ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഡല്‍ഹി; രാജസ്ഥാന് വീണ്ടും തോൽവി 

രാജസ്ഥാന്‍ വഴങ്ങുന്ന തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്
ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഡല്‍ഹി; രാജസ്ഥാന് വീണ്ടും തോൽവി 

ഷാര്‍ജ: ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 46 റണ്‍സിന്റെ അനായാസ ജയം. ഡല്‍ഹി ഉയര്‍ത്തിയ 185 റൺസ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 138 റണ്‍സിന് ഓള്‍ ഔട്ട് ആയി. ഇതോടെ ആറു കളികളില്‍ നിന്നും അഞ്ചുജയവുമായി ഡല്‍ഹി പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. 

രാജസ്ഥാന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും തിളങ്ങാനായില്ല. കഴിഞ്ഞ കളിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജോസ് ബട്‌ലറെ അശ്വിന്‍ പുറത്താക്കി. ഓപ്പണറായി ഇറങ്ങിയ യുവതാരം സ്മിത്ത് ജയ്‌സ്വാളിനൊപ്പം സ്റ്റീവ് സ്മിത്ത് മികച്ച കൂട്ടുകെട്ടുമായി മുന്നേറി. ഇരുവരും ചേർന്ന്  41 റണ്‍സ് സ്കോർഹോർഡിൽ ചേർത്തെങ്കിലും 24 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിനെ പുറത്താക്കി ആന്റിച്ച് നോര്‍ഹെ അത് പൊളിച്ചു. നാലാമനായിറങ്ങിയ മലയാളി താരം സഞ്ജു സാസംണും തിളങ്ങാനായില്ല. അഞ്ചുറണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. 38 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. രാജസ്ഥാന്‍ വഴങ്ങുന്ന തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. 

ഡല്‍ഹിയ്ക്കായി റബാദ മൂന്നു വിക്കറ്റുകള്‍ നേടി. അശ്വിന്‍, സ്‌റ്റോയിനിസ് എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീതവും നോര്‍ഹെ, ഹര്‍ഷല്‍ പട്ടേല്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയത് ഡല്‍ഹി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 184 റണ്‍സെടുത്തത്. 24 പന്തില്‍ അഞ്ച് സിക്‌സും ഒരു ഫോറും സഹിതം 45 റണ്‍സെടുത്ത ഹെറ്റ്‌മേയറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. മാര്‍ക്കസ് സ്‌റ്റോയ്‌നിസ് 30 പന്തില്‍ നാല് സിക്‌സുകള്‍ തൂക്കി 39 റണ്‍സും കണ്ടെത്തി. ശ്രേയസ് അയ്യര്‍ 22 റണ്‍സുമായി തിളങ്ങി.

സ്‌കോര്‍ബോര്‍ഡ് 12-ല്‍ നില്‍ക്കെ ശിഖര്‍ ധവാനെ മടക്കി ജോഫ്ര ആര്‍ച്ചര്‍ ഡല്‍ഹിയ്ക്ക് ആദ്യ പ്രഹരം ഏല്‍പ്പിച്ചു. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരും പൃഥ്വി ഷായും ചേര്‍ന്ന് 30 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിച്ച് ആര്‍ച്ചര്‍ വീണ്ടും ഡല്‍ഹിയെ വിറപ്പിച്ചു. ഇത്തവണ പൃഥ്വി ഷായെയാണ് ആര്‍ച്ചര്‍ മടക്കിയത്. പിന്നാലെ ശ്രേയസ്സ് അയ്യരെ മികച്ച ഒരു ത്രോയിലൂടെ യുവതാരം യശസ്വി ജയ്സ്വാള്‍ റണ്‍ ഔട്ട് ആക്കുകയും ചെയ്തു. പിന്നാലെ ക്രീസിലെത്തിയ ഋഷഭ് പന്തിനെയും രാജസ്ഥാന്‍ റണ്‍ ഔട്ടാക്കി.

79 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായ ഡല്‍ഹിയെ പിന്നീട് സ്റ്റോയ്‌നിസും ഹെറ്റ്‌മേയറും മത്സരത്തിലേക്ക് മടക്കിയെത്തിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com