ആതിഥേയരെ തോല്‍പ്പിച്ച് മുംബൈ എഫ്‌സി; വിജയഗോള്‍ ഇന്‍ജുറി ടൈമില്‍

കളിയുടെ അധികസമയത്ത് ലഭിച്ച പെനാല്‍റ്റി കിക്കിലൂടെ ആദം ലെ ഫോണ്‍ഡ്രെയാണ് മുംബൈയ്്ക്കായി വിജയഗോള്‍ നേടിയത്. 
ആതിഥേയരെ തോല്‍പ്പിച്ച് മുംബൈ എഫ്‌സി; വിജയഗോള്‍ ഇന്‍ജുറി ടൈമില്‍

ഫത്തോര്‍ഡ: ഐഎസ്എല്ലില്‍ ആതിഥേയരായ ഗോവയെ ഒരു ഗോളിന് തോല്‍പ്പിച്ച് മുംബൈ സിറ്റി എഫ്‌സി. കളിയുടെ അധികസമയത്ത് ലഭിച്ച പെനാല്‍റ്റി കിക്കിലൂടെ ആദം ലെ ഫോണ്‍ഡ്രെയാണ് മുംബൈയ്്ക്കായി വിജയഗോള്‍ നേടിയത്. 

ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ബോക്സില്‍ വെച്ച് ഗോവ താരം ലെന്നി റോഡ്രിഗസിന്റെ കൈയില്‍ പന്ത് തട്ടിയതിനെ തുടര്‍ന്ന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ ഗോവയ്ക്ക് 40-ാം മിനിറ്റില്‍ തിരിച്ചടി നേരിട്ടു. ഹെര്‍നന്‍ ഡാനിയല്‍ സന്റാനയെ ഫൗള്‍ ചെയ്തതിന് റെഡീം തലാങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തു പോയതോടെ ശേഷിച്ച സമയം 10 പേരുമായാണ് ഗോവ മത്സരം പൂര്‍ത്തിയാക്കിയത്. 

75-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം മന്ദര്‍ റാവു ദേശായിക്ക് ലക്ഷ്യത്തിലെത്താന്‍ സാധിച്ചില്ല. ആദം ലെ ഫോണ്‍ഡ്രെ ബോക്സിലേക്ക് നല്‍കിയ പന്ത് മന്ദറിന്റെ കാലില്‍ തട്ടി പോസ്റ്റിന് മുകളിലൂടെ പോയി. 71-ാം മിനിറ്റില്‍ മുംബൈ ഫാറൂഖ് ചൗധരിക്ക് പകരം  ഓഗ്ബെച്ചെയെ കളത്തിലിറക്കിയെങ്കിലും ജയത്തിനായി മുംബൈക്ക് അധികസമയം വരെ കാത്തിരിക്കേണ്ടി വന്നു 

ഗോവന്‍ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. ആല്‍ബര്‍ട്ടോ നൊഗ്വേര, എഡു ബേഡിയ, ലെന്നി റോഡ്രിഗസ് എന്നിവരടങ്ങിയ മധ്യനിര തിളങ്ങിയതോടെ ഇഗോര്‍ അംഗുളോയ്ക്കും സെയ്മിന്‍ലെന്‍ ഡുംഗലിനും യഥേഷ്ടം പന്ത് ലഭിച്ചു. പലപ്പോഴും ഫൈനല്‍ തേര്‍ഡില്‍ ഗോവയ്ക്ക് പിഴയ്ക്കുകയായിരുന്നു. 55-ാം മിനിറ്റില്‍ എഡു ബേഡിയയുടെ ഉഗ്രനൊരു ലോങ് റേഞ്ചര്‍ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ് രക്ഷപ്പെടുത്തുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com