102 മീറ്റര്‍ പറത്തിയ ധോനിയുടെ സിക്‌സിനൊപ്പം സഞ്ജുവും; ഏറ്റവും കൂടുതല്‍ ബിഗ് ഹിറ്റുകളിലും മലയാളി താരം ഒന്നാമത് 

സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയ താരം രാജസ്ഥാന്‍ റോയല്‍സിന്റെ സഞ്ജു സാംസണാണ്
102 മീറ്റര്‍ പറത്തിയ ധോനിയുടെ സിക്‌സിനൊപ്പം സഞ്ജുവും; ഏറ്റവും കൂടുതല്‍ ബിഗ് ഹിറ്റുകളിലും മലയാളി താരം ഒന്നാമത് 

ദുബായ്: ഐപിഎല്ലില്‍ 30 കളികള്‍ പിന്നിടുമ്പോഴേക്കും ടൂര്‍ണമെന്റില്‍ കൂറ്റന്‍ സിക്‌സുകള്‍ പല വട്ടം താരങ്ങള്‍ ഗ്രൗണ്ടിന് പുറത്തേക്ക് ഒഴുക്കി. സെപ്തംബര്‍ 22ന് നടന്ന രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തില്‍ മാത്രം പിറന്നത് 33 സിക്‌സുകളാണ്. കൊല്‍ക്കത്തക്കെതിരെ ഡിവില്ലിയേഴ്‌സ് പറത്തിയ സിക്‌സ് രണ്ട് വട്ടമാണ് ഗ്രൗണ്ട് കടന്ന് പോയത്. 

സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയ താരം രാജസ്ഥാന്‍ റോയല്‍സിന്റെ സഞ്ജു സാംസണാണ്. എട്ട് ഇന്നിങ്‌സില്‍ നിന്ന് 18 സിക്‌സുകളാണ് സഞ്ജു പറത്തിയത്. എന്നാല്‍ ടൂര്‍ണമെന്റിലെ കൂറ്റന്‍ സിക്‌സ് സഞ്ജുവിന്റെ പേരില്‍ അല്ല. 

106 മീറ്റര്‍ ദൂരത്തേക്ക് പന്ത് അടിച്ചു പറത്തിയ നിക്കോളാസ് പൂരന്റേതാണ് സീസണിലെ ഇതുവരെയുള്ള കൂറ്റന്‍ സിക്‌സ്. രണ്ടാമത്തേത് 105 മിറ്റര്‍ പറന്ന ജോഫ്ര ആര്‍ച്ചറുടെ സിക്‌സ്. 105 മീറ്റര്‍ പറത്തി നിക്കോളാസ് പൂരന്‍ തന്നെയാണ് മൂന്നാം സ്ഥാനത്തും. 102 മീറ്റര്‍ പറന്ന സിക്‌സോടെ ധോനിയാണ് നാലാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്ത് 102 മീറ്റര്‍ സിക്‌സോടെ സഞ്ജുവും. 

ആദ്യ പത്തില്‍ നില്‍ക്കുന്ന കൂറ്റന്‍ സിക്‌സുകളുടെ പട്ടികയില്‍ മൂന്ന് വട്ടമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം നിക്കോളാസ് പൂരന്റെ പേര് വരുന്നത്. സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് പറത്തിയതില്‍ സഞ്ജുവിന് പിന്നില്‍ നില്‍ക്കുന്നതും പൂരനാണ്. 7 ഇന്നിങ്‌സില്‍ നിന്ന് 16 സിക്‌സ് ആണ് പൂരന്റെ ബാറ്റില്‍ നിന്ന് വന്നത്. 

എട്ട് ഇന്നിങ്‌സില്‍ നിന്ന് 15 സിക്‌സ് പറത്തി രാഹുല്‍ തെവാതിയയാണ് മൂന്നാം സ്ഥാനത്താണ്. 14 സിക്‌സുകളോടെ മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷന്‍ നാലാമതും, രോഹിത് ശര്‍മ അഞ്ചാമതും. ഏറ്റവും കൂടുതല്‍ ഫോറുകള്‍ ഇതുവരെ നേടിയത് കെ എല്‍ രാഹുലാണ്, 14 ഫോറുകളാണ് രാഹുലിന്റെ ബാറ്റില്‍ നിന്ന് ഇതുവരെ വന്നത്. 11 ഫോറുകളോടെ സൂര്യകുമാര്‍ യാദവാണ് രണ്ടാമത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com