ഇന്ത്യന്‍ ബൗളര്‍മാരെ ഞങ്ങള്‍ ഒരുപാട് കണ്ടുകഴിഞ്ഞു, തന്ത്രങ്ങള്‍ പരിചിതമാണ്: ഓസീസ് കോച്ച് 

ഇന്ത്യന്‍ ബൗളിങ് നിര ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാര്‍ തയ്യാറാണെന്ന് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍
ഇന്ത്യന്‍ ബൗളര്‍മാരെ ഞങ്ങള്‍ ഒരുപാട് കണ്ടുകഴിഞ്ഞു, തന്ത്രങ്ങള്‍ പരിചിതമാണ്: ഓസീസ് കോച്ച് 

സിഡ്‌നി: ഇന്ത്യന്‍ ബൗളിങ് നിര ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാര്‍ തയ്യാറാണെന്ന് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. ഇന്ത്യന്‍ ബൗളര്‍മാരുടെ തന്ത്രങ്ങള്‍ ഓസീസ് കളിക്കാര്‍ക്ക് പരിചിതമായി കഴിഞ്ഞതായി ലാംഗര്‍ പറയുന്നു. 

ഇന്ത്യന്‍ ബൗളര്‍മാരോട് വളരെ അധികം ബഹുമാനമുണ്ട്. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ തന്ത്രങ്ങള്‍ ഓസീസ് താരങ്ങള്‍ക്ക് പരിചിതമായി കഴിഞ്ഞു. ലോകോത്തര ബൗളറായ ബൂമ്രയും, ഷമിയും മികച്ച ഓപ്പണിങ് കോമ്പിനേഷനാണ്. എന്നാല്‍ ഐപിഎല്ലിലൂടേയും കഴിഞ്ഞ ഏതാനും പര്യടനങ്ങളിലൂടേയും അവരുടെ കളി തങ്ങള്‍ മനസിലാക്കി കഴിഞ്ഞു, ലാംഗര്‍ പറഞ്ഞു. 

'കഴിഞ്ഞ ഏതാനും വര്‍ഷത്തിന് ഇടയില്‍ 14 ഏകദിനങ്ങളാണ് ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ കളിച്ചത്. കളിക്കാര്‍ ഒരുപാടായി പരസ്പരം ഒരുമിച്ച് കാണുന്നു. കളിയില്‍ ഞാന്‍ ഇഷ്ടപ്പെടുന്ന ഘടകവും അതാണ്. ഏത് ടീമാണ് വളരുന്നത്, ഏതെല്ലാം കളിക്കാരാണ് വളരുന്നത് കണ്ടു.' 

'അവരുടെ സ്പിന്നര്‍മാരോടും, ബൂമ്രയോടും ഷമിയോടും, അവരുടെ മറ്റ് ബൗളര്‍മാരോടും വലിയ ബഹുമാനമുണ്ട്. രോഹിത്തിന്റേയും ഇഷാന്തിന്റേയും പരിക്ക് തങ്ങളുടെ തലവേദന അല്ലെന്നും ലാംഗര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ വെല്ലുവിളികളുണ്ട്. ഇന്ത്യ ആരെയെല്ലാം കളിപ്പിക്കണം എന്നത് ഞങ്ങളുടെ വിഷയമല്ല. ഇന്ത്യ ആരെ ഇറക്കിയാലും അവരെ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്.' 

'ഞങ്ങളുടെ ബൗളിങ് ആഴത്തിലുള്ളതാണ്. ആഷസ് പരമ്പരയില്‍ ഞങ്ങള്‍ അത് തെളിയിച്ചു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബൗളര്‍മാരെ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയും. ഞങ്ങള്‍ക്ക് മിച്ചല്‍ സ്റ്റാര്‍ക്കും, പാറ്റ് കമിന്‍സും, ഹസല്‍വുഡുമുണ്ട്. വാതില്‍മുട്ടി ജെയിംസ് പാറ്റിന്‍സനും, അബോട്ടും, നെസെറും നില്‍ക്കുന്നു.' 

സാഹചര്യം ഏതായാലും അത് നേരിടാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്. കണ്‍കഷനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നഷ്ടമായ സ്റ്റീവ് സ്മിത്ത് ഇന്ത്യക്കെതിരെ കളിക്കുമെന്നും ലാംഗര്‍ സ്ഥിരീകരിച്ചു. പരമ്പര കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ ആളുകളുടെ മുഖത്ത് ചിരി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ലാംഗര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com