അര്‍ജന്റീനയ്ക്ക് പുറത്ത് മറഡോണയ്ക്ക് ഇത്രയും ആരാധകരുള്ളത് കേരളത്തിലായിരിക്കും: മുഖ്യമന്ത്രി

ലോകത്തിന്റെ ഏത് കോണില്‍ ലോകകപ്പ് നടക്കുമ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഏറ്റവും കൂടുതല്‍ ഉയരുന്നത് ഈ കൊച്ചു കേരളത്തിലാണ്
അര്‍ജന്റീനയ്ക്ക് പുറത്ത് മറഡോണയ്ക്ക് ഇത്രയും ആരാധകരുള്ളത് കേരളത്തിലായിരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇതിഹാസ താരം ഡീഗോ മറഡോണയുടെ വേര്‍പാടില്‍ ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകമെങ്കുമുള്ള ഫുട്‌ബോള്‍ പ്രേമികളോടൊപ്പം കേരള ജനതയും മറഡോണയുടെ വേര്‍പാടില്‍ ദുഖിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 

ലോകത്തിന്റെ ഏത് കോണില്‍ ലോകകപ്പ് നടക്കുമ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഏറ്റവും കൂടുതല്‍ ഉയരുന്നത് ഈ കൊച്ചു കേരളത്തിലാണ്. അര്‍ജന്റീനയ്ക്ക് പുറത്ത് മറഡോണയ്ക്ക് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് ഒരുപക്ഷേ കേരളത്തിലായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി മറഡോണയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്.
 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഇതിഹാസ ഫുട്ബോൾ താരം മാറഡോണയുടെ വേർപാടിൽ ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നു.

ലോകത്തെ ഏറ്റവും സുന്ദരമായ ഗെയിമാണ് ഫുട്ബോൾ. ആ കലയിലെ ഏറ്റവും ജനപ്രിയനായ താരമായിരുന്നു മാറഡോണ. അർജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത് ഒരു പക്ഷെ കേരളത്തിലായിരിക്കും. 1986 അർജന്റീന ലോകകപ്പ് ഉയർത്തിയതുമുതൽ കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ആ മാന്ത്രിക താരത്തിന് വലിയ സ്ഥാനമുണ്ട്. ലോകകപ്പ് ലോകത്തിലെ ഏത് കോണിൽ നടക്കുമ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഏറ്റവുമധികം ഉയരുന്നത് ഈ കൊച്ചുകേരളത്തിലാണ് .

1986 ലോകകപ്പിൽ അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും വിഖ്യാത ഗോളി പീറ്റർ ഷിൽട്ടനെയും മറികടന്ന് മാറഡോണ നേടിയ ഗോൾ ലോകം ദർശിച്ച ഏറ്റവും സുന്ദരവും സമർത്ഥവുമായ ഗോളാണ്. അത് ഏറെക്കാലം അങ്ങിനെതന്നെ നിലനിൽക്കും. അർജന്റീന ലോകഫുട്ബോളിലെ പ്രബലർ ആണെങ്കിലും ആ രാജ്യത്തെ ഫുട്ബോളിന്റെ നെറുകയിൽ എത്തിച്ചത് മാറഡോണയാണ്. ക്യൂബയുടെയും ഫിദൽ കാസ്ട്രോയുടെയും അടുത്ത സുഹൃത്തായിരുന്നു മാറഡോണ എന്നത് അദ്ദേഹത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടിന്റെ തെളിവാണ്. ആ മഹാനായ ഫുട്ബോളർ എന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com