'മറഡോണ ബലാത്സംഗ കുറ്റവാളി, ആദരിക്കാന്‍ സൗകര്യമില്ല, മൗനം ആചരിക്കാന്‍ എന്നെ കിട്ടില്ല'- പ്രതിഷേധവുമായി വനിതാ ഫുട്‌ബോള്‍ താരം

'മറഡോണ ബലാത്സംഗ കുറ്റവാളി, ആദരിക്കാന്‍ സൗകര്യമില്ല, മൗനം ആചരിക്കാന്‍ എന്നെ കിട്ടില്ല'- പ്രതിഷേധവുമായി വനിതാ ഫുട്‌ബോള്‍ താരം
'മറഡോണ ബലാത്സംഗ കുറ്റവാളി, ആദരിക്കാന്‍ സൗകര്യമില്ല, മൗനം ആചരിക്കാന്‍ എന്നെ കിട്ടില്ല'- പ്രതിഷേധവുമായി വനിതാ ഫുട്‌ബോള്‍ താരം

മാഡ്രിഡ്: കഴിഞ്ഞ ദിവസം അന്തരിച്ച അര്‍ജന്റീന ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് ആദരമര്‍പ്പിക്കുകയാണ് ഫുട്‌ബോള്‍ ലോകം. കഴിഞ്ഞ ദിവസം ലാ ലിഗ മത്സരത്തിനിറങ്ങിയ സൂപ്പര്‍ താരം ലയണല്‍ മെസിയും മറഡോണയെ അനുസ്മരിച്ചിരുന്നു. അതിനിടെ ഇതാ മറഡോണയ്‌ക്കെതിരെ പ്രതിഷേധവുമായി ഒരു വനിതാ ഫുട്‌ബോള്‍ താരം. 

സ്പാനിഷ് വനിതാ പോരാട്ടത്തിനിടെ നടന്ന നാടകീയമായ ഒരു സംഭവമാണ് ഈ പ്രതിഷേധത്തെ ശ്രദ്ധേയമാക്കിയത്. സ്പാനിഷ് വനിതാ ഫുട്‌ബോള്‍ താരമായ പൗല ഡപെനയാണ് മറഡോണയ്‌ക്കെതിരെ പ്രതിഷേധം പരസ്യമായി തന്നെ പ്രകടിപ്പിച്ചത്. മറഡോണ ബലാത്സംഗ കുറ്റവാളിയാണെന്നും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ആളാണെന്നും ഒട്ടും മര്യാദ പുലര്‍ത്താത്ത വ്യക്തിയാണെന്നും ആരോപിച്ചായിരുന്നു 24കാരിയുടെ പ്രതിഷേധം. 

വിയാജെസ് ഇന്റെരിയാസ്- ഡിപോര്‍ടീവോ അബന്‍ക്ക പോരാട്ടത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. വിയാജെസിന്റെ താരമാണ് ഡപെന. മത്സരം ആരംഭിക്കുന്നതിന് മുന്‍പ് ഇരു ടീമുകളുടേയും താരങ്ങള്‍ ഗ്രൗണ്ടില്‍ ഒരു നിമിഷം മൗനമായി നില്‍ക്കുകയായിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ നിന്നപ്പോള്‍ ഡപെന അതേ നിരയില്‍ തന്നെ തിരിഞ്ഞ് ഇരുന്നാണ് തന്റെ പ്രതിഷേധം പരസ്യമായി തന്നെ പ്രകടിപ്പിച്ചത്. 

'ലൈംഗിക കുറ്റവാളിയായ, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന, സാമാന്യ മര്യാദ ജീവിതത്തില്‍ ഒട്ടും പുലര്‍ത്താത്ത അയാള്‍ക്ക് വേണ്ടി മൗനം ആചരിക്കാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. ചൂഷണത്തിന് ഇരയാകുന്നവര്‍ക്കായി ഒരു മിനിട്ട് മൗനമാചരിക്കാന്‍ സമയം ഇല്ല. അവരോട് ഒരു അനുഭാവവും ആര്‍ക്കും തോന്നുന്നില്ല. എന്നാല്‍ പീഡിപ്പിച്ച ആള്‍ക്ക് വേണ്ടി മൗനമാചരിക്കുന്നു. ഇതിനോട് എനിക്ക് ഒട്ടും യോജിക്കാന്‍ സാധിക്കുന്നില്ല'- ഡപെന തുറന്നടിച്ചു. 

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം കഴിഞ്ഞ ദിവസമായിരുന്നു. അന്നും മത്സരമുണ്ടായിരുന്നു. എന്നാല്‍ ആ ദിവസം മത്സരം തുടങ്ങും മുന്‍പ് മൗനം ആചരിക്കാന്‍ ആരും നിന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഡപെനയുടെ പ്രതിഷേധം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com