40 ഓവറും പിഴച്ചു, വേഗത്തില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിക്കണ്ടേതുണ്ട്: സ്റ്റീവ് സ്മിത്ത് 

'പോസിറ്റീവായിരിക്കുക എന്നതാണ് ഈ സമയം വേണ്ടത്. വേഗത്തില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിക്കണം'
40 ഓവറും പിഴച്ചു, വേഗത്തില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിക്കണ്ടേതുണ്ട്: സ്റ്റീവ് സ്മിത്ത് 

ഷാര്‍ജ: 40 ഓവറും നല്ല ക്രിക്കറ്റ് പുറത്തെടുക്കാനായില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ്റ്റീവ് സ്മിത്ത്. ഡല്‍ഹി ക്യാപിറ്റല്‍സിനോട് 46 റണ്‍സിന്റെ തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് സ്മിത്തിന്റെ വാക്കുകള്‍. 

സമ്മര്‍ദം കൂടി വന്നപ്പോള്‍ പ്ലാന്‍ അനുസരിച്ച് കളിക്കാനായില്ല. ബൗളര്‍മാര്‍ നന്നായി കളിച്ചു. ഷാര്‍ജയിലെ വിക്കറ്റും അനുകൂലമായിരുന്നില്ല. 10-15 എക്‌സ്ട്രാ റണ്‍സ് ഞങ്ങള്‍ വഴങ്ങി. നിലവില്‍ കാര്യങ്ങള്‍ ഞങ്ങളുടെ വഴിയേ വരുന്നില്ല. എനിക്കും നന്നായി ബാറ്റ് ചെയ്യാനായില്ല. മികച്ച ടച്ച് ഫീല്‍ ചെയ്‌തെങ്കിലും പിടിച്ചു നിന്ന് ഞാന്‍ ആഗ്രഹിച്ചത് പോലെ കളിക്കാനായില്ല, സ്മിത്ത് പറഞ്ഞു. 

പോസിറ്റീവായിരിക്കുക എന്നതാണ് ഈ സമയം വേണ്ടത്. വേഗത്തില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിക്കണം. സ്റ്റോക്ക്‌സ് ഏറെ നാളായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ശനിയാഴ്ചയാണ് സ്‌റ്റോക്ക്‌സിന്റെ ക്വാറന്റൈന്‍ അവസാനിക്കുക. ഞായറാഴ്ച സ്‌റ്റോക്ക്‌സിന് കളിക്കാനാവുമോ എന്ന് പരിശോധിക്കുമെന്നും രാജസ്ഥാന്‍ റോയല്‍സ് നായകന്‍ പറഞ്ഞു. 

സീസണില്‍ ഇതുവരെ രണ്ട് കളികളാണ് രാജസ്ഥാന്‍ ജയിച്ചത്. ഇത് രണ്ടും ഷാര്‍ജയിലായിരുന്നു. ഡല്‍ഹിക്കെതിരെ ഷാര്‍ജയില്‍ ഇറങ്ങിയപ്പോള്‍ വിജയ വഴിയിലേക്ക് തിരികെ എത്താന്‍ രാജസ്ഥന് സാധ്യതയുണ്ടായെങ്കിലും രാജസ്ഥാന്‍ ബാറ്റ്‌സ്മാന്മാര്‍ തകര്‍ന്നടിഞ്ഞു. ആറ് കളിയില്‍ നിന്ന് രണ്ട് ജയവും നാല് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍ ഇപ്പോള്‍. 

ഷാര്‍ജയില്‍ നടന്ന ആദ്യ രണ്ട് കളിയിലും സ്റ്റീവ് സ്മിത്ത് മികവ് കാണിച്ചിരുന്നു. 69, 50 എന്നതായിരുന്നു സ്മിത്തിന്റെ സ്‌കോര്‍. എന്നാല്‍ പിന്നെയങ്ങോട്ട് സ്‌കോര്‍ ഉയര്‍ത്താന്‍ സ്മിത്തിന് കഴിഞ്ഞില്ല. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ 17 പന്തില്‍ നിന്ന് 24 റണ്‍സ് നേടിയാണ് സ്മിത്ത് പുറത്തായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com