'മറഡോണ, ഗോളടിക്കും, തെറ്റുകള്‍ ചെയ്യും, അവയെല്ലാം ചുമലിലുമേറ്റും'

ഇംഗ്ലണ്ടിനെതിരെ ഒരു ഗോള്‍ കൂടി നേടണം...വലത് കൈകൊണ്ട്, ലോകത്തോട് മറഡോണ അവസാനമായി പറഞ്ഞത്...
'മറഡോണ, ഗോളടിക്കും, തെറ്റുകള്‍ ചെയ്യും, അവയെല്ലാം ചുമലിലുമേറ്റും'

10 സെക്കന്റ് നീണ്ട ഓട്ടം...55 മീറ്റര്‍. 55ാം മിനിറ്റ്. ഇംഗ്ലീഷ് താരങ്ങളില്‍ പകുതിയോളം പേരെ ഡ്രിബിള്‍ ചെയ്ത് തൊടുത്ത സോളോ ഗോളിലുണ്ട് ആ ധാര്‍ഷ്ട്യം.  നാല് മിനിറ്റ് മാത്രം മുന്‍പേ 'ദൈവത്തിന്റെ കൈകളില്‍' നിന്നും പിറന്ന ഗോളിനെ വെല്ലുന്ന നൂറ്റാണ്ടിന്റെ ഗോള്‍. 10ാം വയസില്‍ തുടരെ 136 മത്സരങ്ങളില്‍ ജൂനിയര്‍ ടീമായ ലോസ് സെബോളിറ്റാസിനെ ജയങ്ങളിലേക്ക് എത്തിച്ച്  കാല്‍പന്താട്ടം തുടങ്ങിയ അതിമാനുഷികന്‍ അസ്‌തെക സ്‌റ്റേഡിയത്തില്‍ നിന്ന്  ലോകത്തിന്റെ ശ്വാസോച്ഛാസം നിയന്ത്രിച്ച നിമിഷം...

ഞാന്‍ ഗോളുകളടിക്കും. തെറ്റുകള്‍ ചെയ്യും..അതെല്ലാം ഏറ്റെടുക്കാനുമാവും. ഏല്ലാവരോടും പോരടിക്കാന്‍ പാകത്തില്‍ വലിയ ചുമലുകളുണ്ട് എനിക്ക്...ഒരിക്കല്‍ മറഡോണ പറഞ്ഞു. പെലെയാണോ അതോ താനാണോ ഏറ്റവും മികച്ചവന്‍ എന്ന ചോദ്യം ഡീഗോയെ തേടി എത്തിയപ്പോള്‍, ഞാന്‍ മയക്കുമരുന്ന് ഉപയോഗിച്ചില്ലായിരുന്നു എങ്കില്‍ ഈ ചോദ്യത്തിന്റെ ആവശ്യം കൂടി വരില്ലായിരുന്നു എന്ന മറുപടിയിലുണ്ട് ബ്യൂണസ് ഐറിസിനോട് ചേര്‍ന്ന ചേരിയില്‍ ദാരിദ്ര്യത്തോട് പടവെട്ടി വളര്‍ന്നതിന്റെ ഉശിര്...

കളിക്കളത്തിന് പുറത്തെ ചെയ്തികള്‍ വേട്ടയാടി തുടങ്ങിയ ദിനങ്ങള്‍...എന്നാല്‍ ലഹരിക്ക് അടിമപ്പെടുമ്പോഴും, പച്ചപ്പുല്‍ മൈതാനത്ത് വിസ്മയിപ്പിച്ച കാലുകള്‍ ജീവിത ശൈലിയിലെ പിഴവുകള്‍ മൂലം ഭാരം വെച്ച് വന്നപ്പോഴും, മാര്‍ക്വസിനെ ആരാധിക്കുന്ന, ചെഗുവേരയെ നെഞ്ചിലേറ്റുന്ന, ഫീഡലിന്റെ സുഹൃത്തിന് ഫുട്‌ബോള്‍ ലോകത്തിന്റെ ഹൃദയത്തിലെ സ്ഥാനത്തിന് മാറ്റമുണ്ടായില്ല...

റെക്കോര്‍ഡ് തുകയ്ക്കായിരുന്നു ബാഴ്‌സയിലേക്കുള്ള മറഡോണയുടെ വരവ്, 1982ല്‍. കളം പിടിക്കാന്‍ കഴിയാതെ വന്നതോടെ 1984ല്‍ ദുര്‍ബലരായ നാപ്പോളിയിലേക്കുള്ള ഡീഗോയുടെ ചേക്കേറലും ആ ധാര്‍ഷ്ട്യങ്ങളിലൊന്ന്...ഇറ്റാലിയന്‍ ഫുട്‌ബോളില്‍ തരംതാഴ്ത്തലില്‍ നിന്ന് രക്ഷപെടുക എന്ന നേട്ടം മാത്രം മുന്‍പില്‍ വെച്ച് കളിച്ചിരുന്ന ക്ലബ്. ആ ടീമിനേയും കൊണ്ട് 1987ലും, 1990ലും മറഡോണ ലീഗ് കിരീടത്തിലേക്കെത്തി. മറഡോണയുടെ നാപ്പോളിയിലേക്കുള്ള വരവിന് പിന്നില്‍ മാഫിയ ബന്ധമുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നു. എന്നാല്‍ വടക്കന്‍ ഇറ്റലിയിലെ സമ്പന്ന ക്ലബുകള്‍ക്കെതിരെ നാപ്പോളിയെ ജയങ്ങളിലേക്ക് എത്തിച്ച് വിട്ടുകൊടുക്കാന്‍ ഒരിക്കലും തയ്യാറാവാത്ത മധ്യനിരക്കാരന്‍ പൊരുതി. 

അര്‍ജന്റീനയിലേയും ദക്ഷിണ ഇറ്റലിയിലേയും മധ്യവര്‍ഗത്തിന്റെ ഹീറോ ആയി നില്‍ക്കെ ഫുട്‌ബോളിനൊപ്പം ലഹരിയിലും ഡീഗോ അഭയം തേടി. കൊക്കെയ്ന്‍ കൈവശം വെച്ചതിന് അര്‍ജന്റീനയില്‍ വെച്ച് അറസ്റ്റിലായതോടെ നാപ്പോളിയുമായും അകന്നു. 1994ല്‍ മറ്റൊരു ലോക കിരീടം കൂടി അര്‍ജന്റീന മറഡോണയില്‍ നിന്ന് പ്രതീക്ഷിച്ചപ്പോള്‍ ലഹരി ഉപയോഗം ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല. വീണ്ടും സസ്‌പെന്‍ഷന്‍.  

2020 ഒക്ടോബര്‍ 30നാണ് മറഡോണയുടെ 60ാം ജന്മദിനം ലോകം ആഘോഷിച്ചത്. ഇംഗ്ലണ്ടിനെതിരെ ഒരു ഗോള്‍ കൂടി നേടണം...വലത് കൈകൊണ്ട്...60ാം ജന്മദിനത്തില്‍ ഇനിയുമുള്ള ആഗ്രഹങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഡീഗോ പറഞ്ഞു...ലോകത്തോട് മറഡോണ അവസാനമായി പറഞ്ഞത്...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com