മോഷ്ടാക്കള്‍ക്ക് പശ്ചാത്താപം ഉണ്ടാവാതെ മോഷണം അവസാനിക്കില്ല, പൊലീസായി തുടരാനും എനിക്കാവില്ല: ആര്‍ അശ്വിന്‍ 

'അവിടെ ഫിഞ്ചിനെ പുറത്താക്കാന്‍ ആവശ്യപ്പെടുമായിരുന്നു എന്നാണ് റിക്കി പോണ്ടിങ് എന്നോട് പറഞ്ഞത്'
മോഷ്ടാക്കള്‍ക്ക് പശ്ചാത്താപം ഉണ്ടാവാതെ മോഷണം അവസാനിക്കില്ല, പൊലീസായി തുടരാനും എനിക്കാവില്ല: ആര്‍ അശ്വിന്‍ 

ദുബായ്: മോഷ്ടാക്കള്‍ക്ക് പശ്ചാത്താപമുണ്ടാവാത്ത പക്ഷം മോഷണം അവസാനിക്കില്ലെന്ന് ആര്‍ അശ്വിന്‍. ആരോണ്‍ ഫിഞ്ചിനെ മങ്കാദിങ്ങ് ചെയ്യാതെ മുന്നറിയിപ്പ് നല്‍കിയതിനെ കുറിച്ചായിരുന്നു അശ്വിന്റെ പ്രതികരണം. 

മോഷ്ടാക്കള്‍ക്ക് പശ്ചാത്താപം തോന്നി പിന്മാറാത്ത പക്ഷം മോഷണങ്ങള്‍ അവസാനിപ്പിക്കാനാവില്ല. എല്ലായ്‌പ്പോഴും പൊലീസായി നില്‍ക്കാന്‍ എനിക്കാവില്ല. ആ ട്വീറ്റില്‍ പോണ്ടിങ്ങിനെ ഞാന്‍ ടാഗ് ചെയ്തിരുന്നു. അവിടെ ഫിഞ്ചിനെ പുറത്താക്കാന്‍ ആവശ്യപ്പെടുമായിരുന്നു എന്നാണ് റിക്കി പോണ്ടിങ് എന്നോട് പറഞ്ഞത്. തെറ്റ് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു, ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ പറയുന്നു. 

ഇവിടെ പെനാല്‍റ്റി റണ്‍സ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ഐസിസി കമ്മറ്റിയോട് പോണ്ടിങ് സംസാരിക്കുന്നുണ്ട്. തന്റെ വാക്ക് പാലിക്കാന്‍ അദ്ദേഹം വളരെ അധികം ശ്രമിക്കുന്നുണ്ടെന്നും അശ്വിന്‍ പറഞ്ഞു. ആര്‍സിബിക്കെതിരെ കളിച്ചപ്പോള്‍, ഗ്രൗണ്ടിന്റെ ഒരു ഭാഗത്തെ ബൗണ്ടറി ആയിരുന്നു വലുത്. ബൗണ്ടറി കണ്ടെത്തുക എളുപ്പമല്ല. അവിടെ രണ്ട് റണ്‍സിനായി അവര്‍ ഓടുമെന്നും, ക്രീസ് ലൈനില്‍ നിന്ന് നേരത്തെ കയറി നില്‍ക്കുമെന്നും ഉറപ്പായിരുന്നു. 

ഞാന്‍ അവിടെ ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഒരു സ്വര്‍ണ നിറമുള്ള ഹെല്‍മറ്റ് മുന്‍പോട്ട് പോവുന്നത് കണ്ടു. ഞാന്‍ അവിടെ നിര്‍ത്തി, ആലോചിച്ചു, അപ്പോഴും അദ്ദേഹം ക്രീസ് ലൈനിന് പുറത്താണ്, നോക്കുക മാത്രം ചെയ്തു. പഞ്ചാബിന് വേണ്ടി കളിക്കുന്ന സമയം മുതല്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അതുകൊണ്ട് ഞാന്‍ അത് മുന്നറിയിപ്പില്‍ ഒതുക്കി. ഇങ്ങനെ ക്രീസ് ലൈനിന് പുറത്തിറങ്ങുന്നതിന് 10 റണ്‍സ് വരെ പെനാല്‍റ്റി വിധിക്കണം. അതോടെ ആരും ഇങ്ങനെ ചെയ്യില്ല, അശ്വിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com