'രണ്ട് ദിവസം മുന്‍പ് ഞാന്‍ താളം കണ്ടെത്തി'; ഇന്ത്യക്കെതിരെ കച്ചകെട്ടി സ്റ്റീവ് സ്മിത്ത് 

'അവിടെ എനിക്ക് സ്ഥിരത കണ്ടെത്താന്‍ കഴിഞ്ഞില്ല. അവിടവിടെ ഏതാനും ഇന്നിങ്‌സ് കളിച്ചതല്ലാതെ സ്ഥിരത ലഭിച്ചില്ല'
'രണ്ട് ദിവസം മുന്‍പ് ഞാന്‍ താളം കണ്ടെത്തി'; ഇന്ത്യക്കെതിരെ കച്ചകെട്ടി സ്റ്റീവ് സ്മിത്ത് 

സിഡ്‌നി: ഐപിഎല്‍ നിരാശപ്പെടുത്തുന്നതായിരുന്നു, എന്നാല്‍ രണ്ട് ദിവസം മുന്‍പേ ഞാന്‍ ഫോം കണ്ടെത്തി...ഇന്ത്യക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുന്‍പേ സ്റ്റീവ് സ്മിത്തിന്റെ മുന്നറിയിപ്പ്. ഐപിഎല്ലിലെ തന്റെ ബാറ്റിങ് വലിയ നിരാശയാണ് നല്‍കിയതെന്നും സ്മിത്ത് പറഞ്ഞു. 

അവിടെ എനിക്ക് സ്ഥിരത കണ്ടെത്താന്‍ കഴിഞ്ഞില്ല. അവിടവിടെ ഏതാനും ഇന്നിങ്‌സ് കളിച്ചതല്ലാതെ സ്ഥിരത ലഭിച്ചില്ല. കഴിഞ്ഞ ഏതാനും ദിവസമായി എന്നെ അടുത്ത് അറിയാവുന്നവര്‍ പറയുന്നത് ഞാന്‍ വീണ്ടും താളം കണ്ടെത്തിയതായാണ്. അതെന്നെ എക്‌സൈറ്റ് ചെയ്യിക്കുന്നു. നെറ്റ്‌സില്‍ കുറച്ചു കൂടി പരിശീലിക്കാനാണ് തയ്യാറെടുക്കുന്നത്, സ്മിത്ത് പറഞ്ഞു. 

ഞാന്‍ ഫോമിലേക്ക് എത്തുന്നു എന്ന തോന്നലാണ് പ്രധാനം. അത് എങ്ങനെയെന്ന് പറഞ്ഞറിയിക്കുക പ്രയാസമാണ്. എന്നാല്‍ രണ്ട് ദിവസം മുന്‍പ് കാര്യങ്ങള്‍ ശരിയായ വിധത്തില്‍ അല്ലായിരുന്നു. രണ്ട് ദിവസത്തിനുള്ളിലാണ് എന്തോ സംഭവിച്ചത്. എവിടെ വെച്ചാണ് പന്ത് കാണുന്നത് എന്നതില്‍ മാറ്റം വന്നു. അതെന്റെ മുഖത്ത് ചിരി കൊണ്ടുവന്നു..അവിടേക്ക് എത്താന്‍ സാധാരണയിലും കൂടുതല്‍ സമയം വേണ്ടി വന്നതായും സ്മിത്ത് പറയുന്നു. 

കോവിഡ് സമയത്ത് നാല് മാസത്തോളം ഞാന്‍ ബാറ്റ് ചെയ്തിരുന്നില്ല. അതുകൊണ്ടാവാം താളം കണ്ടെത്താന്‍ സമയം എടുത്തത്. കൂടുതല്‍ പവര്‍ഫുള്‍ ഷോട്ടുകള്‍ക്ക് കളിച്ചാണ് ഐപിഎല്ലില്‍ വിക്കറ്റ് പലപ്പോഴും നഷ്ടമായത്. അത് എന്റെ കളി ശൈലിയല്ല. ഇഷ്ടത്തിന് സിക്‌സ് പറത്താന്‍ സാധിക്കുന്നവരുണ്ട്. എന്നാല്‍ ഞാന്‍ അക്കൂട്ടത്തില്‍പ്പെട്ടതല്ല. 

എന്റെ ഏരിയയിലേക്ക് വരുന്ന പന്ത് മാത്രമേ ഹിറ്റ് ചെയ്യൂ എന്നാണ്് ഞാന്‍ ഉറപ്പിച്ചിരിക്കുന്നത്. വലിയ സീരീസുകളില്‍ എന്റെ ഏറ്റവും മികവ് പുറത്തെടുക്കാനാവും ശ്രമിക്കുക. ആഷസും, ഇന്ത്യക്കെതിരായ പരമ്പരയും പ്രധാനപ്പെട്ടതാണ്. ഇവര്‍ക്കെതിരെ കളിക്കുമ്പോള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ എനിക്കുള്ളില്‍ നിന്നും എന്തോ വരുന്നു, അത് എന്താണെന്ന് എനിക്കറിയില്ല, സ്മിത്ത് പറഞ്ഞു. 

ഇന്ത്യക്കെതിരെ എപ്പോഴും ആദ്യ ടെസ്റ്റില്‍ മികവ് കാണിച്ചാണ് ഞാന്‍ തുടങ്ങുക. പരമ്പരയില്‍ ഉടനീളം താളം കണ്ടെത്താന്‍ അത് എന്നെ സഹായിക്കുന്നു. വാഗ്നര്‍ പോലുള്ളവര്‍ ചെയ്യുന്നത് കണ്ട് ഷോര്‍ട്ട് പിച്ച് ബൗളുകളിലൂടെയെ എന്നെ പുറത്താക്കാന്‍ സാധിക്കുകയുള്ളു എന്ന് കരുതിയിരിക്കുന്നവരുണ്ട്. 

ഏറെ നാള്‍ ബയോ ബബിളില്‍ തുടരുക എന്നത് സാധ്യമല്ലെന്നും സ്മിത്ത് പറഞ്ഞു. മാനസികാരോഗ്യം പ്രധാനപ്പെട്ട ഘടകമാണ്. ഒരുപാട് പേര്‍ അവരുടെ പ്രശ്‌നങ്ങളെ കുറിച്ച് പറയുന്നത് നമ്മള്‍ കേട്ടു. ഓസ്‌ട്രേലിയയുടെ നായകനായി തിരികെ എത്തുന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാവില്ല. അതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും സ്മിത്ത് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com