ചെന്നൈക്ക് അതിജീവിക്കേണ്ടത് സുനില്‍ നരെയ്‌നെ; ഓഫ് സ്പിന്നര്‍ക്ക് മുന്‍പില്‍ മുട്ട് വിറക്കുന്നവരില്‍ ധോനിയും ഡുപ്ലസിസും 

ഓപ്പണിങ്ങില്‍  മാറ്റിയാലും ടീമില്‍ നിന്ന് ഇന്ന് നരെയ്‌നിനെ മാറ്റി നിര്‍ത്താന്‍ കൊല്‍ക്കത്ത തയ്യാറാവില്ലെന്ന് ഉറപ്പ്
ചെന്നൈക്ക് അതിജീവിക്കേണ്ടത് സുനില്‍ നരെയ്‌നെ; ഓഫ് സ്പിന്നര്‍ക്ക് മുന്‍പില്‍ മുട്ട് വിറക്കുന്നവരില്‍ ധോനിയും ഡുപ്ലസിസും 

അബുദാബി: തുടരെ രണ്ടാം ജയം തേടിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് മുന്‍പിലെത്തുന്നത്. ഈ സമയം, കൊല്‍ക്കത്ത നിരയില്‍ സുനില്‍ നരെയ്‌നിനെ ഓപ്പണിങ് സ്ഥാനത്ത് നിന്ന് മാറ്റുമോ എന്നതും ആരാധകരില്‍ ആകാംക്ഷ ഉണര്‍ത്തുന്നു. ഓപ്പണിങ്ങില്‍  മാറ്റിയാലും ടീമില്‍ നിന്ന് ഇന്ന് നരെയ്‌നിനെ മാറ്റി നിര്‍ത്താന്‍ കൊല്‍ക്കത്ത തയ്യാറാവില്ലെന്ന് ഉറപ്പ്...ചെന്നൈക്കെതിരായ നരെയ്‌നിന്റെ കണക്കുകള്‍ തന്നെ ഇതിന് കാരണം. 

നരെയ്‌നിന് പകരം രാഹുല്‍ ത്രിപദിയെ ഓപ്പണിങ്ങിലേക്ക് കൊല്‍ക്കത്ത കൊണ്ടുവരാനുള്ള സാധ്യതയുണ്ട്. എന്നാല്‍ പ്ലേയിങ് ഇലവനിലെ സ്ഥാനത്തെ അത് ബാധിക്കില്ല. കളി നടക്കുന്ന അബുദാബി നരെയ്‌നിന്റെ ഇഷ്ട മൈതാനമാണ്. ഇവിടുത്തെ മികച്ച ഐപിഎല്‍ ബൗളിങ് ഫിഗര്‍ നരെയ്‌നിന്റെ പേരിലാണ്. 2014ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ 4-20. 

അതുമാത്രമല്ല, ചെന്നൈ നിരയില്‍ ഫോമില്‍ നില്‍ക്കുന്ന ഡുപ്ലസിസിനാണ് നരെയ്ന്‍ വലിയ ഭീഷണി സൃഷ്ടിക്കുന്നത്. സീസണില്‍ മികച്ച നിലയില്‍ കളിച്ച് വരികയാണ് ഡുപ്ലസിസ്. ഓറഞ്ച് ക്യാപ്പിലേക്ക് എത്താന്‍ ഡുപ്ലസിസിന് ഇനി വേണ്ടത് 21 റണ്‍സ് കൂടിയും. എന്നാല്‍ സ്പിന്നിന് മുന്‍പില്‍ വിറക്കുകയാണ് താരം. 

ഈ സീസണില്‍ താന്‍ സ്‌കോര്‍ ചെയ്തതില്‍ 33 ശതമാനം റണ്‍സ് മാത്രമാണ് ഡുപ്ലസിസ് സ്പിന്നര്‍മാര്‍ക്കെതിരെ കണ്ടെത്തിയത്. 2018ന് ശേഷം 7 വട്ടമാണ് ഡുപ്ലസിസിനെ സ്പിന്നര്‍മാര്‍ പുറത്താക്കിയത്. ഓഫ് സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കാനാണ് ഡുപ്ലസിസ് കൂടുതല്‍ പ്രയാസം നേരിടുന്നത്. ഇത് ഡുപ്ലസിസ് മേലുള്ള നരെയ്‌നിന്റെ ഭീഷണി വലുതാക്കുന്നു. 

ഐപിഎല്ലില്‍ നരെയ്‌നിന് എതിരെ 66.66 ആണ് ഡുപ്ലസിസിന്റെ സ്‌ട്രൈക്ക്‌റേറ്റ്. ഡുപ്ലസിസിന്റെ അഞ്ച് ഇന്നിങ്‌സില്‍ ഒരിക്കല്‍ നരെയ്ന്‍ സൗത്ത് ആഫ്രിക്കന്‍ താരത്തിന്റെ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ടാവും. ഡുപ്ലസിസിന് മാത്രമല്ല, ചെന്നൈ നായകന്‍ ധോനിയും നരെയ്‌നിന് മുന്‍പില്‍ പൂച്ചയാണ്. നരെയ്‌ന് എതിരെ ഐപിഎല്ലില്‍ ഒരു ബൗണ്ടറി പോലും ധോനി ഇതുവരെ നേടിയിട്ടില്ല. ചെന്നൈക്കെതിരെ 6.00 ആണ് നരെയ്‌നിന്റെ ഇക്കണോമി റേറ്റ്, ചെന്നൈക്കെതിരെ ബൗളര്‍മാരില്‍ ഏറ്റവും മികച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com