ഏഴ് വര്‍ഷത്തിന് ശേഷം ശ്രീശാന്ത് കളിക്കുന്നു; ടൈഗേഴ്‌സ് ടീമില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th November 2020 11:49 AM |
Last Updated: 26th November 2020 11:49 AM | A+A A- |

തിരുവനന്തപുരം: ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഗ്രൗണ്ടിലേക്ക്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രസിഡന്റ്‌സ് കപ്പ് ടി20യില്‍ ശ്രീശാന്ത് കളിച്ചാവും മലയാളി പേസറുടെ മടങ്ങി വരവ്.
ശ്രീശാന്ത് കളിക്കുന്ന കാര്യം കെസിഎ വ്യക്തമാക്കി. കെസിഎ ടൈഗേഴ്‌സ് ടീമിലാണ് ശ്രീശാന്ത് കളിക്കുക. ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ ഉണ്ടാവുക. ഡിസംബര്‍ 17 മുതല്‍ ആലപ്പുഴയിലാണ് മത്സരങ്ങള്‍. കോവിഡിന്റെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടത്തുന്നതിന് അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചതായി കെസിഎ പറഞ്ഞു.
2013ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഐപിഎല്‍ കളിക്കുന്ന സമയമാണ് ശ്രീശാന്തിനെ ഒത്തുകളി ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ ബിസിസിഐ താരത്തിന് മേല്‍ ആജിവനാന്ത വിലക്കും ഏര്‍പ്പെടുത്തി. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ സുപ്രീംകോടതി ഇടപെട്ടതോടെയാണ് ശ്രീശാന്തിന്റെ വിലക്ക് ഏഴ് വര്‍ഷമാക്കി ബിസിസിഐ കുറച്ചത്.
2020 സെപ്തംബറില്‍ ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചെങ്കിലും കോവിഡ് സൃഷ്ടിച്ച ഇടവേള ശ്രീയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവും വൈകിപ്പിച്ചു. ഫിറ്റ്‌നസ് തെളിയിക്കുകയാണ് എങ്കില്‍ കേരള രഞ്ജി ടീമിലേക്ക് ശ്രീശാന്തിനെ പരിഗണിക്കും എന്നും കെസിഎ നേരത്തെ വ്യക്തമാക്കിയിരുന്നു.