ജീവന്മരണ പോരാട്ടത്തിന് പഞ്ചാബ്; ജയം അനിവാര്യം; കത്തുന്ന ആത്മവിശ്വാസവുമായി ബാം​ഗ്ലൂർ

ജീവന്മരണ പോരാട്ടത്തിന് പഞ്ചാബ്; ജയം അനിവാര്യം; കത്തുന്ന ആത്മവിശ്വാസവുമായി ബാം​ഗ്ലൂർ
ജീവന്മരണ പോരാട്ടത്തിന് പഞ്ചാബ്; ജയം അനിവാര്യം; കത്തുന്ന ആത്മവിശ്വാസവുമായി ബാം​ഗ്ലൂർ

ഷാർജ: ഐപിഎല്ലിൽ ഇന്ന് കിങ്സ് ഇലവൻ പഞ്ചാബിന് നിർണായക പോരാട്ടം. റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരിനെ നേരിടാനിറങ്ങുന്ന പഞ്ചാബിന് മുന്നോട്ടുള്ള പോക്ക് സുഖകരമാകണമെങ്കിൽ ഇന്ന് വിജയിക്കണം. മാത്രമല്ല ഇനിയുള്ള എല്ലാ മത്സരങ്ങളും അവർക്ക് വിജയിച്ചാൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാം. ഇന്ന് തോറ്റാൽ പ്രതീക്ഷകൾ അവസാനിപ്പിക്കാമെന്ന് ചുരുക്കം. ഷാർജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30 നാണ് മത്സരം. 

ഈ സീസണിൽ ഇതുവരെ ഒരു വിജയം മാത്രം നേടിയിട്ടുള്ള പഞ്ചാബിന് ഇനിയുള്ള കളികൾ നിർണായകമാണ്. പഞ്ചാബ് ഈ സീസണിൽ ആകെ ജയിച്ചത് ബാംഗ്ലൂരിനോട് മാത്രമാണ്. ഇരു ടീമുകളും ഈ സീസണിൽ രണ്ടാം തവണയാണ് ഏറ്റുമുട്ടുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂർ കളിക്കാനിറങ്ങുന്നത്. ആദ്യം ഏറ്റുമുട്ടിയപ്പോൾ ക്യാപ്റ്റൻ കെഎൽ രാഹുലിന്റെ സെഞ്ച്വറി മികവിൽ 97 റൺസിനാണ് പഞ്ചാബ് ബാംഗ്ലൂരിനെ തകർത്തത്. മികച്ച ടീമായിട്ടും പിന്നീട് ഒരു മത്സരത്തിൽ പോലും പഞ്ചാബിന് ജയിക്കാനായില്ല.

ഇന്നത്തെ മത്സരത്തിൽ പഞ്ചാബിന് വേണ്ടി ക്രിസ് ഗെയ്ൽ കളിച്ചേക്കും. അങ്ങനെയാണെങ്കിൽ ഗ്ലെൻ മാക്‌സ്‌വെല്ലോ ജിമ്മി നീഷമോ ആയിരിക്കും പുറത്തിരിക്കുക. കഴിഞ്ഞ മത്സരങ്ങളിലൊന്നും മാക്‌സ്‌വെല്ലിന് തിളങ്ങാനായില്ല. മായങ്ക് അഗർവാൾ, രാഹുൽ, ക്രിസ് ഗെയ്ൽ, നിക്കോളാസ് പൂരൻ തുടങ്ങിയവർ അണിനിരക്കുന്ന പഞ്ചാബിന്റെ ബാറ്റിങ്‌ നിര ശക്തമാണ്. യുവ താരങ്ങളായ രവി ബിഷ്‌ണോയിയും അർഷ്ദീപ് പട്ടേലും സീനിയർ താരമായ ഷമിയും മികച്ച ബൗളിങ് പ്രകടനം പുറത്തെടുക്കുന്നത് ടീമിന് ആശ്വാസം പകർന്നിട്ടുണ്ട്. 

മറുവശത്ത് കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെയായിരിക്കും ബാംഗ്ലൂർ നിലനിർത്തുക. ദേവ്ദത്ത് പടിക്കൽ, ആരോൺ ഫിഞ്ച്, വിരാട് കോഹ്‌ലി, ഡിവില്ല്യേഴ്‌സ്, ശിവം ദുബെ, ക്രിസ് മോറിസ് എന്നിവരടങ്ങുന്ന ബാറ്റിങ് നിര സുശക്തമാണ്. പ്രധാന ദൗർബല്യമായിരുന്ന ബൗളിങ് വിഭാ​ഗവും ഇപ്പോൾ മികവ് പുലർത്തുന്നുണ്ട്. വാഷിങ്ടൺ സുന്ദറും ചഹലുമാണ് ബൗളിങ് കുന്തമുനകൾ.

ഇരു ടീമുകളും ഇതുവരെ 25 തവണയാണ് ഏറ്റുമുട്ടിയത്. അതിൽ 13 തവണ പഞ്ചാബ് വിജയിച്ചപ്പോൾ 12 തവണ ബാംഗ്ലൂർ ജയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com