'എനിക്ക് സുഖമില്ല', മരണത്തിന് തൊട്ടുമുന്‍പ് മറഡോണ പറഞ്ഞു
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th November 2020 12:41 PM |
Last Updated: 26th November 2020 12:41 PM | A+A A- |
ബ്യൂണസ് ഐറിസ്: എനിക്ക് സുഖമില്ല, മരണത്തിന് തൊട്ടുമുന്‍പ് അന്തരവനോട് ഇങ്ങനെ പറഞ്ഞായിരുന്നു മറഡോണ മുറിയിലേക്ക് മടങ്ങിയത്. രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബുധനാഴ്ച പുലര്‍ച്ചെ പ്രഭാത ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ വിളര്‍ച്ച മറഡോണയില്‍ പ്രകടമായിരുന്നു. തണുപ്പ് അനുഭവപ്പെടുന്നതായി അദ്ദേഹം പറയുകയും ചെയ്തു. ഉച്ചയാവുന്നതിന് മുന്‍പ് അപകടം തിരിച്ചറിഞ്ഞ നഴ്‌സ് ഡോക്ടറെ വിളിച്ചെങ്കിലും, അവരെത്തുന്നതിന് മുന്‍പ് മരണം സംഭവിച്ചു.
രക്തം കട്ട പിടിക്കുന്നതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായതിന് ശേഷം ബ്യൂണസ് ഐറിസിലെ വീട്ടിലേക്ക് അദ്ദേഹം തിരികെ എത്തിയിട്ട് രണ്ടാഴ്ച ആയിരുന്നുള്ളു. ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതോടെ ആശ്വസിച്ചിരുന്ന ലോകത്തിന് മുന്‍പിലേക്കാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത വന്നെത്തിയത്.
മറഡോണയുടെ കുടുംബം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രാദേശിക സമയം 12 മണിയോടെയായിരുന്നു ഇതിഹാസ താരത്തിന്റെ മരണമെന്ന് പ്രോസിക്യൂഷന്‍ ചീഫ് ജോണ്‍ ബ്രോയാഡ് പറഞ്ഞു. നാല് മണിയോടെ ഫോറന്‍സിക് പൊലീസ് ഇവിടെ എത്തി പരിശോധന നടത്തി.
അസ്വഭാവികത തോന്നിക്കുന്ന ഒന്നും കണ്ടെത്തിയിട്ടില്ലെന്നും, മറ്റ് സംശയങ്ങള്‍ ഉയരുന്നത് അവസാനിപ്പിക്കാന്‍ വേണ്ടി പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും പ്രോസിക്യൂഷന്‍ ചീഫ് പറഞ്ഞു. പ്രസിഡന്റിന്റെ മന്ദിരത്തിലേക്ക് മറഡോണയുടെ ഭൗതിക ശരീരം എത്തിക്കുകയും, ജനങ്ങള്‍ക്ക് കാണാന്‍ അവസരമൊരുക്കുകയും ചെയ്യും.