ഷോര്‍ട്ട് ബോളുകള്‍ക്ക് മുന്‍പില്‍ പതറി വീണ് സഞ്ജു, ഇന്ത്യന്‍ ടീമില്‍ ഇടമില്ലാത്തതിന്റെ കാരണം ഇതെന്ന് വിമര്‍ശനം 

ആദ്യ രണ്ട് കളിയില്‍ മാന്‍ ഓഫ് ദി മാച്ചായി തുടങ്ങിയതിന് പിന്നാലെ മൂന്ന് കളിയില്‍ രണ്ടക്കം കടക്കാതെയാണ് സഞ്ജു സാംസണ്‍ പുറത്തായത്
ഷോര്‍ട്ട് ബോളുകള്‍ക്ക് മുന്‍പില്‍ പതറി വീണ് സഞ്ജു, ഇന്ത്യന്‍ ടീമില്‍ ഇടമില്ലാത്തതിന്റെ കാരണം ഇതെന്ന് വിമര്‍ശനം 

അബുദാബി: ആദ്യ രണ്ട് കളിയില്‍ മാന്‍ ഓഫ് ദി മാച്ചായി തുടങ്ങിയതിന് പിന്നാലെ മൂന്ന് കളിയില്‍ രണ്ടക്കം കടക്കാതെയാണ് സഞ്ജു സാംസണ്‍ പുറത്തായത്. ഇതോടെ ബാറ്റ്‌സ്മാന്മാരെ തുണക്കുന്ന ഷാര്‍ജക്ക് പുറത്ത് അടിതെറ്റി വീഴുന്ന സഞ്ജുവിനെ ലക്ഷ്യമിട്ട് ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. 

നാലാമനായി സഞ്ജു ക്രീസില്‍ എത്തുന്ന സമയം സ്മിത്തിനേയും യശസ്വിയേയും നഷ്ടപ്പെട്ട് നില്‍ക്കുകയാണ് രാജസ്ഥാന്‍. ആവശ്യമായ റണ്‍റേറ്റ് 10ന് മുകളിലും. രാജസ്ഥാന്റെ ഫോമിലുള്ള ബാറ്റ്‌സ്മാനായ സഞ്ജു തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റി ചെയ്‌സിങ്ങില്‍ സാധ്യത നിലനിര്‍ത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ആ പ്രതീക്ഷക്ക് അധികം ആയുസുണ്ടായില്ല. 

ബോള്‍ട്ടിന്റെ ഷോര്‍ട്ട് ഡെലിവറിയില്‍ പുള്‍ ഷോട്ട് കളിക്കാനുള്ള സഞ്ജുവിന്റെ ശ്രമം പിഴച്ചു. ടൈമിങ് തെറ്റിയുള്ള ഷോട്ടില്‍ മിഡ് ഓണില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ അനായാസം സഞ്ജുവിനെ കൈക്കലാക്കി. ഇതോടെ 2.5 ഓവറില്‍ 12-3 എന്ന സ്‌കോറിലേക്ക് രാജസ്ഥാന്‍ വീണു. 

2018ലും, 2019ലും സമാനമാണ് ഈ സീസണിലേയും ഇതുവരെയുള്ള സഞ്ജുവിന്റെ പോക്ക്. കഴിഞ്ഞ രണ്ട് സീസണിലും സഞ്ജു സ്‌കോര്‍ ചെയ്ത റണ്‍സില്‍ 40 ശതമാനവും വന്നത് ആദ്യ മൂന്ന് കളിയില്‍ നിന്നാണ്. ഷോര്‍ട്ട് ബോളുകളാണ് സഞ്ജുവിനെ വലക്കുന്നത്. ഷാര്‍ജയില്‍ അത് വിഷയമായില്ലെന്ന് വ്യക്തം. എന്നാല്‍ ഷാര്‍ജക്ക് പുറത്ത് കളിച്ച മൂന്നില്‍ രണ്ടിലും സഞ്ജുവിന്റെ വിക്കറ്റ് വീണത് ഷോര്‍ട്ട് ബോളിലാണ്. 

സഞ്ജുവിന്റെ സ്ഥിരത ഇല്ലായ്മയാണ് ഇവിടെ കാണുന്നത് എന്ന വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ശക്തമാവുന്നത്. ഷാര്‍ജയില്‍ കളിച്ചപ്പോള്‍ 74, 85 എന്ന സ്‌കോറാണ് സഞ്ജു കണ്ടെത്തിയത്. ഷാര്‍ജക്ക് പുറത്തേക്ക് വന്നപ്പോള്‍ 8,4,0 എന്നതാണ് സഞ്ജുവിന്റെ സ്‌കോറുകള്‍. ഇതുകൊണ്ടാണ് സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് എത്താത്തത് എന്നും, ഗൗതം ഗംഭീറിനെ പോലുള്ളവര്‍ സഞ്ജുവിനെ കുറിച്ച് അതിശയോക്തി കലര്‍ത്തിയാണ് സംസാരിക്കുന്നതെന്നും പ്രതികരണം ഉയരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com