പതിനായിരം തികച്ച് ഷുഐബ്, അപൂർവ നേട്ടം, ഹൃദ്യമായ പോസ്റ്റുമായി സാനിയ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th October 2020 10:51 AM  |  

Last Updated: 12th October 2020 10:51 AM  |   A+A-   |  

sania

 

പൂർവ്വനേട്ടം കൈവരിച്ചിരിക്കുകയാണ് പാകിസ്താന്റെ മുൻ നായകനും സ്റ്റാർ ഓൾറൗണ്ടറുമായ ഷുഐബ് മാലിക്ക്. ടി20 ക്രിക്കറ്റിൽ 10,000 റൺസ് പൂർത്തിയാക്കിയ ആ‌ദ്യ ഏഷ്യൻ താരം എന്ന റെക്കോർഡ് ഇനി മാലിക്കിന് സ്വന്തം. ലോക ക്രിക്കറ്റിൽ തന്നെ രണ്ടു താരങ്ങൾ മാത്രമേ കുട്ടി ക്രിക്കറ്റിൽ ഈ ‌നേട്ടം കൈവരിച്ചിട്ടുള്ളു. ഇപ്പോഴിതാ ക്രിസ് ഗെയ്‌ലിനും (13,296) പൊള്ളാർഡിനും (10,370) പിന്നാലെ മൂന്നാമനായി മാലിക്കും എലൈറ്റ് ക്ലബ്ബിൽ അംഗത്വം നേടി. 

പാകിസ്താനിൽ നടന്നു കൊണ്ടിരിക്കുന്ന നാഷണൽ ടി20 കപ്പിൽ ബലോചിസ്ഥാനെതിരായ മൽസരത്തിൽ 44 പന്തിൽ 74 റൺസെടുത്തതോടെയാണ് മാലിക്ക് ഈ അപൂർവ്വനേട്ടം കൈവരിച്ചത്. 395 ടി20 മത്സരങ്ങളിൽ നിന്നാണ് മാലിക്ക് 10,000 റൺസ് തികച്ചത്. 62 അർദ്ധ സെഞ്ച്വറികൾ നേടിയിട്ടുണ്ടെങ്കിലും കുട്ടിക്രിക്കറ്റിൽ സെഞ്ച്വറി സ്വപ്‌നം ഇപ്പോഴും പൂവണിഞ്ഞിട്ടില്ല.

ചരിത്രനേട്ടം കുറിച്ച മാലിക്കിനെ ഭാര്യയും ടെന്നീസ് താരവുമായ സാനിയാ മിർസ അഭിനന്ദിച്ചു. ദീർഘായുസ്, ക്ഷമ, കഠിനാധ്വാനം, ത്യാഗം, വിശ്വാസം, ഭർത്താവിന്റെ നേട്ടത്തെ സാനിയ വിശേഷിപ്പിച്ചത് ഈ വാക്കുകൾ കൊണ്ടാണ്. ഹൃദയത്തിന്റെ ഇമോജിയോടു കൂടി ഒരുപാട് അഭിമാനമെന്നും മാലിക്കിനെ ടാ​ഗ് ചെയ്ത് സാനിയ ട്വിറ്ററിൽ കുറിച്ചു. 

കഴിഞ്ഞ വർഷം ജൂലൈയിൽ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ച മാലിക്ക് ഇപ്പോഴും പാകിസ്താന്റെ ടി20 ടീമിൽ കളിക്കുന്നുണ്ട്.