'ഹൃദയഭേദകം'- ക്ഷീണിതനായിട്ടും പൊരുതി നിന്ന് ധോനി; ചെന്നൈയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

'ഹൃദയഭേദകം'- ക്ഷീണിതനായിട്ടും പൊരുതി നിന്ന് ധോനി; ചെന്നൈയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍
'ഹൃദയഭേദകം'- ക്ഷീണിതനായിട്ടും പൊരുതി നിന്ന് ധോനി; ചെന്നൈയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ പൂര്‍ണ ആരോഗ്യത്തോടെ ദീര്‍ഘനാള്‍ കളിക്കാന്‍ സാധിച്ച താരമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോനി. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി അഞ്ചാമനായി ക്രീസിലെത്തിയ ധോനി കളിയുടെ അവസാന നിമിഷങ്ങളില്‍ ക്ഷീണിച്ച് അവശനായതാണ് ഇപ്പോള്‍  പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. 

ക്രിക്കറ്റില്‍ പൂര്‍ണ ഫിറ്റായി കളിക്കുന്ന ധോനി ഇങ്ങനെ ക്ഷീണിതനായത് ആരാധകരെ അമ്പരപ്പിച്ചു. അതിനിടെ അവസാനം വരെ പൊരുതിയിട്ടും ഏഴ് റണ്‍സിന് പരാജയപ്പെടേണ്ടി വന്നതിന് നായകനോട് ക്ഷമാപണമെന്ന നിലയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇട്ട പോസ്റ്റ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തു. 

ചെന്നൈ ഇന്നിങ്‌സിന്റെ 13ാം ഓവര്‍ മുതലാണ് നായകന്‍ ക്ഷീണിതനായത്. പിന്നീട് പല തവണ കൈകള്‍ മുട്ടിന്‍മേല്‍ താങ്ങി കിതപ്പ് മാറ്റുന്ന ധോനിയെയാണ് കളത്തില്‍ കണ്ടത്. യുഎഇയിലെ അസഹ്യമായ ചൂടാണ് തലയുടെ ശരീരിക വിഷമതകള്‍ക്ക് കാരണമായി പറയുന്നത്.  

ആ ശാരീരിക വിഷമതകള്‍ക്കിടയിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ കഠിന ശ്രമത്തിലായിരുന്നു ധോനി. എന്നാല്‍ ഏഴ് റണ്‍സിന് ചെന്നൈയുടെ പോരാട്ടം അവസാനിച്ചു. അസഹ്യമായ ചൂട് കാരണമാണ് താന്‍ ക്ഷീണിതനായതെന്ന് മത്സര ശേഷം ധോനി പറഞ്ഞു. തൊണ്ട വരള്‍ച്ചയും ചുമയും അനുഭവപ്പെട്ടുവെന്നും നായകന്‍ വ്യക്തമാക്കി. 

36 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 47 റണ്‍സുമായി ധോനി പുറത്താകാതെ നിന്നു. 35 പന്തില്‍ 50 റണ്‍സെടുത്ത ജഡേജ, അഞ്ച് പന്തില്‍ രണ്ട് സിക്‌സ് സഹിതം 15 റണ്‍സ് വാരിയ സാം കറന്‍ എന്നിവരെ കൂട്ടുപിടിച്ച് ധോനി ടീമിനെ വിജയത്തിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നാല് കളികളില്‍ മൂന്ന് തോല്‍വിയുമായി പ്രതിസന്ധിയിലാണ് സിഎസ്‌കെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com