ഒരു തവണ കൂടി ലംഘനമുണ്ടായാല്‍ രാജ്യത്തിന് പുറത്താക്കും ; പാക് താരങ്ങള്‍ക്ക് ന്യൂസിലന്‍ഡ് സര്‍ക്കാരിന്റെ അന്ത്യശാസനം 

താരങ്ങളെ നാട്ടിലേക്ക് മടക്കി അയക്കുമെന്നാണ് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ക്രൈസ്റ്റ് ചര്‍ച്ച് : ഇനി ഒരു തവണ കൂടി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളെ രാജ്യത്ത് നിന്നും പുറത്താക്കുമെന്ന് ന്യൂസിലന്‍ഡിന്റെ മുന്നറിയിപ്പ്. ഇതിവരെ നാലോ അഞ്ചോ തവണയാണ് പാക് താരങ്ങള്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയത്. ഒരു തവണ കൂടി ലംഘനം ഉണ്ടായാല്‍ പാക് താരങ്ങളെ നാട്ടിലേക്ക് മടക്കി അയക്കുമെന്നാണ് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചത്. 

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വാസിം ഖാന്‍ താരങ്ങളുമായി നടത്തിയ വാട്‌സ് ആപ്പ് സന്ദേശത്തിലാണ് മുന്നറിയിപ്പിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇനി കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായാല്‍ താരങ്ങളെ നാട്ടിലേക്ക് മടക്കി അയക്കുമെന്നാണ് അന്ത്യശാസനം നല്‍കിയിട്ടുള്ളത്. പ്രോട്ടോക്കോള്‍ പ്രകാരം മുറിക്കുള്ളില്‍ അടച്ചിരിക്കുക എന്നത് എളുപ്പമല്ല. എന്നാല്‍ ഇത് രാജ്യത്തിന്റെ ബഹുമാനത്തിന്റെയും വിശ്വാസ്യതയുടെയും കാര്യമാണ്. 

ഈ 14 ദിവസങ്ങള്‍ നിരീക്ഷിക്കുക, തുടര്‍ന്ന് നിങ്ങള്‍ക്ക് റെസ്‌റ്റോറന്റുകളില്‍ പോയി സ്വതന്ത്രമായി കറങ്ങാനുള്ള സ്വാതന്ത്ര്യം ലഭിക്കും. ഒരു ലംഘനം കൂടി നടത്തിയാല്‍ നാട്ടിലേക്ക് അയക്കുമെന്ന് അവര്‍ വ്യക്തമായി പറഞ്ഞു. പാക് സിഇഒ വാസിം ഖാന്‍ വാട്‌സ് ആപ്പ് സന്ദേശത്തില്‍ വെളിപ്പെടുത്തുന്നു. 

കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ ആറ് പാക് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചവരെ ക്വാറന്റീനിലാക്കുകയും, മറ്റ് താരങ്ങളോട് ഹോട്ടല്‍ റൂമിന് പുറത്തിറങ്ങരുതെന്നുമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. നേരത്തെ ന്യൂസിലന്‍ഡ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പാക് താരങ്ങള്‍ പുറത്തുപോയത് സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയിരുന്നു. മൂന്ന് ട്വന്റി20 മല്‍സരങ്ങളും രണ്ട് ടെസ്റ്റുകളുമാണ് പാകിസ്ഥാന്റെ ന്യൂസിലന്‍ഡ് പര്യടനത്തിലുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com