എന്തും സംഭവിക്കാം ധോനി നില്‍ക്കുമ്പോള്‍; എന്നിട്ടും 18കാരന് അവസാന ഓവര്‍, ഭാവി ഓള്‍റൗണ്ടര്‍? 

സെപ്തംബര്‍ 29ന് മാത്രം ഐപിഎല്ലിലെ തന്റെ ആദ്യ മത്സരം കളിച്ച ബൗളറിന്റെ കൈകളിലേക്കാണ് ധോനി സ്‌ട്രൈക്ക് ചെയ്യുമ്പോള്‍ വാര്‍ണര്‍ പന്ത് നല്‍കിയത്
എന്തും സംഭവിക്കാം ധോനി നില്‍ക്കുമ്പോള്‍; എന്നിട്ടും 18കാരന് അവസാന ഓവര്‍, ഭാവി ഓള്‍റൗണ്ടര്‍? 

ദുബായ്: തുടരെ മൂന്നാം തോല്‍വി എന്ന നാണക്കേട് ഒഴിവാക്കാന്‍ ചെന്നൈ. ക്രീസില്‍ ധോനിയും. പ്രതിരോധിക്കേണ്ടത് 28 റണ്‍സ്. ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ എന്തും സംഭവിക്കാമെന്ന അവസ്ഥ. സണ്‍റൈസേഴ്‌സിന്റെ പതിനെട്ടുകാരന്റെ കൈകളിലേക്ക് പന്ത് നല്‍കുന്നതില്‍ നിന്ന് വാര്‍ണറെ ഇതൊന്നും പിന്തിരിപ്പിച്ചില്ല. 

ജമ്മു കശ്മീരില്‍ നിന്നുള്ള ക്രിക്കറ്റ് താരം. ഇവിടെ നിന്ന് ഐപിഎല്ലില്‍ കളിക്കുന്ന മൂന്നാമത്തെ മാത്രം താരം. ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍ വളര്‍ത്തിക്കൊണ്ടുവരുന്ന ഓള്‍ റൗണ്ടര്‍. സെപ്തംബര്‍ 29ന് മാത്രം ഐപിഎല്ലിലെ തന്റെ ആദ്യ മത്സരം കളിച്ച ബൗളറിന്റെ കൈകളിലേക്കാണ് ധോനി സ്‌ട്രൈക്ക് ചെയ്യുമ്പോള്‍ വാര്‍ണര്‍ പന്ത് നല്‍കിയത്. 

ധോനിക്കെതിരെ 20ാം ഓവറിലെ ആദ്യ ഡെലിവറി. ട്രാക്കിന് പുറത്തേക്കിറങ്ങിയ ധോനിയേയും, വിക്കറ്റിന് പിന്നില്‍ ബെയര്‍‌സ്റ്റോയേയും കബളിപ്പിച്ച് പന്ത് വൈഡായി ബൗണ്ടറി ലൈന്‍ തൊട്ടു. ഇതോടെ ആറ് പന്തില്‍ 23 എന്നതായി ചെന്നൈയുടെ വിജയ ലക്ഷ്യം. പിന്നത്തെ ഡെലിവറിയില്‍ ട്രാക്കിന് പുറത്തേക്കിറങ്ങി ലോങ് ഓണിലേക്ക് ധോനിയുടെ ഷോട്ട്. മനീഷ് പാണ്ഡേയുടെ ഫീല്‍ഡിങ് പിഴവിലൂടെ രണ്ട് റണ്‍സ്. 

രണ്ടാമത്തെ സമദിന്റെ ഡെലിവറി മികച്ചതായിട്ടും ബുള്ളറ്റ് കണക്കെ വന്ന ധോനിയുടെ ഷോട്ട് ബൗണ്ടറി ലൈന്‍ തൊട്ടു. പിന്നെ വന്ന മൂന്ന് പന്തിലും സമദ് വഴങ്ങിയത് സിംഗിളുകള്‍ മാത്രം. അവസാന പന്തില്‍ കറാന്‍ സിക്‌സ് പറത്തിയെങ്കിലും സണ്‍റൈസേഴ്‌സിന്റെ ജയം തടയാനായില്ല. 

സമദിനെ ഞാന്‍ പിന്തുണച്ചു. അഭിഷേകിന് പന്ത് നല്‍കായിരുന്നു. എന്നാല്‍ അവന്റെ ഉയരവും, ഈ രാത്രി പന്തെറിഞ്ഞ വിധവും കണ്ടപ്പോള്‍ സമദിനൊപ്പം ഞാന്‍ നിന്നു, ഡേവിഡ് വാര്‍ണര്‍ പറഞ്ഞത് ഇങ്ങനെ. സ്‌ട്രോങ് ഹിറ്ററാണ് സമദ്. അതേ മികവ് ബൗളിങ്ങിലും കാണിക്കുന്നു. വളരെ റിലാക്‌സ് ആണ്. ശാന്തനാണ്. അതാണ് എനിക്ക് സമദില്‍ ഇഷ്ടം. അവസാന ഓവര്‍ എറിയാന്‍ ക്യാപ്റ്റന്‍ അവനോട് പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ചു. ചിരിച്ചുകൊണ്ട്, ബൗളിങ് ആസ്വദിക്കുകയാണ് വേണ്ടത്..ഞാന്‍ ചെയ്യുന്നതും അതാണ്...റാഷിദ് ഖാന്‍ പറഞ്ഞു. 

2019ലെ ഐപിഎല്‍ താര ലേലത്തിന് മുന്‍പായി ലക്ഷ്മണ്‍ ജമ്മുകശ്മീര്‍ പരിശീലകനെ വിളിച്ചിരുന്നതായാണ് വിവരം. സണ്‍റൈസേഴ്‌സിന് വേണ്ടി ഫിനിഷര്‍ ആവാന്‍ പ്രാപ്തമായ കളിക്കാരനെ തേടിയായിരുന്നു ലക്ഷ്മണിന്റെ കോള്‍. ഇതുവരെ കളിച്ച 11 ട്വന്റി20യില്‍ നിന്ന് 40 ആണ് സമദിന്റെ ബാറ്റിങ് ശരാശരി. സ്‌ട്രൈക്ക്‌റേറ്റ് 136.36. കഴിഞ്ഞ രഞ്ജി സീസണില്‍ 592 റണ്‍സ് ആണ് സമദ് അടിച്ചത്. പറത്തിയത് 36 സിക്‌സും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com