പന്തിന്റെ കാര്യം അനിശ്ചിതത്വത്തിൽ, പരിക്ക് വില്ലനാകുന്നു; ഒരാഴ്ച പുറത്തിരിക്കണം 

കാൽഞരമ്പിന് പരിക്കേറ്റ താരത്തിന് വിശ്രമം ആവശ്യമാണ്
പന്തിന്റെ കാര്യം അനിശ്ചിതത്വത്തിൽ, പരിക്ക് വില്ലനാകുന്നു; ഒരാഴ്ച പുറത്തിരിക്കണം 

അബുദാബി: ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിന് വീണ്ടും പരിക്ക് വില്ലനാകുന്നു.‌ പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ റിഷഭ് പന്തിന് ഒരാഴ്‌ചയെങ്കിലും പുറത്തിരിക്കേണ്ടി വരുമെന്ന് നായകൻ ശ്രേയസ് അയ്യർ സ്ഥിരീകരിച്ചു. കാൽഞരമ്പിന് പരിക്കേറ്റ താരത്തിന് വിശ്രമം ആവശ്യമാണ്. 

വെള്ളിയാഴ്ച രാത്രി രാജസ്ഥാൻ റോയൽസിനെതിരേ നടന്ന മൽസരത്തിനിടെ പന്ത് മുടന്തി നീങ്ങുന്നത് ആരാധകർ കണ്ടിരുന്നു. ഇതിനുപിന്നാലെ താരത്തിന് പരിക്കേറ്റതായി അഭ്യൂഹങ്ങളുമുണ്ടായി. ഇപ്പോൾ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് അയ്യർ. പന്ത് തിരിച്ചുവരുന്നതിനെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നും ഒരാഴ്ചത്തേക്കാണ് താരത്ത്‌ന് ഡോക്ടർ വിശ്രമം നിർദേശിച്ചിരിക്കുന്നതെന്നും അയ്യർ പറഞ്ഞു. ശക്തനായി പന്ത് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐപിഎല്ലിൽ ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരെ റിഷഭ് പന്ത് ഇറങ്ങിയിരുന്നില്ല. മത്സരത്തിൽ ഡൽഹിയെ തോൽപ്പിച്ച മുംബൈ പോയിന്റ് പട്ടികയിലും ഒന്നാമതെത്തി.  ഈ മാസം 14ന് രാജസ്ഥാനും 17ന് ചെന്നൈക്കും എതിരെയാണ് ഡൽഹിയുടെ അടുത്തമത്സരം. 

ഈ സീസണിൽ മിന്നുന്ന പ്രകടനം നടത്തുന്ന ഡൽഹി ടീമിലെ നിർണായക താരങ്ങളിലൊരാളാണ് പന്ത്. പന്തിന് പകരം ടീമിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർമാർ ഇല്ലാത്തത് ഡൽഹിക്ക് തിരിച്ചടിയാണ്. ഈ സീസണിൽ ആറ് മത്സരങ്ങളിൽ 176 റൺസാണ് റിഷഭ് പന്തിൻറെ സമ്പാദ്യം. 38 ആണ് ഉയർന്ന സ്‌കോർ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com