'വിജയം മാന്ത്രിക മനുഷ്യന് സമര്‍പ്പിക്കുന്നു'- മറഡോണയ്ക്ക് ബൊക്ക ജൂനിയേഴ്‌സിന്റെ ആദരം; ഗാലറിയിലിരുന്ന്  പൊട്ടിക്കരഞ്ഞ് മകള്‍ ഡല്‍മ (വീഡിയോ)

'വിജയം മാന്ത്രിക മനുഷ്യന് സമര്‍പ്പിക്കുന്നു'- മറഡോണയ്ക്ക് ബൊക്ക ജൂനിയേഴ്‌സിന്റെ ആദരം; ഗാലറിയിലിരുന്ന്  പൊട്ടിക്കരഞ്ഞ് മകള്‍ ഡല്‍മ 
'വിജയം മാന്ത്രിക മനുഷ്യന് സമര്‍പ്പിക്കുന്നു'- മറഡോണയ്ക്ക് ബൊക്ക ജൂനിയേഴ്‌സിന്റെ ആദരം; ഗാലറിയിലിരുന്ന്  പൊട്ടിക്കരഞ്ഞ് മകള്‍ ഡല്‍മ (വീഡിയോ)

ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോള്‍ മാന്ത്രികനും ലോകകപ്പ് ജേതാവും ഇതിഹാസ താരവുമായ ഡീഗോ മറഡോണ കഴിഞ്ഞ ദിവസമാണ് ഈ ലോകത്തോട് വിട പറഞ്ഞത്. ലോകം മുഴുവന്‍ ആ അതുല്യ പ്രതിഭയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. അര്‍ജന്റീനയില്‍ മൂന്ന് ദിവസമായിരുന്നു ഔദ്യോഗിക ദുഃഖാചരണം. 

കഴിഞ്ഞ ദിവസം മറഡോണ കളിച്ച രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആ അന്തരീക്ഷത്തില്‍ മുഴുവന്‍ മുന്‍ ഇതിഹാസ താരത്തിന്റെ ഓര്‍മകള്‍ നിറഞ്ഞു നിന്നു. മറഡോണ മുന്‍പ് കളിച്ചിട്ടുള്ള ബൊക്ക ജൂനിയേഴ്‌സ് ക്ലബും ന്യൂവെല്‍സ് ഓള്‍ ബോയ്‌സ് ടീമുമാണ് നേര്‍ക്കുനേര്‍ വന്നത്. ബൊക്കയുടെ തട്ടകത്തിലായിരുന്നു കളി. ബൊക്ക ജൂനിയേഴ്‌സ് താരങ്ങളെല്ലാം മറഡോണ എന്ന പേരെഴുതിയ ജേഴ്‌സിയണിഞ്ഞാണ് കളിച്ചതും. 

മറഡോണയുടെ മകള്‍ ഡല്‍മ പിതാവിന് ആദരമര്‍പ്പിക്കുന്ന കളി കാണാന്‍ ഗാലറിയില്‍ എത്തിയിരുന്നു. ആദ്യ ഗോള്‍ നേടിയ ശേഷം ബൊക്ക താരങ്ങള്‍ ചേര്‍ന്ന് മറഡോണയ്ക്ക് ആദരമര്‍പ്പിക്കുന്നത് കണ്ട് ഡല്‍മ ഗാലറിയില്‍ ഇരുന്നു പൊട്ടിക്കരയുന്നുണ്ടായിരുന്നു. 

കളി തുടങ്ങി 12ാം മിനുട്ടില്‍ തന്നെ കൊളംബിയ മിഡ്ഫീല്‍ഡര്‍ എഡ്വിന്‍ കാര്‍ഡോണ ബൊക്ക ജൂനിയേഴ്‌സിനായി ആദ്യ ഗോള്‍ നേടി. ഇതിന് പിന്നാലെയായിരുന്നു താരങ്ങളുടെ ഇതിഹാസ താരത്തിനുള്ള ആദരം. ടീമിലെ കളിക്കാര്‍ ഗാലറിയിലേക്ക് തിരിഞ്ഞ് മറഡോണ എന്നെഴുതിയ ടീ ഷര്‍ട്ട് നിലത്ത് വിരിച്ച ശേഷം കൈകളടിച്ച് മറഡോണയ്ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചായിരുന്നു ഗോള്‍ നേട്ടമാഘോഷിച്ചത്. ബൊക്ക ക്ലബിന്റെ അധികൃതരും ഈ സമയത്ത് ഗാലറിയിലുണ്ടായിരുന്നു. എഴുന്നേറ്റ് നിന്ന് കൈയടിച്ചായിരുന്നു ക്ലബ് ഭാരവാഹികള്‍ ഇതിനൊപ്പം ചേര്‍ന്നത്. 

മൈതാനത്തെ ഈ വൈകാരിക മുഹൂര്‍ത്തങ്ങള്‍ കണ്ടതോടെയാണ് ഡല്‍മ പൊട്ടിക്കരഞ്ഞത്. ഇരു കൈകളും തലയില്‍ വച്ച് ദുഃഖം കടിച്ചമര്‍ത്താന്‍ അവര്‍ പാടുപ്പെട്ടു. 

20ാം മിനുട്ടില്‍ രണ്ടാം ഗോളും കാര്‍ഡോണ തന്നെ വലയിലാക്കി ബൊക്കയ്ക്ക് 2-0ത്തിന്റെ വിജയം സമ്മാനിക്കുകയും ചെയ്തു. മത്സരം അവസാനിച്ച് വിസില്‍ മുഴങ്ങിയതിന് പിന്നാലെ സ്റ്റേഡിയത്തിലെ സ്പീക്കറില്‍ നിന്ന് 'ലൈവ് ഈസ് ലൈഫ്' എന്ന ഗാനവും മുഴങ്ങി. മത്സരം അവസാനിച്ച ശേഷം ബൊക്ക താരങ്ങളെല്ലാം ചേര്‍ന്ന് ഒരിക്കല്‍ കൂടി ഡല്‍മയെ നോക്കി കൈകളടിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com