ഡിവില്ലിയേഴ്‌സിനെ ആറാമനാക്കിയതില്‍ കാരണമുണ്ട്, അതില്‍ കുറ്റബോധവുമില്ല; കോഹ്‌ലി

ഇടംകൈ-വലംകൈ കോമ്പിനേഷന്‍ കൊണ്ടുവരാന്‍ വേണ്ടിയാണ് ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ് പൊസിഷന്‍ മാറ്റിയത്
ഡിവില്ലിയേഴ്‌സിനെ ആറാമനാക്കിയതില്‍ കാരണമുണ്ട്, അതില്‍ കുറ്റബോധവുമില്ല; കോഹ്‌ലി

ഷാര്‍ജ: സാഹചര്യം വിലയിരുത്തിയാണ് ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ് പൊസിഷന്‍ മാറ്റിയതെന്ന് കോഹ്‌ലി. പഞ്ചാബിനോട് എട്ട് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ് സ്ഥാനം മാറ്റിയ ആര്‍സിബിയുടെ തീരുമാനം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 

ഇടംകൈ-വലംകൈ കോമ്പിനേഷന്‍ കൊണ്ടുവരാന്‍ വേണ്ടിയാണ് ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ് പൊസിഷന്‍ മാറ്റിയത്. കാരണം അവര്‍ക്ക് രണ്ട് ലെഗ് സ്പിന്നര്‍മാര്‍ ഉണ്ടായിരുന്നു. ചില സമയം കാര്യങ്ങള്‍ ശരിയായി വരില്ല. എന്നാല്‍ ഞങ്ങള്‍ എടുത്ത തീരുമാനത്തെ ചൊല്ലി ഒരു കുറ്റബോധവും ഇല്ല. അത് ഫലം കണ്ടില്ല എന്നേയുള്ളു, മത്സര ശേഷം കോഹ്‌ലി പറഞ്ഞു. 

170 എന്നത് മാന്യമായ സ്‌കോര്‍ ആണ്. വാഷിങ്ടണ്‍ സുന്ദറിനും ശിവം ദുബെക്കും മികവ് കാണിക്കാന്‍ അവസരം നല്‍കുകയായിരുന്നു. ഞങ്ങളുടെ ബൗളിങ്ങില്‍ അഭിമാനമുണ്ട്. ഇന്ന് രാത്രി കാര്യങ്ങള്‍ നന്നായി വന്നില്ല എന്നേയുള്ളു. അത് ഞങ്ങള്‍ അംഗീകരിക്കുകയും, ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നു. എല്ലായ്‌പ്പോഴും പിന്നിലേക്ക് തിരികെ പോയി കാര്യങ്ങള്‍ മനസിലാക്കാന്‍ ഉണ്ടാവും.

18ാം ഓവറില്‍ കളി കഴിയും എന്നാണ് കരുതിയത്. അവസാനം വരുന്ന സമ്മര്‍ദം നമ്മളെ ആശയ കുഴപ്പത്തിലാക്കും. ഈ കളിയില്‍ എന്തും സംഭവിക്കാം, കോഹ് ലി പറഞ്ഞു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിന് മികച്ച തുടക്കമല്ല ലഭിച്ചത്. കൃത്യമായ ഇടവേളകളില്‍ പഞ്ചാബ് വിക്കറ്റ് വീഴ്ത്തി കൊണ്ടിരുന്നു. 

നാലാം സ്ഥാനത്ത് ഇറങ്ങുന്ന ഡിവില്ലിയേഴ്‌സ് പഞ്ചാബിനെതിരെ ആറാമത് ഇറങ്ങിയപ്പോള്‍ നേടിയത് 5 പന്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രം. കോഹ് ലിക്ക് പിന്നാലെ വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ എന്നിവരെയാണ് ആര്‍സിബി ഗ്രൗണ്ടിലേക്ക് വിട്ടത്. എന്നാല്‍ റണ്‍സ് കണ്ടെത്താന്‍ ഇവരും വിഷമിച്ചു. 39 പന്തിലാണ് ആര്‍സിബിയുടെ ടോപ് സ്‌കോററായി കോഹ് ലി 48 റണ്‍സ് നേടിയത്. അവിടെ കോഹ് ലിയില്‍ നിന്ന് വന്നത് 3 ഫോര്‍ മാത്രം. 

172 റണ്‍സ് ചെയ്‌സ് ചെയ്ത് ഇറങ്ങിയ പഞ്ചാബ് അനായാസം ജയത്തിലേക്ക് നീങ്ങിയെങ്കിലും അവസാന ഓവറില്‍ ചഹല്‍ വട്ടം കറക്കി. അവസാന ഓവറില്‍ രണ്ട് റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍ എന്ന നിലയിലെത്തിയപ്പോള്‍ പൂരന്‍ ലോങ് ഓണിന് മുകളിലൂടെ സിക്‌സ് പറത്തി പഞ്ചാബിനെ സീസണിലെ രണ്ടാം ജയത്തിലേക്ക് എത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com