ റെഡ് സീ റിസോര്‍ട്ടില്‍ സെല്‍ഫ് ഐസലൊഷനിലാണ് സല. കെയ്‌റോയിലെ ഹോട്ടലിലാണ് നേരത്തെ സലയെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരുന്നത്. 

ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ക്വാളിഫയറില്‍ ഈജിപ്തിന്റെ ടോഗോയ്ക്ക് എതിരായ മത്സരത്തിന് മുന്‍പാണ് സലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നവംബര്‍ 13നായിരുന്നു അത്. ആറാം ദിവസം സലയെ രണ്ടാമത് കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും പോസിറ്റീവ് ഫലമാണ് വന്നത്. 

ഇടവേളയ്ക്ക് ശേഷം ഈ വരുന്ന ഞായറാഴ്ചയാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം. ലെയ്സ്റ്ററാണ് എതിരാളികള്‍. കോവിഡ് പോസിറ്റീവായി തുടരുന്നതിനാല്‍ ഈ മത്സരം സലയ്ക്ക് നഷ്ടമാവും. സലയ്‌ക്കൊപ്പം ആഴ്‌സണല്‍ മധ്യനിര താരം മുഹമ്മദ് എല്‍നേനിയുടെ കോവിഡ് ഫലവും പോസിറ്റീവായി തുടരുകയാണെന്ന് ഈജിപ്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. 

തിങ്കളാഴ്ചയാണ് എല്‍നെനിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഒളിംപിയാകോസിന്റെ സ്‌ട്രൈക്കര്‍ അഹ്മദ് ഹസന്‍ കൗകയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ടോഗോയില്‍ നിന്ന് ദേശിയ ടീമിനൊപ്പം കെയ്‌റോയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് അഹ്മദ് ഹസന് കോവിഡ് പോസിറ്റീവായത്. 

ഈജിപ്തിലേക്ക് എത്തിയതിന് പിന്നാലെ മാസ്‌ക് ധരിക്കാതേയും, സാമൂഹിക അകലം പാലിക്കാതേയും സല വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. ഇത് വിവാദമാവുകയും ചെയ്തു. ഈജിപ്തില്‍ ഇതുവരെ 111,300 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇവിടെ 6,481 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com