ആസിഫ് ആ കടുംകൈ ചെയ്തിട്ടില്ല, മലയാളി താരം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് ചെന്നൈ സിഇഒ

തെറ്റായ പ്രചാരണമാണ് നടക്കുന്നത് എന്ന് കാശി വിശ്വനാഥന്‍ വാര്‍ത്താ ഏജന്‍സിയായ എന്‍ഐയോട് പറഞ്ഞു
ആസിഫ് ആ കടുംകൈ ചെയ്തിട്ടില്ല, മലയാളി താരം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് ചെന്നൈ സിഇഒ

ദുബായ്: മലയാളി താരം കെ എം ആസിഫ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന നിലയില്‍ വന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍. തെറ്റായ പ്രചാരണമാണ് നടക്കുന്നത് എന്ന് കാശി വിശ്വനാഥന്‍ വാര്‍ത്താ ഏജന്‍സിയായ എന്‍ഐയോട് പറഞ്ഞു. 

വസ്തുതകള്‍ അന്വേഷിച്ചാണോ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് എന്നതില്‍ എനിക്ക് സംശയമുണ്ട്. ഹോട്ടല്‍ ലോബിയില്‍ തന്നെ ചെന്നൈ കളിക്കാര്‍ക്കായി പ്രത്യേക റിസപ്ഷനുണ്ട്. കളിക്കാരുടെ ആവശ്യങ്ങള്‍ക്ക് മാത്രമായി ഒരു വിഭാഗം ജീവനക്കാരുമുണ്ട്. ഹോട്ടലിലെ മറ്റ് സ്റ്റാഫുമായി ആസിഫ് സമ്പര്‍ക്കത്തില്‍ വരില്ലെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു. 

ഹോട്ടല്‍ മുറിയുടെ താക്കോല്‍ മാറി പോയതിനാല്‍ ആസിഫ് റിസപ്ഷനില്‍ എത്തിയത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണ് എന്ന നിലയിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതേ തുടര്‍ന്ന് ആസിഫ് ആറ് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയെന്നും, ടീമിനൊപ്പം പരിശീലനത്തില്‍ ചേര്‍ന്നതായും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ ഇപ്പോള്‍. 

ആസിഫിന്റെ കൈവശമുണ്ടായിരുന്ന താക്കോല്‍ കളഞ്ഞു പോയെന്നുള്ളത് സത്യമാണ്. സ്‌പെയര്‍ താക്കോലിനായി റിസപ്ഷനിലേക്ക് ആസിഫ് പോയി. എന്നാല്‍ ഹോട്ടല്‍ ജീവനക്കാരുടെ അടുത്തേക്ക് അല്ല ആസിഫ് പോയത്. കളിക്കാരുടെ കാര്യങ്ങള്‍ നോക്കാന്‍ പ്രത്യേകം നിയോഗിച്ച ജീവനക്കാരുടെ അടുത്തേക്കാണ് ആസിഫ് പോയത്. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com