ആദ്യം ദ്യോക്കോ, പിന്നെ നദാല്‍, ഫൈനലില്‍ തീം; ആദ്യ മൂന്ന് റാങ്കുകാരെ വീഴ്ത്തി എടിപി കിരീടം സ്വന്തമാക്കി മെദ്‌വദേവ്

ആദ്യം ദ്യോക്കോ, പിന്നെ നദാല്‍, ഫൈനലില്‍ തീം; ആദ്യ മൂന്ന് റാങ്കുകാരെ വീഴ്ത്തി എടിപി കിരീടം സ്വന്തമാക്കി മെദ്‌വദേവ്
ആദ്യം ദ്യോക്കോ, പിന്നെ നദാല്‍, ഫൈനലില്‍ തീം; ആദ്യ മൂന്ന് റാങ്കുകാരെ വീഴ്ത്തി എടിപി കിരീടം സ്വന്തമാക്കി മെദ്‌വദേവ്

ലണ്ടന്‍: എടിപി ഫൈനല്‍സ് ടെന്നീസ് കിരീടം റഷ്യയുടെ യുവതാരം ഡാനിയല്‍ മെദ്‌വദേവിന്. ഫൈനലില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക്ക് തീമിനെയാണ് മെദ്‌വദേവ് വീഴ്ത്തിയത്. മൂന്ന് സെറ്റ് പോരാട്ടം രണ്ട് മണിക്കൂറും 42 മിനിട്ടും നീണ്ടു. സ്‌കോര്‍: 4-6, 7-6 (2), 6-4

യുഎസ് ഓപണ്‍ കിരീടം ചൂടി എടിപി ഫൈനല്‍സ് കിരീടവും സ്വന്തമാക്കി 2020 അവിസ്മരണീയമാക്കാന്‍ ഇറങ്ങിയ തീമിന്റെ കണക്കു കൂട്ടല്‍ തെറ്റിച്ചായിരുന്നു റഷ്യന്‍ യുവ താരത്തിന്റെ മുന്നേറ്റം. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം രണ്ടും മൂന്നും സെറ്റുകളില്‍ അവസാനം വരെ പൊരുതിയാണ് മെദ്‌വദേവ് വിജയവും ഒപ്പം കിരീടവും പിടിച്ചെടുത്തത്. 

സെമി ഫൈനലില്‍ ഇതിഹാസ താരം സ്‌പെയ്‌നിന്റെ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തിയാണ് മെദ്‌വദേവ് ഫൈനലിന് യോഗ്യത നേടുന്നത്. റൗണ്ട് റോബിന്‍ ശൈലിയിലാണ് മത്സരങ്ങള്‍ നടന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ദ്യോക്കോവിചിനെയും മെദ്‌വദേവ് പരാജയപ്പെടുത്തിയിരുന്നു.

ടെന്നീസ് റാങ്കിങ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനത്തു നില്‍ക്കുന്ന ജോക്കോവിച്ചിനെയും നദാലിനെയും ഡൊമിനിക്ക് തീമിനെയും ഈ ടൂര്‍ണമെന്റില്‍ മെദ്‌വദേവ് പരാജയപ്പെടുത്തിയതോടെ റെക്കോര്‍ഡ് നേട്ടത്തിനൊപ്പം മെദ്‌വദേവും എത്തി. ആദ്യ മൂന്ന് റാങ്കിലുള്ള താരങ്ങളെ തോല്‍പ്പിച്ച് എടിപി കിരീടം നേടുന്ന ലോകത്തിലെ നാലാമത്തെ താരം എന്ന പെരുമയാണ് താരം സ്വന്തമാക്കിയത്. 

ഈ വര്‍ഷത്തോടെ ലണ്ടനില്‍ നിന്ന് എടിപി ഫൈനല്‍സ് ഇറ്റലിയിലേക്ക് ചേക്കേറി. അടുത്ത വര്‍ഷം തൊട്ട് ഇറ്റലിയിലെ ടൂറിനിലാണ് മത്സരങ്ങള്‍ നടക്കുക. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എടിപി ഫൈനല്‍സ് മറ്റൊരു രാജ്യത്ത് നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com