വേഗക്കൂടുതലുള്ളവര്‍ ജയിക്കുന്നത് ട്രെന്‍ഡ് ആവുന്നു, പേസിനെ കൈകാര്യം ചെയ്യാനായില്ല: സ്റ്റീവ് സ്മിത്ത് 

'ഡല്‍ഹിയെ 160ല്‍ ഒതുക്കി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ നന്നായി പന്തെറിഞ്ഞു എന്നാണ് തോന്നിയത്'
വേഗക്കൂടുതലുള്ളവര്‍ ജയിക്കുന്നത് ട്രെന്‍ഡ് ആവുന്നു, പേസിനെ കൈകാര്യം ചെയ്യാനായില്ല: സ്റ്റീവ് സ്മിത്ത് 

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍മാരുടെ പേസിനെ കൈകാര്യം ചെയ്യാന്‍ സാധിച്ചില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ്റ്റീവ് സ്മിത്ത്. വായുവിന്റെ വേഗത്തിലുള്ളവര്‍ മികവ് കാണിക്കുന്നത് ടൂര്‍ണമെന്റിലെ ട്രെന്‍ഡ് ആയി മാറി കഴിഞ്ഞെന്നും സ്മിത്ത് പറഞ്ഞു. 

ഡല്‍ഹിയെ 160ല്‍ ഒതുക്കി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ നന്നായി പന്തെറിഞ്ഞു എന്നാണ് തോന്നിയത്. ഓപ്പണിങ് കൂട്ടുകെട്ട് ഞങ്ങള്‍ക്ക് കളിയില്‍ മുന്‍തൂക്കം നേടി തരികയും ചെയ്തു. എന്നാല്‍ ബാറ്റ്‌സ്മാന്മാര്‍ ഔട്ട് ആയിക്കൊണ്ടിരുന്നു. 50, 60 റണ്‍സിലേക്ക് എത്താന്‍ ആര്‍ക്കുമായില്ല, മത്സരത്തിന് ശേഷം സ്മിത്ത് ചൂണ്ടിക്കാട്ടി. 

കൂടുതല്‍ വേഗമുള്ള താരങ്ങള്‍ ജയിക്കുന്ന പ്രവണതയാണ് ടൂര്‍ണമെന്റില്‍ കാണുന്നത്. ജോഫ്ര ആര്‍ച്ചര്‍ക്ക് മികവ് കാണിക്കാനായി. നോര്‍ത്‌ജെക്കും, റബാഡക്കും ആ മുന്‍തൂക്കം ലഭിച്ചു. പേസിലെ വേരിയേഷനുകളിലൂടെ ഇന്ന് കളി പിടിക്കാന്‍ അവര്‍ക്കായി. അത് കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. നിലവില്‍ നല്ല സ്ഥാനത്തല്ല ഞങ്ങള്‍ നില്‍ക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷം വലിയ ജയവുമായി തിരിച്ചു വരാനാവുമെന്നാണ് പ്രതീക്ഷയെന്നും സ്മിത്ത് പറഞ്ഞു. 

ഡല്‍ഹിയുടെ നോര്‍ത്‌ജെയും തുഷാര്‍ ദേഷ്പാണ്ഡേയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അതിനിടയില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഡെലിവറിയും നോര്‍ത്‌ജെയില്‍ നിന്ന് വന്നു. 156.22കിമീ വേഗതയിലാണ് ഡല്‍ഹി പേസറുടെ പന്ത് കടന്നു പോയത്. 

കളിയില്‍ ഡല്‍ഹി ഉയര്‍ത്തിയ 161 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 148 റണ്‍സ്. തോല്‍വിയോടെ രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്തായി. എട്ട് കളിയില്‍ നിന്ന് മൂന്ന് ജയവും അഞ്ച് തോല്‍വിയുമാണ് ഇപ്പോള്‍ രാജസ്ഥാനുള്ളത്. ജയത്തോടെ മുംബൈയെ മറികടന്ന് ഡല്‍ഹി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം പിടിച്ചു. എട്ട് കളിയില്‍ ഡല്‍ഹി തോറ്റത് രണ്ട് എണ്ണത്തില്‍ മാത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com