രണ്ടാം മത്സരത്തിലും ഇന്ത്യ തോറ്റു; ഓസ്‌ട്രേലിയയുടെ വിജയം 62 റണ്‍സിന് 

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം എകദിന മത്സരത്തിലും ഇന്ത്യക്ക് തോല്‍വി.
രണ്ടാം മത്സരത്തിലും ഇന്ത്യ തോറ്റു; ഓസ്‌ട്രേലിയയുടെ വിജയം 62 റണ്‍സിന് 

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം എകദിന മത്സരത്തിലും ഇന്ത്യക്ക് തോല്‍വി. 390 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക്് റണ്‍സ് 339എടുക്കാനെ കഴിഞ്ഞുള്ളു. വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ 87 പന്തില്‍ നിന്ന് 89 റണ്‍സ് ആണ് കോലി നേടിയത്. ഇതില്‍ രണ്ട് സിക്‌സും 7 ഫോറും ഉള്‍പ്പെടുന്നു. 66 പന്തില്‍ നിന്ന് കെഎല്‍ രാഹുല്‍ 76 റണ്‍സ് നേടി. ശ്രേയാംസ് അയ്യര്‍ 38, ശിഖര്‍ ധവാന്‍ 30 റണ്‍സ് നേടി. 

ഓപ്പണിങ് വിക്കറ്റില്‍ 58 റണ്‍സ് ചേര്‍ത്ത ശേഷമാണ് മായങ്ക് അഗര്‍വാള്‍ - ശിഖര്‍ ധവാന്‍ കൂട്ടുകെട്ട് പിരിഞ്ഞത്. 23 പന്തില്‍ നിന്ന് അഞ്ചു ഫോറുകളടക്കം 30 റണ്‍സെടുത്ത ധവാനെ പുറത്താക്കി ഹെയ്‌സല്‍വുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ മായങ്ക് അഗര്‍വാളിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. 26 പന്തില്‍ നിന്ന് നാലു ഫോറുകളടക്കം 28 റണ്‍സെടുത്താണ് മായങ്ക് പുറത്തായത്.

പിന്നാലെ ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ വിരാട് കോലിയും ശ്രേയസ് അയ്യരും നാലാം വിക്കറ്റില്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 36 പന്തില്‍ നിന്ന് അഞ്ചു ഫോറുകളടക്കം 38 റണ്‍സെടുത്ത അയ്യരെ സ്റ്റീവ് സ്മിത്ത് തകര്‍പ്പനൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ കെ.എല്‍ രാഹുലിനെ കൂട്ടുപിടിച്ച് കോലി 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 87 പന്തില്‍ നിന്ന് രണ്ടു സിക്സും ഏഴു ഫോറുമായി സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന കോലിയെ ഹെന്റിക്വസ് ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 389 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. തുടരെ രണ്ടാം സെഞ്ചുറിയിലേക്ക് എത്തിയ സ്മിത്താണ് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന് വേഗവും കരുത്തും നല്‍കിയത്. 64 പന്തില്‍ നിന്ന് 14 ഫോറും രണ്ട് സിക്‌സും പറത്തിയാണ് സ്മിത്ത് 104 റണ്‍സ് നേടിയത്. അവസാന ഓവറുകളില്‍ മാക്‌സ് വെല്‍ തകര്‍ത്തടിക്കുക കൂടി ചെയ്തതോടെ 400ന് അടുത്തേക്ക് ഓസ്‌ട്രേലിയ എത്തി. 29 പന്തില്‍ നിന്ന് നാല് ഫോറും നാല് സിക്‌സും പറത്തിയാണ് മാക്‌സ് വെല്‍ ക്രീസ് വിട്ടത്. 

ക്രീസില്‍ എത്തിയ ഓസ്‌ട്രേലിയയുടെ ആറ് ബാറ്റ്‌സ്മാന്മാരും തങ്ങളുടെ സ്‌കോര്‍ അര്‍ധ ശതകം കടത്തി എന്ന പ്രത്യേകതയുമുണ്ട്. വാര്‍ണര്‍ 77 പന്തില്‍ 83 റണ്‍സ്, ഫിഞ്ച് 69 പന്തില്‍ 60 റണ്‍സ്. ലാബുഷെയ്ന്‍ 64 പന്തില്‍ 70 റണ്‍സ്. മാക്‌സ് വെല്‍ അര്‍ധ ശതകം പിന്നിട്ടത് 25 പന്തില്‍ നിന്ന്. 

ബൗളിങ്ങില്‍ ഹര്‍ദിക് പാണ്ഡ്യ തിരികെ എത്തിയത് ഇന്ത്യക്ക് ആശ്വാസം നല്‍കുന്നതാണ് എങ്കിലും ഓസ്‌ട്രേലിയയുടെ റണ്‍ഒഴുക്ക് തടയാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. നാല് ഓവറാണ് ഹര്‍ദിക് പാണ്ഡ്യ 24 റണ്‍സ് വഴങ്ങി സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്തി. ഒരു ഘട്ടത്തിലും മികവ് കാണിക്കാതിരുന്ന സെയ്‌നിയുടെ കൈകളിലേക്കാണ് കോഹ് ലി അവസാന ഓവര്‍ നല്‍കിയത്. അവസാന ഓവറില്‍ സെയ്‌നിയുടെ മൂന്നാമത്തേയും നാലാമത്തേയും ഡെലിവറി മാക്‌സ് വെല്‍ നിലം തൊടീക്കാതെ പറത്തി. 

ഷമിയും ബൂമ്രയും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും റണ്‍ഒഴുക്ക് തടയാന്‍ ഒരുവിധത്തിലുമായില്ല. സ്പിന്നര്‍മാര്‍ക്ക് അല്‍പ്പമെങ്കിലും സാധ്യതയുണ്ടായ പിച്ചില്‍ ചഹല്‍ വീണ്ടും നിരാശപ്പെടുത്തി. 9 ഓവറില്‍ 71 റണ്‍സ് ആണ് ചഹല്‍ വഴങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com