നായക സ്ഥാനം രാജിവെച്ച് ദിനേശ് കാര്‍ത്തിക്; കൊല്‍ക്കത്തയെ മോര്‍ഗന്‍ നയിക്കും

തന്റെ ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കാര്‍ത്തിക് നായക സ്ഥാനം ഒഴിയുന്നത് എന്ന് കൊല്‍ക്കത്തയുടെ പ്രസ്താവനയില്‍ പറയുന്നു
നായക സ്ഥാനം രാജിവെച്ച് ദിനേശ് കാര്‍ത്തിക്; കൊല്‍ക്കത്തയെ മോര്‍ഗന്‍ നയിക്കും

ദുബായ്: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ നായക സ്ഥാനം ഒഴിഞ്ഞ് ദിനേശ് കാര്‍ത്തിക്. ഇംഗ്ലണ്ട് നായകന്‍ മോര്‍ഗനാണ് സീസണില്‍ ഇനിയുള്ള മത്സരങ്ങളില്‍ കൊല്‍ക്കത്തയെ നയിക്കുക. 

തന്റെ ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കാര്‍ത്തിക് നായക സ്ഥാനം ഒഴിയുന്നത് എന്ന് കൊല്‍ക്കത്തയുടെ പ്രസ്താവനയില്‍ പറയുന്നു. നായക സ്ഥാനം ഒഴിയാനുള്ള തീരുമാനം കാര്‍ത്തിക് സ്വയം എടുത്തതാണെന്ന് വ്യക്തമാക്കുന്ന നിലയിലാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പ്രതികരണം. 

ഇതുപോലൊരു തീരുമാനത്തിലേക്ക് എത്താന്‍ ഒരുപാട് ധൈര്യം വേണ്ടതുണ്ട്. കാര്‍ത്തിക്കിന്റെ തീരുമാനം ഞങ്ങളെ ഞെട്ടിക്കുന്നതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. 2019ലെ ലോക കിരീടം നേടിയ നായകന്‍, ഞങ്ങളുടെ വൈസ് ക്യാപ്റ്റന്‍ ടീമിനെ മുന്‍പോട്ട് നയിക്കാന്‍ തയ്യാറായത് ഭാഗ്യമായി കരുതുന്നു, കൊല്‍ക്കത്തയുടെ പ്രസ്താവനയില്‍ പറയുന്നു. 

2018 സീസണിലാണ് കാര്‍ത്തിക് കൊല്‍ക്കത്തയുടെ നായകനാവുന്നത്. ഗൗതം ഗംഭീറിനെ ടീമില്‍ നിലനിര്‍ത്താന്‍ കൊല്‍ക്കത്ത തയ്യാറാവാതിരിക്കുകയും, ഗംഭീര്‍ ഡല്‍ഹിയിലേക്ക് പോവുകയും ചെയ്തതോടെയാണ് കാര്‍ത്തിക് കൊല്‍ക്കത്തയുടെ നായകനായി എത്തിയത്. 2018ല്‍ നോക്കൗട്ട് ഘട്ടത്തിലേക്കും, 2019ല്‍ അഞ്ചാം സ്ഥാനത്തുമാണ് കാര്‍ത്തിക് കൊല്‍ക്കത്തയെ എത്തിച്ചത്.

ഈ സീസണില്‍ തുടര്‍ ജയങ്ങളിലേക്ക് കൊല്‍ക്കത്തയെ എത്തിക്കാന്‍ ദിനേശ് കാര്‍ത്തിക്കിന് സാധിക്കാതെ വന്നതോടെ താരത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. മോര്‍ഗനെ പോലൊരു താരം പ്ലേയിങ് ഇലവനില്‍ ഉള്ളപ്പോള്‍ ആ താരത്തെയാണ് നായകനാക്കേണ്ടത് എന്നാണ് പ്രതികരണം ശക്തമായത്. ഇന്ന് മുംബൈ ഇന്ത്യന്‍സിനെ കൊല്‍ക്കത്ത നേരിടാന്‍ ഇരിക്കെയാണ് കാര്‍ത്തിക്കിന്റെ പിന്മാറ്റം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com