തോല്‍വികളില്‍ നിന്നാണ് ഏറെ പഠിച്ചതെന്ന് ഛേത്രി, ജയങ്ങളില്‍ നിന്നും പഠിക്കാനാവണം എന്ന് കോഹ്‌ലിയുടെ തിരുത്ത് 

ജീവിതത്തില്‍ തോല്‍വികളില്‍ നിന്നാണ് കൂടുതല്‍ പാഠം പഠിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി
തോല്‍വികളില്‍ നിന്നാണ് ഏറെ പഠിച്ചതെന്ന് ഛേത്രി, ജയങ്ങളില്‍ നിന്നും പഠിക്കാനാവണം എന്ന് കോഹ്‌ലിയുടെ തിരുത്ത് 

ന്യൂഡല്‍ഹി: ജീവിതത്തില്‍ തോല്‍വികളില്‍ നിന്നാണ് കൂടുതല്‍ പാഠം പഠിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി. തുടരെ ജയങ്ങളിലേക്ക് എത്തുമ്പോള്‍ തന്നില്‍ കൂടുതല്‍ അലംഭാവം പ്രകടമാവുന്നതായും ഛേത്രി പറഞ്ഞു. ഇന്‍സ്റ്റഗ്രാം ലൈവില്‍ കോഹ്‌ലിക്കൊപ്പം സംസാരിക്കുമ്പോഴാണ് ഛേത്രിയുടെ വാക്കുകള്‍. 

ഛേത്രിയുടെ അഭിപ്രായത്തോട് യോജിച്ച കോഹ് ലി, തോല്‍വികളില്‍ നിന്ന് മാത്രമല്ല, ജയങ്ങളില്‍ നിന്നും പ്രതിഫലനം ഉണ്ടാക്കാന്‍ സാധിക്കണം എന്ന് പറഞ്ഞു. എല്ലായ്‌പ്പോഴും നമുക്ക് മെച്ചപ്പെടേണ്ട മേഖലകളുണ്ടാവും. പുതിയ കാര്യങ്ങള്‍ പഠിച്ച് കൂടുതല്‍ മികവ് കാണിക്കണം. ആ സ്ഥിരത കണ്ടെത്താനായാല്‍ കൂടുതല്‍ ബാലന്‍സോടെ മുന്‍പോട്ട് പോവാനാവുമെന്നും കോഹ്‌ലി ചൂണ്ടിക്കാട്ടി. 

കളിക്കളത്തില്‍ മികവ് കാണിക്കാനുള്ള പ്രചോദനത്തെ ചൂണ്ടിയും കോഹ്‌ലിയില്‍ നിന്ന് ഛേത്രിക്ക് നേരെ ചോദ്യം വന്നു. ഒരിക്കലും താന്‍ താരതമ്യപ്പെടുത്തലുകള്‍ നടത്തുന്നില്ലെന്നായിരുന്നു ഛേത്രിയുടെ മറുപടി. എനിക്ക് സാധ്യമായതെല്ലാം നല്‍കാന്‍ ഞാന്‍ ശ്രമിക്കും. എന്താണോ സാധിക്കുന്നത് അതില്‍ ഞാന്‍ സന്തുഷ്ടനാവുകയും, മറന്ന് കളയുകയും ചെയ്യും. ഫുട്‌ബോള്‍ കളിക്കുമ്പോള്‍ അനുഭവിക്കുന്ന സന്തോഷവും, സ്‌നേഹവും അതിശയിപ്പിക്കുന്നതാണ്...

ഞാന്‍ സമ്മര്‍ദത്തിലേക്ക് വീഴില്ല. ആസ്വദിക്കുകയാണ് ചെയ്യുക. കാരണം ഞാന്‍ ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിട്ടില്ലാത്ത ജീവിതമാണ് എനിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. എന്റെ 100 ശതമാനവും നല്‍കാത്ത ഒരു ദിവസം പോലും തനിക്കില്ലെന്നും ഛേത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് പരിശീലനം നടത്താനാവാതെ, പുറത്ത് പോവാനാവാതെ കഴിയുമ്പോള്‍ എങ്ങനെ അതെല്ലാം ഉള്‍ക്കൊള്ളാനാവും എന്ന് ഒരു പിടിയും ഉണ്ടായില്ല. എന്നാല്‍, കളിയേക്കാള്‍ വലുതാണ് ജീവിതം എന്ന് ആ ദിവസങ്ങള്‍ മനസിലാക്കിച്ചു തന്നു, ഛേത്രി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com