ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ഏകദിനം ഇന്ന്; സിഡ്‌നിയിലെ പതിവ് തിരുത്താന്‍ കോഹ്‌ലിയും കൂട്ടരും

ഇവിടെ 14 കളിയില്‍ ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ ജയിച്ച് കയറിയപ്പോള്‍ രണ്ട് കളിയിലാണ് ഇന്ത്യ ജയിച്ചത്
ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ഏകദിനം ഇന്ന്; സിഡ്‌നിയിലെ പതിവ് തിരുത്താന്‍ കോഹ്‌ലിയും കൂട്ടരും

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്. കോവിഡ് പിടിമുറുക്കിയ മാര്‍ച്ചിന് ശേഷം ആദ്യമായി ഇന്ത്യ ഇറങ്ങുന്ന രാജ്യാന്തര മത്സരമാണ് ഇത്. സിഡ്‌നിയില്‍ വെള്ളിയാഴ്ച രാവിലെ 9.10ന് ആദ്യ ഏകദിനം ആരംഭിക്കും. 

50 ശതമാനം കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും. വലിയ സ്‌കോര്‍ കണ്ടെത്താന്‍ സഹായിക്കുന്നതാണ് സിഡ്‌നിയിലെ പിച്ച്. ഇവിടെ കളിച്ച കഴിഞ്ഞ ഏഴ് കളിയില്‍ ആറിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്‌കോര്‍ 312. 

ഓസ്‌ട്രേലിയക്കെതിരെ മികച്ച ഏകദിന റെക്കോര്‍ഡുള്ള കോഹ് ലിയില്‍ തന്നെയാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷകള്‍. എന്നാല്‍ സിഡ്‌നി കോഹ് ലിയെ കുഴപ്പിക്കുന്ന ഗ്രൗണ്ടാണ്. ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 50.17 എന്നതാണ് കോഹ് ലിയുടെ ബാറ്റിങ് ശരാശരി. അഞ്ച് സെഞ്ചുറിയും ഉള്‍പ്പെടുന്നു. എന്നാല്‍ സിഡ്‌നിയില്‍ 21 റണ്‍സ് മാത്രമാണ് കോഹ് ലിയുടെ ഉയര്‍ന്ന സ്‌കോര്‍. അഞ്ച് ഇന്നിങ്‌സ് കളിച്ചതില്‍ നിന്ന് ബാറ്റിങ് ശരാശരി 9 മാത്രം. 

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് ഭാഗ്യം കണ്ടെത്താനാവാതെ പോവുന്ന ഗ്രൗണ്ടുമാണ് സിഡ്‌നി. ഇവിടെ 14 കളിയില്‍ ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ ജയിച്ച് കയറിയപ്പോള്‍ രണ്ട് കളിയിലാണ് ഇന്ത്യ ജയിച്ചത്. ഇത്തവണ സിഡ്‌നിയെ തങ്ങള്‍ക്കനുകൂലമാക്കാന്‍ കോഹ് ലിക്കും കൂട്ടര്‍ക്കും സാധിക്കുമെന്നാണ് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ. 

ഇന്ത്യയുടെ സാധ്യത ഇലവന്‍: ശിഖര്‍ ധവാന്‍, മായങ്ക്, കോഹ് ലി, ശ്രേയസ്, രാഹുല്‍, ഹര്‍ദിക്, രവീന്ദ്ര ജഡേജ, നവ്ദീപ് സെയ്‌നി, ചഹല്‍, മുഹമ്മദ് ഷമി, ബൂമ്ര

ഓസ്‌ട്രേലിയയുടെ സാധ്യത ഇലവന്‍: ഡേവിഡ് വാര്‍ണര്‍, ഫിഞ്ച്, സ്റ്റീവ് സ്മിത്ത്, ലാബുഷെയ്ന്‍, സ്റ്റൊയ്‌നിസ്, അലക്‌സ് കെയ്‌റേ, മാക്‌സ് വെല്‍, പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ഹസല്‍വുഡ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com