ഇന്ത്യക്ക് മുന്‍പില്‍ 390 റണ്‍സ്, വീണ്ടും പഞ്ഞിക്കിട്ട് ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിര 

നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 389 റണ്‍സ് ആണ് ഓസ്‌ട്രേലിയ അടിച്ചു കൂട്ടിയത്
ഇന്ത്യക്ക് മുന്‍പില്‍ 390 റണ്‍സ്, വീണ്ടും പഞ്ഞിക്കിട്ട് ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിര 

സിഡ്‌നി: രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് മുന്‍പില്‍ കൂറ്റന്‍ വിജയ ലക്ഷ്യം വെച്ച് ഓസ്‌ട്രേലിയ. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 389 റണ്‍സ് ആണ് ഓസ്‌ട്രേലിയ അടിച്ചു കൂട്ടിയത്. 

തുടരെ രണ്ടാം സെഞ്ചുറിയിലേക്ക് എത്തിയ സ്മിത്താണ് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന് വേഗവും കരുത്തും നല്‍കിയത്. 64 പന്തില്‍ നിന്ന് 14 ഫോറും രണ്ട് സിക്‌സും പറത്തിയാണ് സ്മിത്ത് 104 റണ്‍സ് നേടിയത്. അവസാന ഓവറുകളില്‍ മാക്‌സ് വെല്‍ തകര്‍ത്തടിക്കുക കൂടി ചെയ്തതോടെ 400ന് അടുത്തേക്ക് ഓസ്‌ട്രേലിയ എത്തി. 29 പന്തില്‍ നിന്ന് നാല് ഫോറും നാല് സിക്‌സും പറത്തിയാണ് മാക്‌സ് വെല്‍ ക്രീസ് വിട്ടത്. 

ക്രീസില്‍ എത്തിയ ഓസ്‌ട്രേലിയയുടെ ആറ് ബാറ്റ്‌സ്മാന്മാരും തങ്ങളുടെ സ്‌കോര്‍ അര്‍ധ ശതകം കടത്തി എന്ന പ്രത്യേകതയുമുണ്ട്. വാര്‍ണര്‍ 77 പന്തില്‍ 83 റണ്‍സ്, ഫിഞ്ച് 69 പന്തില്‍ 60 റണ്‍സ്. ലാബുഷെയ്ന്‍ 64 പന്തില്‍ 70 റണ്‍സ്. മാക്‌സ് വെല്‍ അര്‍ധ ശതകം പിന്നിട്ടത് 25 പന്തില്‍ നിന്ന്. 

ബൗളിങ്ങില്‍ ഹര്‍ദിക് പാണ്ഡ്യ തിരികെ എത്തിയത് ഇന്ത്യക്ക് ആശ്വാസം നല്‍കുന്നതാണ് എങ്കിലും ഓസ്‌ട്രേലിയയുടെ റണ്‍ഒഴുക്ക് തടയാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. നാല് ഓവറാണ് ഹര്‍ദിക് പാണ്ഡ്യ 24 റണ്‍സ് വഴങ്ങി സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്തി. ഒരു ഘട്ടത്തിലും മികവ് കാണിക്കാതിരുന്ന സെയ്‌നിയുടെ കൈകളിലേക്കാണ് കോഹ് ലി അവസാന ഓവര്‍ നല്‍കിയത്. അവസാന ഓവറില്‍ സെയ്‌നിയുടെ മൂന്നാമത്തേയും നാലാമത്തേയും ഡെലിവറി മാക്‌സ് വെല്‍ നിലം തൊടീക്കാതെ പറത്തി. 

ഷമിയും ബൂമ്രയും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും റണ്‍ഒഴുക്ക് തടയാന്‍ ഒരുവിധത്തിലുമായില്ല. സ്പിന്നര്‍മാര്‍ക്ക് അല്‍പ്പമെങ്കിലും സാധ്യതയുണ്ടായ പിച്ചില്‍ ചഹല്‍ വീണ്ടും നിരാശപ്പെടുത്തി. 9 ഓവറില്‍ 71 റണ്‍സ് ആണ് ചഹല്‍ വഴങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com