2021ല്‍ ക്രിക്കറ്റിലെ വമ്പന്മാര്‍ പാക് മണ്ണിലേക്ക്; ഒരുങ്ങി കഴിഞ്ഞതായി പാക് ക്രിക്കറ്റ് ബോര്‍ഡ് 

സൗത്ത് ആഫ്രിക്ക, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, വിന്‍ഡിസ് പോലുള്ള രാജ്യങ്ങളെ 2021ല്‍ പാകിസ്ഥാനിലേക്ക് ക്ഷണിക്കാന്‍ ഒരുങ്ങി കഴിഞ്ഞതായി പാക് ക്രിക്കറ്റ് ബോര്‍ഡ്
2021ല്‍ ക്രിക്കറ്റിലെ വമ്പന്മാര്‍ പാക് മണ്ണിലേക്ക്; ഒരുങ്ങി കഴിഞ്ഞതായി പാക് ക്രിക്കറ്റ് ബോര്‍ഡ് 

ഇസ്ലാമാബാദ്: പ്രധാനപ്പെട്ട ക്രിക്കറ്റ് ടീമുകളെ പാകിസ്ഥാനിലേക്ക് ക്ഷണിക്കാന്‍ ഒരുങ്ങി കഴിഞ്ഞതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. സൗത്ത് ആഫ്രിക്ക, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, വിന്‍ഡിസ് പോലുള്ള രാജ്യങ്ങളെ 2021ല്‍ പാകിസ്ഥാനിലേക്ക് ക്ഷണിക്കാന്‍ ഒരുങ്ങി കഴിഞ്ഞതായി പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നു. 

2009ലെ ലങ്കന്‍ പര്യടനത്തിന് ഇടയിലെ തീവ്രവാദ ആക്രമണത്തിന് ശേഷം പാകിസ്ഥാനില്‍ പ്രധാനപ്പെട്ട രാജ്യങ്ങള്‍ ടെസ്റ്റ് പരമ്പര കളിച്ചിരുന്നില്ല. മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളുമായി ബന്ധം വളര്‍ത്തുന്നതിനാലാണ് ശ്രദ്ധ കൊടുക്കുന്നതെന്ന് പിസിബി ചീഫ് എക്‌സിക്യൂട്ടീവ് വസീം ഖാന്‍ പറഞ്ഞു. 

സൗത്ത് ആഫ്രിക്ക അടുത്ത വര്‍ഷം ജനുവരിയില്‍ പാകിസ്ഥാനിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യഷിപ്പിന്റെ ഭാഗമായി രണ്ട് ടെസ്റ്റും, അതിന് പിന്നാലെ മൂന്ന് ടി20യും സൗത്ത് ആഫ്രിക്ക പാകിസ്ഥാനില്‍ കളിക്കും. ന്യൂസിലാന്‍ഡ് പാകിസ്ഥാനില്‍ മൂന്ന് ഏകദിനവും, അഞ്ച് ടി20യും 2021 സെപ്തംബറില്‍ കളിക്കും. 

ന്യൂസിലാന്‍ഡ് വന്നു പോവുന്നതിന് പിന്നാലെ പാകിസ്ഥാനിലേക്ക് ഇംഗ്ലണ്ട് എത്തും. രണ്ട് ടി20യാണ് ഇവിടെ ഇംഗ്ലണ്ട് കളിക്കുക. 2005ന് ശേഷമുള്ള ഇംഗ്ലണ്ടിന്റെ ആദ്യ പര്യടനവുമാവും ഇത്. ഡിസംബറില്‍ വിന്‍ഡിസിനെതിരായ പരമ്പരയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പദ്ധതികളിലുണ്ട്. 

8 മാസം നീണ്ടുനില്‍ക്കുന്ന ഹോം സീസമാണ് മുന്‍പില്‍ വരുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായും ഞങ്ങള്‍ ചര്‍ച്ചയിലാണ്. 2022 സീസണിലാവും അവരുടെ പര്യടനമെന്നും വസീം ഖാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനിലേക്ക് രാജ്യാന്തര ക്രിക്കറ്റ് മത്സരം തിരികെ എത്തിയിരുന്നു. രണ്ട് ടെസ്റ്റുകളാണ് റാവല്‍പിണ്ടിയിലും കറാച്ചിയിലുമായി ശ്രീലങ്ക കളിച്ചത്. പിന്നാലെ ബംഗ്ലാദേശും ഇവിടെ ഒരു ടെസ്റ്റ് കളിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com