'ദൈവത്തിന്റെ കൈകള്‍' പതിഞ്ഞ ജേഴ്‌സി സ്വന്തമാക്കാം; വില 14 കോടി 

ഒരു മില്യണ്‍ ഡോളറാണ് ഐതിഹാസിക മത്സരത്തില്‍ മറഡോണ അണിഞ്ഞ ജേഴ്‌സിയുടെ വിലയായി നിശ്ചയിച്ചിരിക്കുന്നത്
'ദൈവത്തിന്റെ കൈകള്‍' പതിഞ്ഞ ജേഴ്‌സി സ്വന്തമാക്കാം; വില 14 കോടി 

ലണ്ടന്‍: ഇതിഹാസ താരത്തിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്ന് തിരികെ വരികയാണ് ലോകം. മറഡോണയോടുള്ള സ്‌നേഹം എത്രമാത്രമെന്ന് ലോകം കാണിച്ച് തരുന്ന ഈ സമയം മറഡോണയുടെ ജേഴ്‌സി സ്വന്തമാക്കാനുള്ള അവസരവും മുന്‍പിലേക്ക് എത്തുന്നു. 1986 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ അണിഞ്ഞ മറഡോണയുടെ ജേഴ്‌സിയാണ് വില്‍പ്പനക്ക് വെക്കുന്നത്. 

ഒരു മില്യണ്‍ ഡോളറാണ് ഐതിഹാസിക മത്സരത്തില്‍ മറഡോണ അണിഞ്ഞ ജേഴ്‌സിയുടെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ നാഷണല്‍ ഫുട്‌ബോള്‍ മ്യൂസിയത്തിലാണ് ആ ജേഴ്‌സി ഇപ്പോള്‍. 

മെക്‌സിക്കോ സിറ്റിയിലെ ലോകകപ്പ് മത്സരത്തിന് ശേഷം ഇംഗ്ലണ്ട് മുന്‍ താരം സ്റ്റീവ് ഹോഡ്ജിന് മറഡോണ കൈമാറിയതാണ് ഈ ജേഴ്‌സി. മത്സരത്തിന് ശേഷം ടണലില്‍ വെച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹവുമായി ജേഴ്‌സി കൈമാറാനുള്ള അവസരമുണ്ടായെന്ന് സ്റ്റീവ് ഹോഡ്ജ് പറയുന്നു. 

ദൈവത്തിന്റെ കൈകളിലെ ജേഴ്‌സിക്ക് വില നിശ്ചയിക്കുക പ്രയാസമാണ്. എന്നാല്‍ അതിന്റെ ഉടമ രണ്ട് മില്യണ്‍ ഡോളറാണ് കണക്കാക്കുന്നത്, ന്യൂജേഴ്‌സിയിലെ ഡോള്‍ഡിന്‍ ഓക്ഷനിലെ ഡേവിഡ് അമെര്‍മാന്‍ പറഞ്ഞു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ജേഴിയുടെ വില ഉയര്‍ന്നതാണ് എന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

10,000 ഡോളറിനാണ് മറഡോണയുടെ റൂക്കി ഫുട്‌ബോള്‍ കാര്‍ഡ് വിറ്റുപോയത്. ഇന്നായിരുന്നു എങ്കില്‍ അതിന് 20,000 ഡോളര്‍ ലഭിക്കുമായിരുന്നു. പണം കയ്യിലുള്ളവര്‍ മറഡോണയുടെ ഈ ജേഴ്‌സിക്ക് വേണ്ടിയും വരുമെന്ന് അമെര്‍മാന്‍ പറഞ്ഞു. 

നവംബര്‍ 25നാണ് ഫുട്‌ബോള്‍ ഇതിഹാസം വിടപറഞ്ഞത്. ബ്യൂണസ് ഐറിസിലെ വസതിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് വരികയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com