അടിമുടി ആവേശം, നാടകീയത; ഉജ്ജ്വലമായി തുടങ്ങിയ പഞ്ചാബ് ഒടുവിൽ നനഞ്ഞ പടക്കമായി; ജയം കൊൽക്കത്തയ്ക്കൊപ്പം

അടിമുടി ആവേശം, നാടകീയത; ഉജ്ജ്വലമായി തുടങ്ങിയ പഞ്ചാബ് ഒടുവിൽ നനഞ്ഞ പടക്കമായി; ജയം കൊൽക്കത്തയ്ക്കൊപ്പം
അടിമുടി ആവേശം, നാടകീയത; ഉജ്ജ്വലമായി തുടങ്ങിയ പഞ്ചാബ് ഒടുവിൽ നനഞ്ഞ പടക്കമായി; ജയം കൊൽക്കത്തയ്ക്കൊപ്പം

അബുദാബി: അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരിനൊടുവിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് രണ്ട് റൺസിന്റെ നാടകീയ വിജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസിൽ അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് കണ്ടെത്തിയത്.

ഓപ്പണർമാരായ മായങ്ക് അഗർവാളും ക്യാപ്റ്റൻ രാഹുലും ചേർന്ന് മികച്ച തകർപ്പൻ തുടക്കമാണ് പഞ്ചാബിന് നൽകിയത്. സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി ഇവർ പാകിയ അടിത്തറയിൽ നിന്ന് ടീമിന് വിജയം സമ്മാനിക്കാൻ പിന്നാലെ വന്ന ഒരാൾക്കും സാധിക്കാതെ പോയി. 19ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത് കളിയിൽ വഴിത്തിരിവായി. അവസാന പന്തിൽ ജയിക്കാൻ പഞ്ചാബിന് ഏഴ് റൺസ് വേണമായിരുന്നു. ഈ പന്ത് സിക്സടിച്ചിരുന്നെങ്കിൽ അവർക്ക് സൂപ്പർ ഓവറിലേക്ക് മത്സരം നീട്ടാമായിരുന്നു. എന്നാൽ മാക്‌സ്‌വെല്ലിന്റെ ഷോട്ട് നേരിയ വ്യത്യാസത്തിൽ ഫോറിൽ അവസാനിച്ചതോടെയാണ് കൊൽക്കത്ത നടകീയമായി മത്സരം സ്വന്തമാക്കിയത്.

രാഹുലും മായങ്കും ചേർന്ന ഓപണിങ് സഖ്യം കരുതലോടെ തുടങ്ങി പിന്നീട് കത്തിക്കയറി. മോശം ബോളുകൾ കണ്ടെത്തി പ്രഹരിച്ച ഇരുവരും പവർപ്ലേയിൽ 47 റൺസ് അടിച്ചെടുത്തു. പിന്നാലെ അർധ സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയർത്തി. ആദ്യ പത്തോവറിൽ 76 റൺസും ഇവർ സ്വന്തമാക്കി.

അതിനിടയിൽ രാഹുലിനെ പുറത്താക്കാനുള്ള അവസരം ആന്ദ്രെ റസ്സൽ പാഴാക്കി. ക്യാച്ചെടുക്കുന്നതിനിടെ കാൽമുട്ടിന് പരിക്കേറ്റ റസ്സൽ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. രാഹുൽ 58 പന്തുകൾ നേരിട്ട് ആറ് ഫോറുകൾ സഹിതം 74 റൺസെടുത്തു. മായങ്ക് ആറ് ഫോറും ഒരു സിക്‌സും സഹിതം 39 പന്തിൽ 56 റൺസും കണ്ടെത്തി. നിക്കോളാസ് പൂരൻ പത്ത് പന്തിൽ 16 റൺസെടുത്തു.

ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത കൊൽക്കത്ത തകർച്ചയോടെയാണ് തുടങ്ങിയത്. പിന്നീട് ശുഭ്മാൻ ഗില്ലിന്റെയും ക്യാപ്റ്റൻ ദിനേഷ് കാർത്തിക്കിന്റെയും തകർപ്പൻ പ്രകടനത്തിന്റെ ബലത്തിലാണ് കൊൽക്കത്ത മികച്ച സ്‌കോർ കണ്ടെത്തിയത്. തുടക്കത്തിൽ വലിയ തകർച്ച നേരിട്ട ടീം പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ആദ്യ ഓവറുകളിൽ പഞ്ചാബ് ബൗളർമാർ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്.

കഴിഞ്ഞ മത്സരത്തിലെ ഹീറോ രാഹുൽ ത്രിപാഠിയെ ക്ലീൻ ബൗൾഡ് ചെയ്ത് മുഹമ്മദ് ഷമി കൊൽക്കത്തയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ചു. പിന്നാലെ ക്രീസിലെത്തിയ നിതീഷ് റാണ അനാവശ്യ റണ്ണിന് ശ്രമിച്ച് റൺ ഔട്ടായി. ആദ്യ ഓവറുകളിൽ സ്‌കോറിങ്ങിന് വേഗം കൂട്ടാൻ കൊൽക്കത്ത ബാറ്റ്‌സ്മാൻമാർക്ക് സാധിച്ചില്ല. പവർപ്ലേയിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വെറും 25 റൺസ് മാത്രമാണ് കൊൽക്കത്തയ്ക്ക് നേടാനായത്.

തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും പിന്നീട് പതിയെ മോർഗനും ഗില്ലും ചേർന്ന് ഇന്നിങ്‌സ് കെട്ടിപ്പൊക്കുകയായിരുന്നു. ഇരുവരും ചേർന്ന് 49 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ പിന്നാലെ മോർഗനെ ബിഷ്‌ണോയി മടക്കി.

മോർഗൻ മടങ്ങിയെങ്കിലും ഒരറ്റത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ശുഭ്മാൻ ഗിൽ അർധ സെഞ്ച്വറി സ്വന്തമാക്കി. പിന്നാലെ കൊൽക്കത്ത മൂന്നക്കത്തിലേക്ക് കടന്നു. 15-ാം ഓവറിലാണ് ടീം 100 കടന്നത്. ക്യാപ്റ്റൻ കാർത്തിക്ക് ഈ സീസണിലാദ്യമായി ഫോമിലേക്കുയർന്ന മത്സരമായിരുന്നു ഇത്. ഗില്ലും കാർത്തിക്കും ചേർന്ന് അർധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി. കാർത്തിക്കായിരുന്നു കൂടുതൽ അപകടകാരി. 22 പന്തുകളിൽ നിന്നും ക്യാപ്റ്റൻ അർധ സെഞ്ച്വറി കണ്ടെത്തി.

പിന്നാലെ 47 പന്തുകളിൽ നിന്നും 57 റൺസെടുത്ത ഗിൽ റൺ ഔട്ട് ആയി മടങ്ങി. പിന്നാലെയെത്തിയ റസ്സലിനും കാര്യമായൊന്നും ചെയ്യാനായില്ല. അവസാന ഓവറുകളിൽ അടിച്ചു തകർത്ത കാർത്തിക്കാണ് സ്‌കോർ 160 കടത്തിയത്. അദ്ദേഹം 29 പന്തുകളിൽ നിന്ന് 58 റൺസെടുത്ത് അവസാന പന്തിൽ റണ്ണൗട്ടായി.  

പഞ്ചാബിന് വേണ്ടി യുവ താരങ്ങളായ അർഷ്ദീപ് സിങ്ങും രവി ബിഷ്‌ണോയിയും സീനിയർ താരമായ മുഹമ്മദ് ഷമിയും മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്നു പേരും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com