മറഡോണ എന്ന ഇതിഹാസത്തിന്റെ ജനനമാണ് ഇന്ന്, വിതുമ്പി അര്‍ജന്റീന

ഒരിക്കല്‍ കൂടി അവര്‍ മറഡോണയ്ക്ക് വേണ്ടി ആരവം ഉയര്‍ത്തുകയാണ്...ഒലെ ഒലെ ഡീഗോ ഡീഗോ...
മറഡോണ എന്ന ഇതിഹാസത്തിന്റെ ജനനമാണ് ഇന്ന്, വിതുമ്പി അര്‍ജന്റീന

''ഡീഗോയ്ക്ക് മരണമില്ല. മറഡോണ എന്ന ഇതിഹാസത്തിന്റെ ജനനമാണ് ഇന്ന്''. ഇതിഹാസ താരം പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് കാലെടുത്ത് വെച്ച് അര്‍ജന്റീനോസ് ജൂനിയേഴ്‌സിന്റെ സ്‌റ്റേഡിയത്തില്‍ വിങ്ങിപ്പൊട്ടുന്ന മനസുമായി തടിച്ചു കൂടിയ ആള്‍ക്കൂട്ടത്തിലൊരാളുടെ വാക്കുകള്‍ ഇങ്ങനെയാണ്...

മറഡോണയുടെ വിയോഗ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ തങ്ങളുടെ പ്രിയപ്പെട്ട താരം ജനിച്ച്, വളര്‍ന്ന വീട്ടിലും തിങ്ങി നിറയുകയാണ് അര്‍ജന്റീനക്കാര്‍...എന്നാല്‍ അവിടെ കണ്ണിരണിഞ്ഞല്ല ആരാധകരുടെ നില്‍പ്പ്. ഒരിക്കല്‍ കൂടി അവര്‍ മറഡോണയ്ക്ക് വേണ്ടി ആരവം ഉയര്‍ത്തുകയാണ്...ഒലെ ഒലെ ഡീഗോ ഡീഗോ...

''ലോകത്തിന് അര്‍ജന്റീന എന്നാല്‍ ഡീഗോയാണ്. നമുക്ക് അദ്ദേഹം സന്തോഷം നല്‍കി. ആ സന്തോഷങ്ങള്‍ക്കെല്ലാം പകരം കൊടുക്കാന്‍ ഒരിക്കലും നമുക്കാവില്ല'', അര്‍ജന്റീനിയന്‍ പ്രസിഡന്റ് അല്‍ബെര്‍ടോ ഫെര്‍നാണ്ടസ് പറഞ്ഞു. 

''ഞങ്ങളെ ഒരുപാട് സന്തോഷിപ്പിച്ചൊരു വ്യക്തിയാണ്''. ബോകാ ജൂനിയേഴ്‌സ് സ്‌റ്റേഡിയത്തിന് മുന്‍പില്‍ ഭാര്യക്കും കുഞ്ഞിനും ഒപ്പം വന്ന് നിന്ന് മരിയാനോ ജെയ്ജര്‍ എന്ന ആരാധകന്‍ പറയുന്നു. ''ഇംഗ്ലണ്ടിനെതിരെ ലോകകപ്പില്‍ അടിച്ച
രണ്ട് ഗോളുകളാണ് മറഡോണയോടുള്ള ആരാധനയ്ക്ക് പിന്നില്‍. അന്ന് 12 വയസാണ് എനിക്ക് പ്രായം. ആദ്യ ഗോള്‍ കണ്ട് ഭ്രാന്ത് പിടിച്ചത് പോലെ ഞാന്‍ അലറി. രണ്ടാമത്തെ ഗോള്‍ എനിക്ക് ഓര്‍മയില്ല...

''മറഡോണ ഞങ്ങള്‍ക്ക് പിതാവിനെ പോലെയാണ്...ഞങ്ങള്‍ അദ്ദേഹത്തിന്റെ മക്കളും''. ബോകാ ജൂനിയേഴ്‌സ് കോട്ട് ധരിച്ച് നില്‍ക്കുന്ന മകനെ ചേര്‍ത്ത് പിടിച്ച് പട്രിസിയ സാഞ്ചസ് എന്ന യുവതി പറഞ്ഞു. ഡീഗോയാണ് എക്കാലത്തേയും മികച്ചത്. രാജ്യത്തിന്റെ അഭിമാനം...ആരാധകര്‍ ഉറക്കെ വിളിച്ച് പറയുന്നു. 

മറഡോണയുടെ മരണ വാര്‍ത്ത കേട്ടതിന് പിന്നാലെ ഭക്ഷണം കഴിക്കാനായിട്ടില്ലെന്നാണ് മരിയേല കൊര്‍ഡോബ പറയുന്നത്. ''വിശപ്പെല്ലാം പോയി...ഞങ്ങളെല്ലാം ഇവിടെ വന്നു..''മറഡോണ ജനിച്ച് വളര്‍ന്ന വീടിന് സമീപം ചുവരില്‍ ഡീഗോയെ വരയ്ക്കുകയാണ് അവര്‍. ചുമരില്‍ മറഡോണയെ വരയ്ക്കുന്നതില്‍ സഹായിക്കാനാണ് ഇവിടെ എത്തിയത്...''മറഡോണയുടെയുടെ ജീവിതത്തിന്റെ അയല്‍ക്കാരാണ് ഞങ്ങള്‍...ഇവിടെ ഉള്ളവര്‍ അഭിമാനിക്കുകയാണ്...ഞങ്ങള്‍ക്ക് പറയാം മറഡോണ ഇവിടെയാണ് കഴിഞ്ഞിരുന്നത് എന്ന്...''

''ഒരിക്കലും മറക്കാനാവാത്ത കഥയിലാണ് നമ്മള്‍ ജീവിച്ചത്. ആ ചിരി ഞങ്ങള്‍ നിലനിര്‍ത്തും''. മറഡോണ പരിശീലകനായ ജിംനാസിയ ലാ പ്ലാറ്റ ട്വിറ്ററില്‍ കുറിച്ചു. നിങ്ങളുടെ നെഞ്ചിലെ ഏറ്റവും മനോഹരമായ മകുടവും ഞങ്ങള്‍ നിലനിര്‍ത്തും...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com