കത്തിക്കയറിയത് കമ്മിൻസ്; ഒപ്പം നിന്ന് മോർ​ഗനും; മുംബൈയ്ക്ക് ലക്ഷ്യം 149 റൺസ്

കത്തിക്കയറിയത് കമ്മിൻസ്; ഒപ്പം നിന്ന് മോർ​ഗനും; മുംബൈയ്ക്ക് ലക്ഷ്യം 149 റൺസ്
കത്തിക്കയറിയത് കമ്മിൻസ്; ഒപ്പം നിന്ന് മോർ​ഗനും; മുംബൈയ്ക്ക് ലക്ഷ്യം 149 റൺസ്

അബുദാബി: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 149 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. പുതിയ ക്യാപ്റ്റൻ ഓയിൻ മോർഗനാണ് കൊൽക്കത്തയെ നയിച്ചത്.

10.4 ഓവറിൽ അഞ്ച് വിക്കറ്റിന് 61 റൺസെന്ന നിലയിൽ തകർന്നു പോയ കൊൽക്കത്തയെ ആറാം വിക്കറ്റിൽ ഒന്നിച്ച മോർഗൻ - പാറ്റ് കമ്മിൻസ് കൂട്ടുകെട്ടാണ് 148-ൽ എത്തിച്ചത്. ആറാം വിക്കറ്റിൽ ഇരുവരും 57 പന്തുകളിൽ നിന്ന് 87 റൺസാണ് കൂട്ടിച്ചേർത്തത്. 

36 പന്തിൽ നിന്ന് രണ്ട് സിക്‌സും അഞ്ചു ഫോറുമടക്കം 53 റൺസെടുത്ത പാറ്റ് കമ്മിൻസാണ് കൊൽക്കത്ത നിരയിലെ ടോപ് സ്‌കോറർ. 29 പന്തുകൾ നേരിട്ട മോർഗൻ 39 റൺസോടെ പുറത്താകാതെ നിന്നു. രണ്ട് സിക്സുകളാണ് മോർ​ഗനും പറത്തിയത്. 

മൂന്നാം ഓവറിൽ തന്നെ കൊൽക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴ് റൺസെടുത്ത ഓപണർ രാഹുൽ ത്രിപാഠിയെ സൂര്യകുമാർ യാദവ് പറന്നു പിടിക്കുകയായിരുന്നു. പിന്നാലെ നിതീഷ് റാണയും (അഞ്ച്) മടങ്ങി. രാഹുൽ ചാഹർ എറിഞ്ഞ എട്ടാം ഓവറിൽ വമ്പൻ ഷോട്ടിന് ശ്രമിച്ച ശുഭ്മാൻ ഗില്ലിനെ പൊള്ളാർഡ് ക്യാച്ചെടുത്ത് പുറത്താക്കി. 23 പന്തിൽ നിന്ന് 21 റൺസാണ് ​ഗിൽ നേടിയത്. തൊട്ടടുത്ത പന്തിൽ മോശം ഷോട്ടിന് ശ്രമിച്ച് ദിനേഷ് കാർത്തികും (4) വീണു. 

അവസാന പ്രതീക്ഷയായിരുന്ന ആന്ദ്രേ റസ്സൽ ഒമ്പത് പന്തിൽ 12 റൺസുമായി മടങ്ങിയതോടെ കൊൽക്കത്ത ഒരു ഘട്ടത്തിൽ 100 കടക്കില്ലെന്ന് തോന്നിച്ചതാണ്. തുടർന്നായിരുന്നു മോർഗൻ - കമ്മിൻസ് കൂട്ടുകെട്ട്. മുംബൈക്കായി രാഹുൽ ചാഹർ നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com