കപ്പലില്‍ നിറയെ ദ്വാരങ്ങളാണ്, ഒന്ന് അടക്കുമ്പോള്‍ മറ്റൊന്നിലൂടെ വെള്ളം കയറും; ടീം അംഗങ്ങള്‍ക്കെതിരെ ധോനി 

'ബാറ്റിങ്ങില്‍ ആശങ്കയുണ്ടായിരുന്നു. അത് ഇന്ന് കൂടുതല്‍ വ്യക്തമായി പ്രകടമാവുകയും ചെയ്തു'
കപ്പലില്‍ നിറയെ ദ്വാരങ്ങളാണ്, ഒന്ന് അടക്കുമ്പോള്‍ മറ്റൊന്നിലൂടെ വെള്ളം കയറും; ടീം അംഗങ്ങള്‍ക്കെതിരെ ധോനി 

ദുബായ്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ തോല്‍വിക്ക് പിന്നാലെ ബാറ്റ്‌സ്മാന്മാരെ പഴിച്ച് നായകന്‍ എംഎസ് ധോനി. കപ്പലില്‍ ഒരുപാട് ദ്വാരങ്ങളുണ്ടെന്നാണ് മത്സരത്തിന് ശേഷം ധോനി പറഞ്ഞത്. 

ബാറ്റിങ്ങില്‍ ആശങ്കയുണ്ടായിരുന്നു. അത് ഇന്ന് കൂടുതല്‍ വ്യക്തമായി പ്രകടമാവുകയും ചെയ്തു. അത് പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. ബിഗ് ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുകയാണെങ്കിലും കുഴപ്പമില്ല. കാരണം 15-16 ഓവറിന് ശേഷം കൂടുതല്‍ ഡോട്ട് ബോളുകള്‍ കളിക്കാനാവില്ല. അത് ലോവര്‍ ഓര്‍ഡര്‍ ബാറ്റിങ് നിരക്ക് വലിയ സമ്മര്‍ദം സൃഷ്ടിക്കും, ധോനി പറഞ്ഞു. 

6ാം ഓവര്‍ മുതല്‍ ഞങ്ങളുടെ ബാറ്റിങ്ങില്‍ പവറിന്റെ കുറവുണ്ടായി. ഓരോ കളിക്കാര്‍ക്കും എത്രമാത്രം ആത്മവിശ്വാസം നമ്മള്‍ നല്‍കിയാലും, എങ്ങനെയാണ് കളിക്കേണ്ടത് എന്നതില്‍ അവര്‍ തന്നെയാണ് പ്ലാന്‍ തയ്യാറാക്കേണ്ടത്. സാഹചര്യങ്ങളോട് ഇണങ്ങാനും, ബൗളര്‍മാരുടെ പദ്ധതികള്‍ മനസിലാക്കി കളിക്കാനും 6-14 ഓവറുകള്‍ക്കിടയില്‍ ഞങ്ങള്‍ക്കായില്ല. 

ബൗളിങ്ങിലേക്ക് വരുമ്പോള്‍ എതിരാളികളെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുമെന്ന് ഞങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കപ്പലില്‍ ഒരുപാട് ദ്വാരങ്ങളുണ്ട്. ഒന്ന് അടക്കാന്‍ നമ്മള്‍ ശ്രമിക്കുമ്പോള്‍ മറ്റൊന്നില്‍ കൂടെ വെള്ളം കടക്കുന്നു. ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്, ധോനി പറഞ്ഞു. 

ഏഴ് കളിയില്‍ നിന്ന് 5 തോല്‍വിയാണ് ചെന്നൈ ഇതുവരെ വഴങ്ങിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ 169 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ നിശ്ചിത ഓവറില്‍ കണ്ടെത്തിയത് 132 റണ്‍സ് മാത്രം. മോശം ഫോമില്‍ നില്‍ക്കുന്ന കേദാര്‍ ജാദവിന് പകരം നാരായണ്‍ ജഗദീഷനെ ഇറക്കിയാണ് ചെന്നൈ എത്തിയത്. ധോനി 6 പന്തില്‍ നിന്ന് 10 റണ്‍സ് നേടി പുറത്തായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com