മൂന്ന് മിനിട്ടിനിടെ രണ്ട് ​ഗോളുകൾ അടിച്ച് രക്ഷകനായി അം​ഗുലോ; ബം​ഗളൂരുവിനെ സമനിലയിൽ തളച്ച് ​ഗോവ

മൂന്ന് മിനിട്ടിനിടെ രണ്ട് ​ഗോളുകൾ അടിച്ച് രക്ഷകനായി അം​ഗുലോ; ബം​ഗളൂരുവിനെ സമനിലയിൽ തളച്ച് ​ഗോവ
മൂന്ന് മിനിട്ടിനിടെ രണ്ട് ​ഗോളുകൾ അടിച്ച് രക്ഷകനായി അം​ഗുലോ; ബം​ഗളൂരുവിനെ സമനിലയിൽ തളച്ച് ​ഗോവ

ഫത്തോർഡ: കരുത്തർ കളത്തിലിറങ്ങിയ ഐഎസ്എൽ പോരാട്ടം സമനിലയിൽ. ആതിഥേയരായ എഫ്സി ​ഗോവയും ബം​ഗളൂരു എഫ്സി മത്സരമാണ് 2-2ന് അവസാനിച്ചത്. പിന്നിൽ പോയ ​ഗോവ പരാജയത്തിലേക്ക് പോകാതെ സമനില പിടിച്ച് കളി രക്ഷിച്ചെടുക്കുകയായിരുന്നു. 66ാം മിനിട്ടു വരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ഗോവ ഇഗോർ അംഗുലോയുടെ ഇരട്ട ഗോളിൽ സമനില പിടിച്ചെടുക്കുകയായിരുന്നു.

27ാം മിനിട്ടിൽ ഹെഡ്ഡറിലൂടെ ക്ലെയ്റ്റൺ സിൽവയാണ് ബംഗളൂരുവിനെ മുന്നിലെത്തിച്ചത്. ഹർമൻജോത് സിങ് ഖബ്രയുടെ ത്രോ ക്ലിയർ ചെയ്യുന്നതിൽ ഗോവ പ്രതിരോധത്തിന് സംഭവിച്ച പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഗോവ ബോക്‌സിലേക്ക് നീണ്ട പന്ത് ആരും മാർക്ക് ചെയ്യാതിരുന്ന സിൽവ അനായാസം വലയിലെത്തിച്ചു. ആദ്യ പകുതിയിൽ 70 ശതമാനത്തോളം പന്ത് കൈവശം വെച്ചിട്ടും ഗോവയ്ക്ക് കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാൻ സാധിക്കാതെ പോയി. 

രണ്ടാം പകുതിയിൽ കളി കൂടുതൽ ആവേശകരമായി. 57ാം മിനിട്ടിൽ യുവാൻ അന്റോണിയോ ഗോൺസാലസാണ് ബംഗളൂരുവിന്റെ രണ്ടാം ഗോൾ നേടിയത്. ദെഷോൺ ബ്രൗൺ ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് എറിക് പാർത്താലു ഹെഡ്ഡ് ചെയ്ത് യുവാന് മറിച്ച് നൽകുകയായിരുന്നു. ഉഗ്രനൊരു വോളിയിലൂടെ യുവാൻ പന്ത് വലയിലിട്ടു.

രണ്ട് ​ഗോൾ വഴങ്ങിയതിന് പിന്നാലെ ​ഗോവ ആക്രമണം കടുപ്പിച്ചു. 65ാം മിനിട്ടിൽ റോഡ്രിഗസിന് പകരം ഐബാനെയും ജെയിംസ് ഡൊണാച്ചിക്ക് പകരം നൊഗ്വേരയേയും കളത്തിലിറക്കിയ ഫെറാൻഡോയുടെ നീക്കം ഫലിക്കുന്ന കാഴ്ചയായിരുന്നു മൈതാനത്ത്.

പകരക്കാരെ ഇറക്കി തൊട്ടടുത്ത മിനിട്ടിൽ (66) തന്നെ ഇഗോർ അംഗുലോയിലൂടെ ഗോവ ഒരു ഗോൾ മടക്കി. നൊഗ്വേരയുടെ പാസിൽ നിന്നായിരുന്നു ഗോൾ. മൂന്ന് മിനിട്ടിനുള്ളിൽ അം​ഗുലോ തന്റെ രണ്ടാം ​ഗോളും വലയിലാക്കി ​ഗോവ മത്സരം രക്ഷിച്ചെടുക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com