ആദ്യ അങ്കത്തിന് മഞ്ഞപ്പട, എതിര്‍ ചേരിയില്‍ ജിങ്കാനും; ഇന്ന് നോക്കി വെക്കേണ്ടത് ഇവരെയെല്ലാം

ആദ്യ അങ്കത്തിന് മഞ്ഞപ്പട, എതിര്‍ ചേരിയില്‍ ജിങ്കാനും; ഇന്ന് നോക്കി വെക്കേണ്ടത് ഇവരെയെല്ലാം

മോഹന്‍ ബഗാനൊപ്പം ലയിച്ചെത്തുന്ന എടികെയുടെ കളിക്കളത്തിലെ രൂപമാറ്റം കാണാനുള്ള ആകാംക്ഷയിലുമാണ് ആരാധകര്‍

പനാജി: ഐഎസ്എല്‍ ആറാം സീസണില്‍ എടികെയെ രണ്ട് ഗോളിന് തകര്‍ത്താണ് ബ്ലാസ്റ്റേഴ്‌സ് സീസണ്‍ തുടങ്ങിയത്. സീസണ്‍ അവസാനിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്ത്. എടികെയുടെ കയ്യില്‍ കിരീടവും. ഏഴാം സീസണിന് ഇറങ്ങുമ്പോഴും എടികെ തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. 

മോഹന്‍ ബഗാനൊപ്പം ലയിച്ചെത്തുന്ന എടികെയുടെ കളിക്കളത്തിലെ രൂപമാറ്റം കാണാനുള്ള ആകാംക്ഷയിലുമാണ് ആരാധകര്‍. പുതിയ സൈനിങ്ങുകളോടെ ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ സീസണില്‍ നിന്നും മുന്‍പോട്ട് കയറിയോ എന്ന് മഞ്ഞപ്പടയുടെ ആരാധകര്‍ ഉറ്റു നോക്കുന്നു. ഐഎസ്എല്‍ ഏഴാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കണ്ണുറപ്പിക്കേണ്ട താരങ്ങള്‍ ഇവരാണ്...

സന്ദേശ് ജിങ്കാന്‍ 

ഐഎസ്എല്‍ ആരംഭിച്ചതിന് ശേഷം ആദ്യമായി മഞ്ഞക്കുപ്പായത്തില്‍ നിന്ന് മാറി കളിക്കുകയാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രതിരോധനിര താരങ്ങളില്‍ ഒരാള്‍. പുതിയ ക്ലബില്‍ ജിങ്കന്റെ അരങ്ങേറ്റം 2014 മുതല്‍ ഒപ്പം നിന്ന മഞ്ഞക്കുപ്പായക്കാര്‍ക്ക് എതിരെ. 

ഇന്ത്യന്‍ ടീമിന്റെ പ്രതിരോധ നിര കാക്കുന്ന സെന്റര്‍ ബാക്ക് എടികെയിലേക്ക് എത്തുമ്പോള്‍ കൂടുതല്‍ കരുത്ത് കാണിക്കുമെന്ന് വ്യക്തം. പാസിങ്ങിലേയും, പന്ത് തിരികെ നേടുന്നതിലേയും മികവ് ജിങ്കന്‍ ഫുട്‌ബോള്‍ ലോകത്തിന് വ്യക്തമായി കാണിച്ച് തന്നിട്ടുള്ളതാണ്. 

ഗാരി ഹൂപ്പര്‍ 

കഴിഞ്ഞ സീസണില്‍ വെല്ലിങ്ടണ്‍ ഫിനിക്‌സിനൊപ്പം മികച്ച കളി പുറത്തെടുത്താണ് ഗാരി ഹൂപ്പര്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. വെല്ലിങ്ടണിന് വേണ്ടി 21 കളിയില്‍ നിന്ന് കുലുക്കിയത് എട്ട് ഗോളുകള്‍. പ്രായം കൂടും തോറും മികവ് കണ്ടെത്തുന്ന ഗാരി ബ്ലാസ്‌റ്റേഴ്‌സിലെ യുവ താരങ്ങള്‍ക്ക് തുണയാവും. യൂറോപ്യന്‍ ലീഡില്‍ സെല്‍റ്റിക്കിനും, നോര്‍വിച്ച് സിറ്റിക്കും വേണ്ടി കളിച്ച താരത്തിലാണ് സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വലിയ പ്രതീക്ഷ. 

റോയ് കൃഷ്ണ 

കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ 21 കളിയില്‍ നിന്ന് റോയ് കൃഷ്ണ അടിച്ചു കൂട്ടിയത് 15 ഗോളുകള്‍. എടികെയില്‍ സ്ഥിരത നിലനിര്‍ത്തി കളിച്ച താരങ്ങളില്‍ മുന്‍പിലുണ്ട് റോയ് കൃഷ്ണ. ലീഗിലെ തന്നെ ഏറ്റവും വേഗ കൂടുതലുള്ള താരം എടികെയുടെ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു. 

ഏഴാം സീസണില്‍ എടികെ മോഹന്‍ ബഗാന്‍ പരിശീലകന്‍ ലോപസ് ഹബാസ് കൂടുതല്‍ ഉത്തരവാദിത്വവും റോയ് കൃഷ്ണയുടെ കൈകളിലേക്ക് നല്‍കുന്നു. 2020-21 സീസണില്‍ റോയ് കൃഷ്ണയാണ് എടികെയുടെ ഫസ്റ്റ് ക്യാപ്റ്റന്‍. 

സഹല്‍ അബ്ദുല്‍ സമദ് 

ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെക്കുന്ന താരമാണ് ലോക്കല്‍ ബോയ് സഹല്‍ അബ്ദുല്‍ സമദ്. സഹല്‍ ക്രീസില്‍ ഇറങ്ങുമ്പോള്‍     ഓരോ തവണയും വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക്. കഴിഞ്ഞ സീസണില്‍ ഷട്ടോരിക്ക് കീഴില്‍ കൂടുതല്‍ അവസരങ്ങള്‍ സഹലിന് ലഭിച്ചിരുന്നില്ല. 

9 കളിയില്‍ മാത്രമാണ് കഴിഞ്ഞ സീസണില്‍ സഹല്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടംപിടിച്ചത്. നേടാനായത് രണ്ട് അസിസ്റ്റ് മാത്രം. വികുനയ്ക്ക് കീഴില്‍ സഹലിന്റെ തിരിച്ചു വരവ് കാണാനുള്ള കാത്തിരിപ്പില്‍ കൂടിയാണ് ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com