പ്രയത്‌നങ്ങള്‍ ഫലം കാണുന്നു, മികവിനോട് അടുത്തെത്തിയതായി ധോനി 

'സാം കറാന്‍ ഞങ്ങളെ സംബന്ധിച്ച് ഒരു തികഞ്ഞ ക്രിക്കറ്ററാണ്. സീമിങ് ഓള്‍റൗണ്ടറെയാണ് വേണ്ടത്. സ്പിന്നര്‍മാര്‍ക്കെതിരേയും നന്നായി കളിക്കുന്നു'
പ്രയത്‌നങ്ങള്‍ ഫലം കാണുന്നു, മികവിനോട് അടുത്തെത്തിയതായി ധോനി 

ദുബായ്: എല്ലാം ശരിയായി വരുന്നതിന്റെ വക്കിലെത്തി നില്‍ക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്ന് ധോനി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 20 റണ്‍സിന് തോല്‍പ്പിച്ചതിന് പിന്നാലെയായിരുന്നു ധോനിയുടെ വാക്കുകള്‍. 

ആ രണ്ട് പോയിന്റ് നേടുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ചില കളികളില്‍ കാര്യങ്ങള്‍ നമ്മുടെ വഴിയെ വരില്ല. മറ്റു ചിലതില്‍ നമുക്ക് അര്‍ഹത ഇല്ലെങ്കിലും നമ്മുടെ വഴിയെ കാര്യങ്ങള്‍ വരും. ട്വന്റി20 ക്രിക്കറ്റ് പഠിപ്പിക്കുന്ന പാഠം അതാണ്. ഇന്ന് ബാറ്റിങ്ങിലും നന്നായി കൈകാര്യം ചെയ്യാനായി എന്നാണ് കരുതുന്നത്, ധോനി പറഞ്ഞു. 

'ബാറ്റ്‌സ്മാന്മാര്‍ സാഹചര്യങ്ങള്‍ വിലയിരുത്തി. 160 എന്ന ടോട്ടല്‍ മുന്‍പില്‍ വെക്കുമ്പോള്‍ ആദ്യ 6 ഓവറാണ് നിര്‍ണായകമാവുക. ഫാസ്റ്റ് ബൗളര്‍മാര്‍ അവരുടെ ജോലി ചെയ്തു. സ്പിന്നര്‍മാരും മുന്‍പോട്ട് വന്നു. പൂര്‍ണതയോട് അടുത്തെത്താന്‍ സാധിച്ച മത്സരമാണ്' 

'സാം കറാന്‍ ഞങ്ങളെ സംബന്ധിച്ച് ഒരു തികഞ്ഞ ക്രിക്കറ്ററാണ്. സീമിങ് ഓള്‍റൗണ്ടറെയാണ് വേണ്ടത്. സ്പിന്നര്‍മാര്‍ക്കെതിരേയും നന്നായി കളിക്കുന്നു. നമുക്ക് ആവശ്യമായ 15-45 റണ്‍സ് നല്‍കാന്‍ കറാന് സാധിക്കും. ഒരു എക്‌സ്ട്രാ സ്പിന്നറുമായാണ് ഇറങ്ങിയത്. കാരണം, ടീമിലെ ഒരു ഇന്ത്യന്‍ താരത്തിന് മികവ് കാണിക്കാനായില്ല. അതിനാലാണ് കറാന്‍ മുകളിലേക്ക് പോയത്. എന്നാല്‍ ഏഴാമതോ, എട്ടാമതോ ജഗദീഷന്‍ ബാറ്റ് ചെയ്യുന്നത് ശരിയുമല്ല'. 

സ്വിങ് ലഭിക്കുന്നതും ലഭിക്കാത്തതുമായ ഡെലിവറികളും, എക്‌സ്ട്രാ ബൗണ്‍സ് ലഭിക്കുന്ന പേസുകളുമാണ് ദുബായിലെ പിച്ചില്‍ കണ്ടത്. ഒരു നല്ല ഇടംകയ്യന്‍ എപ്പോഴും ടീമിന് മുതല്‍ക്കൂട്ടാണ്. ടൂര്‍ണമെന്റ് മുന്‍പോട്ട് പോവുന്നതോടെ ഡെത്ത് ബൗളിങ്ങില്‍ കൂടുതല്‍ മികവ് കണ്ടെത്താനാവും. അതാണ് സാം കറാനെ ഡെത്ത് ഓവറില്‍ നിന്ന് മാറ്റി താക്കൂറിനേയും ബ്രാവോയേയും അവസാന ഓവറുകളില്‍ കൊണ്ടുവരുന്നത്, ധോനി പറഞ്ഞു. 

ഒരു എക്‌സ്ട്രാ ബാറ്റ്‌സ്മാനെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നു എന്നാണ് ഡേവിഡ് വാര്‍ണര്‍ പ്രതികരിച്ചത്. 160 പ്രയാസമുള്ള ടോട്ടല്‍ അല്ല. പക്ഷേ 160ന് മുകളില്‍ ചെയ്‌സ് ചെയ്യുക എന്നാല്‍ ബുദ്ധിമുട്ടാവും. അടുത്ത മത്സരങ്ങളിലെ ഗ്രൗണ്ടുകള്‍ വിലയിരുത്തി അതിന് അനുസരിച്ച് ടീമുകളെ തെരഞ്ഞെടുക്കണം, വാര്‍ണര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com